ഇന്ന് ഏപ്രില്‍ 14. ഇന്ത്യ മാഹാരാജ്യത്തിന്റെ ഭരണഘനാശില്പിയായ ബാബാസാഹെബ് അംബേദ്കറിന്റെ 129 ാം ജന്മദിനം. അംബേദ്കറുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന വാര്‍ത്തകൂടി ഈ ദിവസത്തിലുണ്ട്. രാജ്യത്തെ ഏറ്റവും പ്രമുഖനായ ദളിത് സൈദ്ധാന്തികനും ഗ്രന്ഥകാരനും അംബേദ്കറിന്റെ കുടുംബാംഗവുമെല്ലാമായ ഡോ. ആനന്ദ് തെല്‍തുംദെ ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നു.
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യം കൂടുതല്‍ ഗുരുതരമായ സാഹചര്യങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സമയമാണിത്. ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന രാജ്യവ്യാപകമായ ലോക്ഡൗണിലൂടെ ജനങ്ങള്‍ പരസ്പരം ഇടകലരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഘട്ടം. കൊവിഡ് വ്യാപനത്തിന്റെ സാധ്യത കുറയ്ക്കുന്നതിനായി രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന വിചാരണ തടവുകാരില്‍ 7 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ളവരെയെല്ലാം ജാമ്യവ്യവസ്ഥയില്‍ വിട്ടയയ്ക്കണമെന്ന കോടതി നിര്‍ദേശം വന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്. പക്ഷേ, അപ്പോഴും ഒരു കാര്യത്തില്‍ മാത്രം ഭരണകൂടത്തിന് യാതൊരു വിട്ടുവീഴ്ചയുമില്ല. ഇന്ത്യയിലെ പ്രമുഖ ബുദ്ധിജീവിയും ദളിത് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമായ ആനന്ദ് തെല്‍തുംദെയെ വേട്ടയാടുന്നതില്‍.
എന്തുകൊണ്ടാണ് ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടത്തിന് ആനന്ദ് തെല്‍തുംദെയെ ജയിലിലടച്ചേ തീരൂ എന്ന് ഇത്ര വാശി? ആരാണീ ആനന്ദ് തെല്‍തുംദെ?
മഹാരാഷ്ട്രയിലെ യവാത്മാല്‍ ജില്ലയിലെ രജുര്‍ എന്ന സ്ഥലത്ത് ഒരു ദളിത് കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആനന്ദ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയതിന് ശേഷം അഹമ്മദാബാദ് ഐ.ഐ.എമ്മില്‍ നിന്ന് എം.ബി.എയും കര്‍ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടി. ഭാരത് പെട്രോളിയത്തിന്റെ എക്‌സിക്യൂട്ടീവ് ആയും പെട്രോണെറ്റ് ഇന്ത്യാ ലിമിറ്റഡിന്റെ മാനാജിംഗ് ഡയറക്ടറായുമെല്ലാം പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് തത്പരമേഖലയായ അക്കാദമിക രംഗത്തേക്ക് കടന്നുവരികയായിരുന്നു.
കരഖ്പൂര്‍ ഐ.ഐ.ടിയിലെ അധ്യാപകനായി അക്കാദമിക് ജീവിതം ആരഭിച്ച ആനന്ദ് പിന്നീട് ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ സീനിയര്‍ പ്രൊഫസര്‍ ആയി മാറി. ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ അദ്ദേഹം അക്കാലത്താരംഭിച്ച ‘മാര്‍ജിന്‍ സ്പീക്’ എന്ന കോളത്തിലൂടെയാണ് ആനന്ദ് തെല്‍തുംദെ എന്ന രാഷ്ട്രീയ ചിന്തകനെ രാജ്യത്തെ സാമൂഹിക രാഷ്ട്രീയ രംഗം അറിഞ്ഞുതുടങ്ങിയത്. പിന്നീട് വന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളുമെല്ലാം നിരവധി രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിക്കുകയും ചെയ്തു.
ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടും ഇന്ത്യയിലെ ദളിത് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും നിരവധി പഠനങ്ങളും പുസ്തകങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. ഇതില്‍ കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ‘റിപബ്‌ളിക് ഓഫ് കാസ്റ്റ്’എന്ന ഗ്രന്ഥം ജാതി വ്യവസ്ഥയേയും അതിനെതിരായ പോരാട്ടങ്ങളെയും വളരെ ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രവുമായും സമകാലീന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടും ദാര്‍ശനികമായും അല്ലാതെയുമുള്ള അദ്ദേഹത്തിന്റെ നിരവധി എഴുത്തുകള്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വന്നുകൊണ്ടിരുന്നു. ഇതില്‍ ബഹുഭൂരിപക്ഷവും ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കാപട്യങ്ങളെ തുറന്നുകാണിക്കുന്നവയും ബി.ജെ.പി ഭരണകൂടത്തിനെതിരായ രൂക്ഷവിമര്‍ശനങ്ങളുമായിരുന്നു.
2018 ആഗസ്റ്റ് 29 ന് ഗോവയിലെ ആനന്ദ് തെല്‍തുംദെയുടെ വീട്ടില്‍ നടന്ന ഒരു പൊലീസ് റെയിഡോടുകൂടിയാണ് അദ്ദേഹത്തിന് നേരെയുള്ള ഭരണകൂടവേട്ട ആരംഭിക്കുന്നത്. 2018 ജനുവരി 1 ന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷങ്ങളുടെ ആസൂത്രകരിലൊരാളായി ആനന്ദ് തെല്‍തുംദെയെയും പട്ടികയില്‍ പെടുത്തിയ പൊലീസ്, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുന്നതിനായുള്ള മാവോയിസ്റ്റ് ഗൂഢാലോചന എന്ന പൊലീസ് ആരോപിക്കുന്ന കുറ്റകൃത്യത്തിലും അദ്ദേഹത്തെ പെടുത്തുകയായിരുന്നു. ഇതുപ്രകാരം അദ്ദേഹത്തിന് നേരെ യു.എ.പി.എ കുറ്റം ചുമത്തുകയും ചെയ്തു.
2020 ജനുവരിയില്‍ കേസ്സില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ആനന്ദ് തെല്‍തുംദെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഫെബ്രുവരിയില്‍ പൂനൈ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഈ ഘട്ടത്തിലൊരിക്കല്‍ അഭിഭാഷകനെ കാണാനായി മുംബെയിലേക്ക് പേവുകയായിരുന്ന അദ്ദേഹത്തെ ഫെബ്രുവരി മൂന്ന് പുലര്‍ച്ചെ 3.30 ന് പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കോടതി അദ്ദേഹത്തിന് നാലാഴ്ച സാവകാശം നല്‍കി വിട്ടയയ്ക്കുകയായിരുന്നു. പിന്നീട് സുപ്രീം കോടതിയിലും അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും മാര്‍ച്ച് 16 ന് സുപ്രീം കോടതിയും ജാമ്യാപേക്ഷ നിരസിക്കുകയും കീഴടങ്ങുന്നതിനായി മൂന്നാഴ്ച സമയം അനുവദിക്കുകയുമായിരുന്നു.
യഥാര്‍ത്ഥത്തില്‍ എന്താണ് ഭീമ കൊറേഗാവ് സംഭവമെന്നതും ആനന്ദ് തെല്‍തുംദെയ്ക്ക് ഇതുമായി എന്ത് ബന്ധമാണുള്ളതെന്നും ഇവിടെ പരിശോധിക്കേണ്ടതുണ്ട്. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂനെയ്ക്ക് സമീപമുള്ള കൊറേഗാവ് ഗ്രാമത്തില്‍ മാഹാരാഷ്ട്രയിലെ പ്രമുഖ ദളിത് വിഭാഗമായ മഹറുകള്‍ ജാതീയതക്കെതിരായി നടത്തിയ പോരാട്ടത്തെയാണ് ദളിത് വിഭാഗങ്ങള്‍ ഭീമ കൊറേഗാവ് യുദ്ധസ്മരണ എന്ന രീതിയില്‍ ജനുവരി 1 ന് ആചരിച്ചുവരുന്നത്.
2018 ജനുവരി 1ന് നടന്ന ഭീമകൊറേഗാവ് യുദ്ധ അനുസ്മരണ പരിപാടിയില്‍ ദളിത് പ്രവര്‍ത്തകരും സംഘപരിവാറും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. യുദ്ധത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് നേരെ കലാപം അഴിച്ചുവിട്ടത് ഹിന്ദുത്വ നേതാക്കളായ മിലന്ദ് ഏക്‌ബോട്ടെയും സംഭാജി ഭിട്ടെയുമാണെന്ന് ആദ്യ ഘട്ടത്തില്‍ പൊലീസ് കണ്ടെത്തുകയും ഇതില്‍ മിലന്ദ് ഏക്‌ബോട്ടെയെ ഒരു ഘട്ടത്തില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തതാണ്. എന്നാല്‍ ഇവര്‍ക്കെതിരെ പൊലീസില്‍ മൊഴി നല്‍കിയ ദളിത് വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ കൊല്ലപ്പെട്ട നിലയിലാണ് പിന്നീട് കണ്ടത്. അതോടുകൂടി കേസ്സ് അട്ടിമറിക്കപ്പെടുകയും ചെയ്തു.
കേസന്വേഷത്തിനായി തുടര്‍ന്ന് നിയോഗിക്കപ്പെട്ട മുന്‍സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക കമ്മിറ്റി മറ്റൊരു അന്വേഷണം നടത്തുകയും സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ മാവോയിസ്റ്റ് ബന്ധമുള്ള ഒരു സംഘമാണെന്ന് ആരോപിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധാ ഭരദ്വാജ്, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമ സെന്‍, മഹേഷ് റൗത്ത്, അരുണ്‍ ഫെരേറിയ, വരവരറാവു തുടങ്ങിയവര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.
പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖിനെയും ആനന്ദ് തെല്‍തുംബ്ദെയെയും ഇതിനോടൊപ്പം അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയെങ്കിലും കോടതി സ്‌റ്റേ അനുവദിക്കുകയായിരുന്നു. ആ സ്റ്റേയാണ് ഇപ്പോള്‍ കോടതി നീക്കിയത്. ഇക്കണോമിക് ആന്റെ പൊളിറ്റിക്കല്‍ വീക്കിലിയുടെ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റായിരുന്ന ഗൗതം നവലാഖ് മനുഷ്യാവകാശ വിഷയങ്ങളില്‍ ആഴത്തില്‍ പഠനം നടത്തിയിട്ടുള്ള പത്രപ്രവര്‍ത്തകനാണ്. ചത്തീസ്ഗഡിലെയും കശ്മീരിലെയുമെല്ലാം മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് ഗൗതം നവ്‌ലാഖ് എഴുതിയ ലേഖനങ്ങളും പുസ്തകങ്ങളും ഏറെ ശ്രദ്ധേയവുമാണ്. ഗൗതം നവലാഖും ആനന്ദ് തെല്‍തുംദെയോടൊപ്പം ജയിലലടയ്ക്കപ്പെടാന്‍ പോവുകയാണ്.
ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ചില രേഖകളാണ് ആനന്ദ് തെല്‍തുംദെയുടെ പങ്കാളിത്തത്തിന് തെളിവായി പൂനെ പൊലീസ് പറയുന്നത്. അഞ്ച് കത്തുകളാണ് തെളിവായി പൂനെ പൊലീസ് ഹാജരാക്കിയത്. ഇതില്‍ ഒന്നിലും ആനന്ദ് തെല്‍തുംദെയെ കുറിച്ച് നേരിട്ട് പരമാര്‍ശിക്കുന്നില്ല. മറിച്ച് കോമ്രേഡ് ആനന്ദ്, ആനന്ദ് ടി എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ആനന്ദ് തെല്‍തുംദെയെക്കുറിച്ചുള്ളതാണെന്നാണ് പൊലീസിന്റെ വാദം. ആ വാദമാണ് പ്രഥമദൃഷ്ട്യാ മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീം കോടതി വരെ അംഗീകരിച്ചിരിക്കുന്നത്
ഇന്ത്യയിലെ സംഘപരിവാര്‍ ഭരണകൂടം അവരുടെ രാഷ്ട്രീയ എതിരാളികളായി കണക്കാക്കുന്ന വിഭാഗങ്ങള്‍, പ്രത്യേകിച്ചും ദളിത് ആദിവാസി ജനത, മത ന്യൂനപക്ഷങ്ങള്‍, കമ്യൂണിസ്റ്റുകള്‍, രാഷ്ട്രീയത്തടവുകാര്‍, ഇവരുടെയെല്ലാം അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുകയും സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ആക്ടിവിസ്റ്റുകളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയുമെല്ലാം തടവറയ്ക്കുള്ളിലാക്കി ആ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് നരേന്ദ്രമോദിയുടെ ഭരണകൂടം ശ്രമിക്കുന്നത് എന്ന തരത്തിലാണ് ആക്ടിവിസ്റ്റുകള്‍ക്ക് നേരെയുള്ള ഈ കൂട്ട അറസ്റ്റിനെ രാജ്യത്തെ രാഷ്ട്രീയ സമൂഹം വിലയിരുത്തിയത്. മാവോയിസ്റ്റുകള്‍ എന്ന, ഭരണകൂടം നേരത്തെ പ്രയോഗിച്ചിരുന്ന മുദ്രചാര്‍ത്തലുകള്‍ കുറേകൂടി എളുപ്പമാക്കാനും ആര്‍ക്ക് നേരെയും പ്രയോഗിക്കുന്നത് സാധ്യമാക്കാനുമായി നഗര നക്‌സലുകള്‍ അഥവാ അര്‍ബന്‍ നക്‌സലൈറ്റ്‌സ് എന്ന പുതിയ പേരിനും കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയെന്നാണ് നിരീക്ഷണങ്ങള്‍.
ഇത്തരം നിരീക്ഷണങ്ങള്‍ക്ക് സാധുത നല്‍കുന്നതാണ് കാരവന്‍ മാഗസിന്‍ ഈയിടെ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട്. ഭീമാ കൊറേഗാവ് സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം, രാഷ്ട്രീയ പ്രേരിതമാണെന്നതിന്റെ തെളിവുകള്‍ ഈ റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.
ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായ റോണ വില്‍സണുമായി ബന്ധപ്പെട്ടതാണത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള നക്സലൈറ്റുകളുടെ രൂപരേഖ റോണ വില്‍സന്റെ കംപ്യൂട്ടറില്‍ നിന്ന് ലഭിച്ചുവെന്നായിരുന്നു പൊലീസ് നേരത്തെ പറഞ്ഞിരുന്നത്. കോടതിയില്‍ ഹാജരാക്കുകയും ബന്ധപ്പെട്ടവര്‍ക്കെല്ലാം നല്‍കുകയും ചെയ്ത റോണ വില്‍സന്റെ ഹാര്‍ഡ് ഡിസ്‌ക്ക് കാരവന്‍ മാഗസിന്‍ സൈബര്‍ ഫോറന്‍സിക്ക് വിദഗ്ദരെ കൊണ്ട് പരിശോധിപ്പിച്ചു. അപ്പോഴാണ് പുറത്തുനിന്ന് അദ്ദേഹത്തിന്റെ കംപ്യൂട്ടര്‍ നിയന്ത്രിക്കാനും ഫയലുകള്‍ അതില്‍ ഉള്‍പ്പെടുത്താനുമുള്ള മാല്‍വയര്‍ ആ ഡിസ്‌ക്കില്‍ ഉണ്ടെന്ന് വ്യക്തമായത്. കേസില്‍ തിരിമറി നടത്തിയതിന്റെ തെളിവുകളും ലഭിച്ചതായും കാരവന്‍ മാഗസിന്‍ വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ചൊന്നും പൊലീസോ കോടതിയോ ഇതുവരെ പ്രതികരിച്ചിട്ടുപോലുമില്ല.
കൃത്യമായ തെളിവുകളൊന്നുമില്ലാതെ കേവലം സംശയത്തിന്റെ പേരില്‍ രാജ്യത്തെ പ്രഗത്ഭരായ പത്രപ്രവര്‍ത്തകരും അഭിഭാഷകരും എഴുത്തുകാരുമെല്ലാമായ ആക്ടിവിസ്റ്റുകളെ കാലങ്ങളോളം തടവിലിടുന്നതിനെതിരെ അന്തര്‍ദേശീയ തലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ അവയൊന്നും ഗൗനിച്ചിട്ടേയില്ല. ഒടുവില്‍ ആനന്ദ് തെല്‍തുംദെയും ഗൗതം നവലാഖും പൊലീസില്‍ കീഴടങ്ങിയിരിക്കുകയാണ്.
ജയിലിലേക്ക് പോകുന്നതിന് മുമ്പ് ആനന്ദ് തെല്‍തുംദെ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ഒരു തുറന്ന കത്തെഴുതിയിട്ടുണ്ട്. കേസിലെ അപാകതകളും തനിക്കെതിരെ നടന്ന ആസൂത്രിതനീക്കങ്ങളും വ്യക്തമാക്കിക്കൊണ്ട് അദ്ദേഹമെഴുതിയ തുറന്ന കത്തിന്റെ അവസാനത്തില്‍ രാജ്യത്തെ ഓരോ പൗരന്മാരോടുമായി ചിലത് പറഞ്ഞുവെക്കുന്നുണ്ട്, ഈ കാലഘട്ടത്തില്‍ അനിവാര്യമായ ചില ഓര്‍മ്മപ്പെടുത്തലുകള്‍.
തീവ്ര ദേശീയതയും കടുത്ത ദേശീയ വാദവുമാണ് എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുവാനും ജനതയെ ഭിന്നിപ്പിക്കുവാനും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രയോഗിക്കുന്ന മാരകമായ ആയുധങ്ങള്‍. ചിത്തഭ്രമം പിടിച്ച ഈ രാഷ്രീയവസ്ഥയില്‍ പദപ്രയോഗങ്ങളുടെ അര്‍ത്ഥതലങ്ങള്‍ പോലും കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. ഇവിടെ രാജ്യത്തെ നശിപ്പിക്കുന്നവരാണ് ഇന്ന് ‘ദേശഭക്തര്‍’. രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവനം സമര്‍പ്പിച്ചവര്‍ ‘ദേശദ്രോഹികളും’. ന്റെ രാജ്യം തകര്‍ക്കുന്നത് മാത്രമാണ് എനിക്ക് കാണാന്‍ കഴിയുന്നത്. പ്രതീക്ഷയുടെ ഒരു വിദൂര വെളിച്ചം മാത്രമേ ഈ കഠിന നിമിഷത്തില്‍ ഇത് എഴുതുമ്പോഴും എനിക്ക് മുന്നിലുള്ളൂ. ഞാന്‍ എന്‍.ഐ.എ കസ്റ്റഡിയിലേക്കു പോകുന്നു. ഇനി നിങ്ങളോട് എന്ന് സംസാരിക്കന്‍ സാധിക്കുമെന്നറിയില്ല. നിങ്ങളെത്തേടി അവര്‍ എത്തുംമുമ്പെങ്കിലും നിങ്ങള്‍ ശബ്ദമുയര്‍ത്തും എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.