Sports News
ക്രിക്കറ്റ് ലോകത്ത് മറ്റാര്‍ക്കുമില്ല ഇങ്ങനെയൊരു റെക്കോഡ്; ഐ.പി.എല്ലിന്റെ 18ാം സീസണില്‍ ധോണി തകര്‍ക്കും!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 17, 05:05 pm
Monday, 17th March 2025, 10:35 pm

ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഐ.പി.എല്ലിന്റെ പുതിയ സീസണിനെ കാത്തിരിക്കുന്നത്. മാര്‍ച്ച് 22ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

ഐ.പി.എല്ലിലെ വമ്പന്‍ മത്സരങ്ങളിലൊന്നായ ചെന്നൈ – മുംബൈ മത്സരത്തിനാണ് ആരാധകരിടെ മറ്റൊരു കാത്തിരിപ്പ്. മാര്‍ച്ച് 23നാണ് മെഗാ ഇവന്റ്. ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയിലാണ് ചെന്നൈ ഇറങ്ങുന്നത്.

എന്നാല്‍ അതിനേക്കാള്‍ ഏറെ ആരാധകരെ ആവേശത്തിലാക്കുന്നത് സൂപ്പര്‍ താരം എം.എസ്. ധോണിയുടെ തിരിച്ചുവരവാണ്. ഐ.പി.എല്ലിന്റെ 18ാം സീസണില്‍ ഒരു വലിയ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരവും ധോണിക്കുണ്ട്.

കളത്തിലിറങ്ങിയാല്‍ 350 ഏകദിനങ്ങളും, 400 ടി-20കളും, 50ല്‍ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളും കളിച്ച ലോകത്തിലെ ആദ്യ ക്രിക്കറ്റ് കളിക്കാരനാവാനുള്ള അവസരമാണ് ധോണിക്കുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 90 ടെസ്റ്റും 350 ഏകദിന മത്സരങ്ങളും 98 ടി-20ഐയും ധോണി കളിച്ചിട്ടുണ്ട്. നിലവില്‍ ടി-20സില്‍ 391 മത്സരങ്ങളാണ് ധോണി കളിച്ചത്. ടി-20 യില്‍ 400 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഐ.പി.എല്ലില്‍ ധോണിക്ക് വെറും ഒമ്പത് മത്സരങ്ങള്‍ മാത്രം കളിച്ചാല്‍ മതി.

നിരവധി ക്രിക്കറ്റ് താരങ്ങള്‍ ടി-20 ഫോര്‍മാറ്റില്‍ 400 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ ആരും 350 ഏകദിനങ്ങളും 50 ടെസ്റ്റുകളും കളിച്ചിട്ടില്ല. 400ല്‍ കൂടുതല്‍ ടി-20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള രണ്ട് ഇന്ത്യന്‍ കളിക്കാരാണ് രോഹിത് ശര്‍മയും ദിനേശ് കാര്‍ത്തിക്കും. ഉടന്‍ തന്നെ ആ ലിസ്റ്റിലേക്ക് വിരാട് കോഹ്‌ലിയും എത്തും. താരം നിലവില്‍ 399 ടി-20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

 

Content Highlight: M.S. Dhoni Need 9 Matches For Great Record Achievement