വാഷിംഗ്ടണ്‍: ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദമായ ബി.1.617.2 എന്ന ഡെല്‍റ്റ വേരിയന്റിനെ കുറിച്ച് മാത്രമെ നിലവില്‍ ആശങ്കയുള്ളുവെന്ന് ലോകാരോഗ്യ സംഘടന. മറ്റ് വകഭേദങ്ങളുടെ വ്യാപനശേഷി കുറഞ്ഞുവരുന്നതായും ലോകാരോഗ്യ
സംഘടന അറിയിച്ചു.
ഇന്ത്യയില്‍ അതിതീവ്രവ്യാപനത്തിന് കാരണമായ ബി.1.617.2 വേരിയന്റിന് ട്രിപ്പിള്‍ മ്യൂട്ടേഷന്‍ സംഭവിച്ചുവെന്നും ഇതാണ് ആശങ്ക വര്‍ധിപ്പിക്കുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
‘ഏറ്റവും അപകടകാരിയാണ് ബി.1.617.2 എന്ന് വ്യക്തമായിരിക്കുന്നു. മറ്റ് വകഭേദങ്ങളില്‍ വ്യാപനശേഷി കുറഞ്ഞുവരുന്നതായും കാണാം,’ ലോകോരോഗ്യ സംഘടനയുടെ പ്രതിവാര എപ്പിഡെമോളജിക്കല്‍ അപ്‌ഡേറ്റില്‍ പറയുന്നു.
നിലവില്‍ ബി.1.617.2 എന്ന കൊവിഡ് ഡെല്‍റ്റ വേരിയന്റിന്റെ വ്യാപന ശേഷിയേയും വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളെയും കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കഴിഞ്ഞദിവസം വിയറ്റ്‌നാമില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് വൈറസ് നിലവിലെ ഡെല്‍റ്റ വൈറസിന്റെ വകഭേദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വൈറസിന്റെയും യു.കെയില്‍ നിന്ന് കണ്ടെത്തിയ ആല്‍ഫ വൈറസിന്റെയും വകഭേദമാണ് കണ്ടെത്തിയതെന്നാണ് വിയറ്റ്‌നാം ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം.
പുതുതായി കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം വായുവിലൂടെ അതിവേഗം പടരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കൊറോണ വൈറസിനെതിരെ വിജയകരമായി പോരാടിയ രാജ്യമായിരുന്നു വിയറ്റ്‌നാം. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ വിയറ്റനാമില്‍ 3000 ത്തിലേറെ പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധിച്ചത്.
ഇതിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഗ്രീക്ക് പദങ്ങളാണ് പുതിയ വൈറസുകള്‍ക്ക് നല്‍കിയിരിക്കുന്നത്.
ഇതുപ്രകാരം ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കണ്ടെത്തിയ വൈറസ് വകഭേദമായ ബി.1.617.2 നെ ഡെല്‍റ്റ എന്ന് പുനര്‍നാമകരണം ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
2020 സെപ്റ്റംബറില്‍ യു.കെയില്‍ കണ്ടെത്തിയ വകഭേദമായ വി.ഒ.സി ബി.1.1.7 ന്റെ പേര് ആല്‍ഫ എന്നും ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദമായ ബി.1.351 നെ ബീറ്റ എന്നു വിളിക്കാനും തീരുമാനമായിരുന്നു. ബ്രസീലില്‍ കണ്ടെത്തിയ വൈറസ് വകഭേദമായ പി.1 നെ ഗാമ എന്ന് പുനര്‍നാമകരണം ചെയ്തതായും ലോകാരോഗ്യ സംഘടന അറിയിച്ചു.
നേരത്തെ രാജ്യത്തിന്റെ പേരില്‍ വൈറസ് വകഭേദത്തെ അഭിസംബോധന ചെയ്യുന്നതിനെതിരെ ഇന്ത്യന്‍ ആരോഗ്യമന്ത്രാലയം രംഗത്തത്തെത്തിയിരുന്നു.
ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 എന്ന വകഭേദത്തെ ഇന്ത്യന്‍ വേരിയന്റ് എന്നുപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടില്ലെന്നും അതുപയോഗിക്കരുതെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.