ഭ്രമയുഗത്തിലേക്ക് ആകര്‍ഷിച്ച മൂന്ന് കാരണങ്ങള്‍; മമ്മൂട്ടി പറയുന്നു
Movie Day
ഭ്രമയുഗത്തിലേക്ക് ആകര്‍ഷിച്ച മൂന്ന് കാരണങ്ങള്‍; മമ്മൂട്ടി പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th February 2024, 1:33 pm

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗം തിയേറ്ററിലേക്ക് എത്തുകയാണ്. സിനിമയില്‍ പരീക്ഷണങ്ങള്‍ തുടരുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ പരീക്ഷണം തന്നെയാണ് ഭ്രമയുഗം. ഒരുപാട് സസ്‌പെന്‍സുകള്‍ നിറച്ച് പുറത്തിറക്കിയ ട്രെയിലര്‍ ആരാധകരിലും പ്രതീക്ഷയേറ്റിയിട്ടുണ്ട്. ഭ്രമയുഗം താന്‍ തിരഞ്ഞെടുക്കാനുണ്ടായ കാരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പ്രസ് മീറ്റില്‍ മമ്മൂട്ടി. തന്നെ ഭ്രമയുഗത്തിലേക്ക് ആദ്യം ആകര്‍ഷിച്ച് ആ കഥാപാത്രമാണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

‘സിനിമയില്‍ നിന്നും എന്താണ് അനുഭവേദ്യമാകുക എന്ന് നേരത്തെ നമുക്ക് പ്രവചിക്കാന്‍ പറ്റില്ല. എന്നെ സംബന്ധിച്ച് എന്നെ ആകര്‍ഷിച്ചത് ആ കഥാപാത്രം തന്നെയാണ്‌. പിന്നെ കാലഘട്ടം, കഥ. പിന്നെ നമ്മള്‍ തീരുമാനങ്ങള്‍ എപ്പോഴും ശരിയായിക്കോളണമെന്നില്ല. പക്ഷേ ഞാന്‍ തീരുമാനിച്ചു. പിന്നെ കഥയുടെ കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് പറയാന്‍ പറ്റില്ല.

നമ്മുടെ പരീക്ഷണങ്ങള്‍ എന്ന് പറയുമ്പോള്‍ സിനിമ തന്നെ ഒരു പരീക്ഷണമാണ്. എല്ലാവരും കണ്ട് ശീലിച്ച് പഴയകിയ കഥ പറയുന്നതും ഒരു പരീക്ഷണമാണ്. സിനിമ തന്നെ പരീക്ഷണമാകുമ്പോള്‍ പരീക്ഷണ ചിത്രം എന്ന് പറയുന്നതില്‍ കാര്യമില്ല. വ്യത്യസ്തത അന്വേഷിക്കാറുണ്ട്. പുതിയ കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമുണ്ട്. സാഹചര്യങ്ങള്‍ ഒത്തുവരുമ്പോള്‍ സമ്മതം മൂളുന്നു. പലതും മനപൂര്‍വം ചെയ്യുന്നതല്ല, മമ്മൂട്ടി പറഞ്ഞു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയായതുകൊണ്ട് തന്നെ അഭിനയിക്കുമ്പോള്‍ എന്തെങ്കിലും രീതിയിലുള്ള വ്യത്യസ്തത തോന്നിയിരുന്നോ എന്ന ചോദ്യത്തിനും മമ്മൂട്ടി മറുപടി നല്‍കി.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമുക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കളര്‍ വ്യത്യാസങ്ങളൊന്നും മനസിലാകില്ലല്ലോ. സിനിമ കാണുമ്പോള്‍ ആണ് അത് മനസിലാകുക. നമ്മള്‍ കുറേ സീനുകളില്‍ അഭിനയിക്കുമെന്നല്ലാതെ പ്രത്യേകിച്ച് ഒരു വ്യത്യസ്തത മനസിലാകില്ല.

പിന്നെ ഈ സിനിമയുടെ പ്രസക്തിയെ കുറിച്ചൊന്നും പറയുന്നില്ല. സിനിമ ഇല്ലാതിരുന്ന കാലാത്താണ് സിനിമ എടുക്കുന്നത്. അതുമാത്രമല്ല ബ്ലാക്ക് ആന്‍ഡ് വൈറ്റ് പുതിയ തലമുറ ഒട്ടും അനുഭവിച്ചിട്ടില്ലാത്തതാണ്. അതൊന്ന് അവര്‍ കണ്ടറിയാം. പിന്നെ ഈ സിനിമ അതിന് പറ്റിയ സിനിമയാണ്.

പണ്ടൊക്കെ ഫ്‌ളാഷ് ബാക്ക് കാണിക്കുമ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കാണിക്കുന്ന രീതിയൊക്കെയുണ്ട്. അതൊക്കെ നമുക്കൊരു പ്രചോദനമാണ്. മാത്രമല്ല ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകള്‍ ഒരു നൊസ്റ്റാള്‍ജിയ ആണ്. പിന്നെ ഹോളിവുഡിലൊക്കെ ഈ രീതിയുണ്ട്. പിന്നെ നമുക്കും വേണ്ടേ ഒരെണ്ണം, മമ്മൂട്ടി ചോദിച്ചു.

Content Highlight: Why Choose Bramayugam Mammootty said the three reasson