വലിയപെരുന്നാളിലെ സന്നോയും ചെക്കുവും പച്ചയും സിനിമയില്‍ എത്തിയ കഥ
Malayalam Cinema
വലിയപെരുന്നാളിലെ സന്നോയും ചെക്കുവും പച്ചയും സിനിമയില്‍ എത്തിയ കഥ
അശ്വിന്‍ രാജ്
Sunday, 29th December 2019, 8:05 pm

വലിയപെരുന്നാള്‍ ആദ്യ ദിനം തന്നെ തിയേറ്ററില്‍ നിന്ന് കണ്ടിറങ്ങിയപ്പോള്‍ കൂടെ കുറെ കഥാപാത്രങ്ങള്‍ കൂടി ഇറങ്ങി വന്നു. അക്കറിന്റെയും പൂജയുടെയും ജീവിതത്തിലെ സുഹൃത്തുക്കളായ സന്നോ, പച്ച, ചെക്കു, ഗഫൂര്‍ ഭായി, മൂസാക്ക, അക്കറിന്റെ ബാപ്പ, തുടങ്ങി പേരറിയാത്ത കുറെ അധികം പേര്‍.

ഇതൊക്കെ ആരാണ് എന്ന അന്വേഷണമാണ് ശരിക്കും ഞെട്ടിച്ചത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളില്‍ പലരെയും മട്ടാഞ്ചേരിയില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുമെല്ലാം അണിയറ പ്രവര്‍ത്തകര്‍ കണ്ടെത്തിയതാണ്. പലരും ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ വിവിധ ജോലി ചെയ്യുന്നവര്‍, അതില്‍ ചുമട്ട് തൊഴിലാളിയുണ്ട്, പ്ലബിംഗ് പണിക്ക് പോകുന്നവരുണ്ട്. സോഷ്യല്‍ വര്‍ക്കറുണ്ട്. അങ്ങനെ പലരും. ഇവരില്‍ പലരും കുട്ടിക്കാലം മുതല്‍ ഉറ്റ ചങ്ങാതിമാരാണ് എന്നുള്ളതാണ് സത്യം.

കട്ട ചങ്കായ സന്നോയും പച്ചയും, ഹറാംപിറപ്പിന്റെ ഉസ്താദായ ചെക്കുവും

കുട്ടിക്കാലം മുതല്‍ കട്ട സുഹൃത്തുക്കളായ താഹിര്‍ ഹുസൈനും അബ്ദുല്‍ കലാമുമാണ് വലിയ പെരുന്നാളില്‍ സകല തട്ടിപ്പുകളുടെയും ഉസ്താദായ സന്നോയും അക്കറിന്റെ ഏറ്റവും അടുത്ത സുഹൃത്തായ പച്ചയുമായത്.

കൊച്ചിയില്‍ പ്ലബ്ലിംഗ് കോണ്‍ട്രാക്ടറാണ് താഹിര്‍, ചുമട്ട് തൊഴിലാളിയാണ് അബ്ദുല്‍ കലാം. സ്വപ്‌നത്തില്‍ പോലും ഒരു സിനിമയില്‍ അഭിനയിക്കുമെന്ന് ഇരുവരും കരുതിയിട്ടില്ല. തങ്ങളെ പോലെ ഉള്ള സാധാരണക്കാര്‍ ഒക്കെ സിനിമയില്‍ എത്തുമെന്ന് എങ്ങിനെയാണ് വിശ്വസിക്കുക എന്നാണ് ഇവര്‍ ചോദിക്കുന്നത്.

സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ തക്കു എന്ന് വിളിക്കുന്ന തസ്‌റീക് പറഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരും സിനിമയിലെ ഓഡീഷനില്‍ പങ്കെടുക്കുന്നത്. അതിന്റെ കഥ സന്നോയായ താഹിര്‍ തന്നെ പറയട്ടെ

‘സിനിമ തുടങ്ങുന്നതിന് മുമ്പ് തക്കു വന്നു പറഞ്ഞു സിനിമ തുടങ്ങുകയാണ് എല്ലാ സാഹായവും വേണം എന്ന്. സിനിമയ്ക്കുള്ള എല്ലാ സഹായവും തരും എന്നെ ആക്ടിങ്ങിലേക്ക് വിളിക്കരുത് എന്ന് പറഞ്ഞിരുന്നു. പിന്നെ സംവിധായകന്‍ ഡിമല്‍ ഭായ് ആദ്യം ഒരു 800 പേരെ വെച്ച് എറണാകുളത്ത് ഒരു ഓഡീഷന്‍ വെച്ചു. പക്ഷേ പുള്ളിയുടെ താല്‍പ്പര്യമുള്ള ആരെയും കിട്ടിയില്ല. അതിന് ശേഷം ഇവിടെ ഒരു ഓഡീഷന് വെച്ചു, അതില്‍ പച്ചയടക്കം ഉള്ള എന്റെ സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞു. അങ്ങനെ അവര് ഓഡീഷനില്‍ പോയി, ഞാനും ഉണ്ടായിരുന്നു അവിടെ. എന്നോട് ഒന്ന് നോക്കികൂടെ എന്നൊക്കെ തക്കു ചോദിച്ചു. ഞാന്‍ പറഞ്ഞു ഇപ്പം ഇറങ്ങി പോകും അത് അവര്‍ക്കും ഒരു നെഗറ്റീവ് ആയിരിക്കും എന്ന്. അങ്ങനെ അവരത് വിട്ടു. പിന്നെ ഒരു ഓഡീഷന്‍ കൂടി വെച്ചു. അതില്‍ പങ്കെടുത്തവര്‍ക്ക് എല്ലാം കിട്ടി. ഒരു ക്യാംപ് ഒക്കെ ആരംഭിച്ചു. അപ്പോഴും ഈ സന്നോ എന്ന കഥാപാത്രത്തിനെ അവര്‍ക്ക് കിട്ടിയിട്ടില്ലായിരുന്നു’.

‘ഒരു ദിവസം ലൊക്കേഷന്‍ നോക്കാനാണെന്ന് പറഞ്ഞ് ഡിമല്‍ ഭായിയും തക്കും കൂടി എന്റെ വീട്ടില്‍ വന്നു അവര് പോയി. പിന്നെയും തക്കു എന്നെ നിര്‍ബന്ധിച്ചു, ഞാനില്ലെന്ന് തന്നെ പറഞ്ഞു. അപ്പോള്‍ അവന്‍ ചോദിച്ചു എന്താണ് എന്റെ പ്രശ്‌നം എന്ന്, ശരിക്കും അഭിനയം എന്ന് പറയുന്നത് നന്നായി അറിയുന്നവര്‍ ചെയ്യേണ്ട കാര്യമാണ്. എനിക്ക് അത് പറ്റില്ല എന്ന്. അതോണോ നിന്റെ പ്രശ്‌നം സാരമില്ല നാളെ എന്റെ കൂടെ വാ എന്ന് തക്കു പറഞ്ഞു. അപ്പോഴേക്കും അവിടെ ക്യാംപ് തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞിരുന്നു. ഞാന്‍ അവിടെ പോയി മുട്ടൊക്കെ വിറച്ചു. ആര്‍ട്ട് ലാബിന്റെ സജീവ് സാര്‍ ആയിരുന്നു അവിടെ ക്ലാസ് എടുത്തിരുന്നത്, എന്റെ സുഹൃത്തുക്കള്‍ ഒക്കെ ഉണ്ട്. എന്നെ പോലെ തന്നെ ഉള്ള ആളുകളാണ് അവിടെ ഉള്ളത്. അവര്‍ക്കൊക്കെ നല്ല മാറ്റം ഉണ്ട്. എനിക്ക് ആണെങ്കില്‍ നല്ലപ്പോലെ സഭാകമ്പം ഒക്കെ ഉണ്ടായിരുന്നു. ഞാന്‍ അവിടെ പോയി എന്റെ പേര് പറഞ്ഞു. എനിക്ക് തന്ന ഡയലോഗ് പെട്ടന്ന് പറഞ്ഞു തീര്‍ത്തു. ശരിക്കും സീറോയില്‍ നിന്നാണ് അത് തുടങ്ങിയത്. പക്ഷേ പറഞ്ഞ് കഴിഞ്ഞപ്പോള്‍ അവര് കൈയ്യടിച്ച് നന്നായി എന്നൊക്കെ പറഞ്ഞ് നൂറില്‍ കൊണ്ട് പോയി നിര്‍ത്തി’

പക്ഷേ ‘സന്നോ’യുടെ ഓഡീഷന്‍ അതിന് മുമ്പ് തന്നെ കഴിഞ്ഞിരുന്നു. അന്ന് വീട്ടില്‍ വന്ന് തന്നെ കണ്ടതായിരുന്നു തന്റെ ഓഡീഷന്‍ എന്ന് ഷൂട്ടിംഗ് പകുതിയായപ്പോളാണ് സംവിധായകന്‍ ഡിമല്‍ പിന്നീട് താഹിറിനോട് പറഞ്ഞത്.

എന്നാല്‍ താന്‍ ഒരു തമാശയ്ക്ക് ഓഡീഷനില്‍ പങ്കെടുത്തതായിരുന്നെന്നാണ് ചെക്കു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷാലിന്‍ സുകുമാരന്‍ പറയുന്നത്. കൊച്ചി കലൂരിലെ കെ.കെ റോഡ് സ്വദേശിയാണ് ഷാലിന്‍.

സിനിമയിലെ ചെക്കു എന്ന കഥാപാത്രം എങ്ങിനെയാണോ അതിനെക്കാളും ഹറാംപിറപ്പ് ആണ് താന്‍ എന്നാണ് ഷാലിന്‍ പറയുന്നത്. സിനിമയിലെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ ജെ.കെ എന്ന ജയകൃഷ്ണന്‍ പറഞ്ഞിട്ടാണ് ‘ചെക്കു’ ആവുന്നതിന് ഷാലിന്‍ എത്തുന്നത്.

ഓഡീഷന്‍ എന്താണ് എന്ന് അറിയാന്‍ തമാശയ്ക്ക് പോയതാണ് താന്‍ എന്നാണ് ഷാലിന്‍ പറയുന്നത്. സിനിമയോട് വലിയ താല്‍പ്പര്യമില്ലാത്തയാളാണ് താന്‍, അവസാനമായി തിയേറ്ററില്‍ പോയി കണ്ട പടം ഉട്താ പഞ്ചാബും കമ്മട്ടിപ്പാടവും ആണെന്നാണ് ഷാലിന്‍ പറയുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള ലൈംഗീക ആരോഗ്യ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഒരു എന്‍.ജി.ഒ വര്‍ക്കറാണ് ഷാലിന്‍.

ഖത്തറിന്ന് ഉമ്മച്ചി പോലും വിളിച്ചു പച്ചേന്ന്…

ഉമ്മച്ചിയും മക്കളും എല്ലാം ഇപ്പോള്‍ തന്നെ പച്ചേ എന്നാണ് വിളിക്കുന്നതെന്നാണ് അബ്ദുല്‍ കലാം പറയുന്നത്. ‘ഒരിക്കലും വിചാരിച്ചിട്ടില്ല ഒരു സിനിമയില്‍ എത്തും എന്ന്. ചുമട്ട് തൊഴിലാളിയായ ഒരാള്‍ സിനിമയില്‍ അഭിനയിക്കുക എന്നൊക്കെ പറയുന്നത് വലിയ കാര്യമാണ്’

‘എന്റെ ഉമ്മച്ചി ഖത്തറിലാണ് ഉള്ളത് അവിടെ നിന്നാണ് സിനിമ കണ്ടത്. പെങ്ങളും ഫാമിലിയും അവിടെ സെറ്റില്‍ഡ് ആണ്. അവിടെനിന്ന് വിളിച്ചു. ഫോണ്‍ എടുത്തപ്പോള്‍ പച്ചേ എന്നാണ് ഉമ്മ ആദ്യം വിളിച്ചത്. അതൊക്കെയാണ് ഏറ്റവും വലിയ സന്തോഷം. മൂന്ന് മക്കളാണ് ഉള്ളത്. അവരൊക്കെ ഇപ്പോള്‍ പച്ചേ എന്ന് വിളിക്കും അതൊക്കെ വലിയ സന്തോഷമാണ്’ അബ്ദുല്‍ കലാം പറയുന്നു.

സിനിമയില്‍ അഭിനയിക്കുന്നതിന് കൂടെ നിന്ന് എല്ലാവരും നന്നായി സഹായിച്ചു. ജോജു, നിഷാന്ത് സാഗര്‍, ഷെയ്ന്‍ നിഗം പിന്നെ ചിത്രത്തിലെ സംവിധായകന്‍ ഡെന്നീസ് ഭായി ഒക്കെ എല്ലാവരും നല്ല സപ്പോര്‍ട്ട് ആയിരുന്നു. അവിടെ ഉള്ളവര്‍ എല്ലാവരും നമ്മളേക്കാള്‍ എക്‌സിപീരിയന്‍സ് ആയിരുന്നു. പച്ചയെന്ന അബുദുല്‍ കലാം പറഞ്ഞുനിര്‍ത്തി.

 

ഒടുവില്‍ സംവിധായകനും പറഞ്ഞു, ചെക്കുവിനേക്കാള്‍ വലിയ വെറുപ്പിക്കല്‍ ആണ് ഞാനെന്ന്‍

സിനിമയിലെ ചെക്കുവിനേക്കാള്‍ വലിയ വെറുപ്പിക്കലാണ് താന്‍ എന്നാണ് ഷാലിന്‍ പറയുന്നത്. നമ്മള്‍ എല്ലാം പയറ്റി അവസാനമാണ് സിനിമയില്‍ ഒന്ന് നോക്കാം എന്ന് വെച്ചത്. ഹറാംപിറപ്പില്‍ പി.എച്ച്.ഡി എടുത്ത ആളാണ് താന്‍. സിനിമയുടെ സംവിധായകന്‍ തന്നെ അവസാനം പറഞ്ഞു ചെക്കുവിനേക്കാളും വെറുപ്പിക്കലാണ് താന്‍ എന്ന്. പൊട്ടിച്ചിരിച്ച് കൊണ്ട് ഷാലിന്‍ പറയുന്നു.

അഭിനയവുമായി ഒരു ബന്ധവും ഇല്ലത്തയാളാണ് താന്‍. ജീവിതത്തില്‍ മാത്രമാണ് അഭിനയിച്ചിരിക്കുന്നത്. ശരിക്കും എന്നെ ഒന്നരക്കൊല്ലം അവര്‍ തീറ്റിപോറ്റി. ഡിമലിന്റെ കൊയ്യൊപ്പ് ഉള്ള സിനിമയാണ് ഇത്,

സിനിമയില്‍ താന്‍ സഞ്ജയ് ദത്തിന്റെ കടുത്ത ഫാന്‍ ആണെങ്കിലും ഇന്നെ വരെ ഒരു സഞ്ജയ് ദത്ത് സിനിമ പോലും തന്‍ കണ്ടിട്ടില്ല. തന്നോട് ചില സിനിമകള്‍ കാണാന്‍ നിര്‍ബന്ധിച്ചിരുന്നു. പക്ഷേ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ അനാവശ്യമായി ഞാന്‍ ചിലത് കോപ്പി ചെയ്‌തേനെ ഷാലിന്‍ പറഞ്ഞു. തനിക്ക് മലയാളം അടക്കം അഞ്ചു ഭാഷകള്‍ അറിയാം. സക്കൂളില്‍ പഠിക്കുമ്പോള്‍ ഹിന്ദിക്കാണ് അത്യാവശ്യം മാര്‍ക്ക് ലഭിച്ചത് അത് കൊണ്ട് സിനിമയിലെ ഹിന്ദി ഡയലോഗ് തനിക്ക് വലിയ പ്രശ്‌നമില്ലായിരുന്നെന്നും ഷാലിന്‍ പറഞ്ഞു.

നമ്മള്‍ക്ക് പ്രാന്തായത് ആണോ അതോ അവര്‍ക്കോ ?

കൊച്ചിയില്‍ ജനിച്ച് വളര്‍ന്നവരാണ് ഞങ്ങള്‍, ഇപ്പം പുറത്ത് ഒക്കെ പോകുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നുണ്ട്. പച്ചയല്ലെ സന്നോ അല്ലെ എന്നൊക്കെ ചോദിക്കും. ഒരിക്കലും വിചാരിച്ചിരുന്നില്ല ഇത്തരത്തില്‍ സിനിമയില്‍ എത്തുമെന്ന്. നമ്മള് ഇങ്ങനെ പുറത്ത് ഒക്കെ നിക്കുമ്പോ ആളുകള്‍ വന്ന് സംസാരിക്കും. ഫോട്ടോ ഒക്കെ എടുത്തോട്ടെ എന്ന് ചോദിക്കുമ്പോ ശരിക്കും നമ്മള്‍ക്ക് പ്രാന്തായത് ആണോ അതോ അവര്‍ക്ക് പ്രാന്ത് ആയതാണോ എന്നൊക്കെ തോന്നും അബ്ദുല്‍ കലാം ചിരിക്കുന്നു.

കഴിഞ്ഞ ദിവസം ഒബ്‌റോണ്‍ മാളില്‍ താനും അബ്ദുവും പോകുന്നതിനിടയ്ക്ക് ട്രാഫിക് സിഗിനലിന്റെ അടുത്ത് വെച്ച് ഒരു കാറില്‍ ഇരുന്ന് ദമ്പതികള്‍ ഉറയ്‌ക്കെ സന്നോ പച്ചെ എന്ന് വിളിച്ച് അഭിനന്ദിച്ചത് മറയ്ക്കാന്‍ കഴിയില്ലെന്നാണ് താഹിര്‍ പറയുന്നത്.

തന്നെയും ആളുകള്‍ തിരിച്ചറിയുന്നുണ്ട് എന്ന് ഷാലിന്‍ പറഞ്ഞു. ഞാന്‍ തല വെച്ച് കൊടുക്കാറില്ല. എനിക്ക് ആളുകളുടെ ഇടയില്‍ തല വെയ്ക്കുന്നതിന് വലിയ താല്‍പ്പര്യമില്ല. ഇപ്പം പക്ഷേ നാട് ഓടുമ്പോള്‍ നടുവെ ഓടാന്‍ ശ്രമിക്കുകയാണ് ഷാലിന്‍ പറയുന്നു.

പുതിയ അവസരങ്ങള്‍ വന്ന് തുടങ്ങി

സിനിമയുടെ ഇടയ്ക്ക് തന്നെ ഗോപന്‍ ചിദംബരത്തിന്റെ തുറമുഖം എന്ന നാടകത്തില്‍ അഭിനയിക്കാന്‍ താഹിറിന് അവസരം കിട്ടി. സംവിധായകന്‍ ഡിമല്‍ ഡെന്നീസ് തന്നെയാണ് തുറമുഖത്തിന്റെ ഓഡീഷന് പറഞ്ഞ് അയച്ചതെന്ന് താഹിര്‍ പറഞ്ഞു. പിന്നീട് രാജീവ് രവി തുറമുഖം സിനിമയാക്കിയപ്പോള്‍ സിനിമയിലും അതേ കഥാപാത്രത്തിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നും താഹിര്‍ പറയുന്നു.

‘കുറെ പേര്‍ ഇപ്പോള്‍ ഫോണിലൂടെ വിളിച്ച് അഭിനന്ദിക്കുകയും ഉദ്ഘാടനത്തിനും മറ്റും ക്ഷണിക്കുകയും ചെയ്യുന്നുണ്ട്’ ഷാലിന്‍ പറഞ്ഞു. സിനിമകളില്‍ തനിക്ക് കംഫര്‍ട്ട് ആണെങ്കില്‍ അഭിനയിക്കുമെന്നും ഷാലിന്‍ പറഞ്ഞു.

DoolNews Video

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.