ജനാധിപത്യത്തേക്കാള്‍ രാജാധിപത്യത്തെ ഇഷ്ടപ്പെട്ട കവി; സുഗതകുമാരിയുടെ രാഷ്ട്രീയം വിചാരണ ചെയ്യപ്പെടുമ്പോള്‍
Discourse
ജനാധിപത്യത്തേക്കാള്‍ രാജാധിപത്യത്തെ ഇഷ്ടപ്പെട്ട കവി; സുഗതകുമാരിയുടെ രാഷ്ട്രീയം വിചാരണ ചെയ്യപ്പെടുമ്പോള്‍
കെ.എ. ഷാജി
Friday, 1st January 2021, 1:28 pm
അന്തരിച്ച കവയത്രി സുഗതകുമാരിയുടെ രാഷ്ട്രീയത്തെ വിമര്‍ശനാത്മകമായി പരിശോധിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ ലേഖകന്‍

ജീവന്‍ ടി.വിയുടെ ആരംഭകാലത്തായിരുന്നു എന്നാണോര്‍മ. തിരുവിതാംകൂര്‍ രാജ കുടുംബത്തിലെ ആ സമയത്ത് ജീവിച്ചിരുന്ന ഏതോ പരമ്പരാഗത അവകാശിയായ വൃദ്ധനെ കവയത്രി സുഗതകുമാരി ചാനലിന് വേണ്ടി അഭിമുഖം ചെയ്യുന്നു. പാവം മാനവഹൃദയങ്ങളുടെ കവിയുടെ മുഖത്ത് വലിയ തോതിലുള്ള ഭക്തിയും വിധേയത്വവും പ്രകടമായിരുന്നു. പൊന്ന് തമ്പുരാന്‍ എന്നായിരുന്നു അവര്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്. ചോദ്യങ്ങള്‍ക്കിടയിലെല്ലാം ജനാധിപത്യത്തോടും അതിലെ നേതാക്കളോടും രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും ഉള്ള അതൃപ്തി നിറച്ചിരുന്ന അവര്‍ രാജഭരണം ആയിരുന്നു നല്ലത് എന്ന് വളരെ കൃത്യമായി തന്നെ അഭിമുഖത്തിനിടയില്‍ പറഞ്ഞു വയ്ക്കുന്നുമുണ്ടായിരുന്നു.

നാട്ടില്‍ കാലാകാലങ്ങളില്‍ ഉണ്ടായിട്ടുള്ള സകല ജീര്‍ണ്ണതകളുടെയും ഉത്തരവാദിത്വം ജനാധിപത്യത്തിന് മേല്‍ അവര്‍ വച്ച് കെട്ടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അഭിമുഖത്തില്‍ ഉടനീളം അധികാരമില്ലാത്ത വൃദ്ധ രാജാവായിരുന്നു കുറേക്കൂടി റീസണബിള്‍ ആയി തോന്നിപ്പിച്ചത്. സുഗതകുമാരി എന്ന മലയാളം കണ്ട ഏറ്റവും പ്രതിഭാശാലിയായ കവയത്രിയേയും ഉന്നതയായ പരിസ്ഥിതി പ്രവര്‍ത്തകയേയും രാഷ്ട്രീയമായി വിലയിരുത്താന്‍ ശ്രമിക്കുമ്പോള്‍ എപ്പോഴും മനസ്സില്‍ കടന്നു വരിക ആ അഭിമുഖമാണ്.

‘ആരോ പറഞ്ഞു മുറിച്ചുമാറ്റാം കേടുബാധിച്ചൊരവയവം പക്ഷെ കൊടും കേട് ബാധിച്ച പാവം മനസ്സോ’ എന്ന് ചോദിച്ച കവി ഇപ്പോളോര്‍മ്മയാണ്. സൈലന്റ് വാലിയിലെ നിത്യ ഹരിത വനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചുകൊണ്ട് കേരളത്തില്‍ പരിസ്ഥിതി ആക്ടിവിസത്തിന് തുടക്കം കുറിച്ച ആ വലിയ വ്യക്തിത്വം ഇനിയില്ല. പുരുഷാധിപത്യ സമൂഹത്തില്‍ ലൈംഗികമായും മാനസ്സികമായും സമൂഹികമായും വര്‍ഗ്ഗപരമായും ചൂഷണം ചെയ്യപ്പെട്ട ഒരുപാട് സ്ത്രീകള്‍ക്കും മാനസിക നില തകരാറില്‍ ആയവര്‍ക്കും അഭയമായിരുന്ന ആ വലിയ മാനവികതയുടെ സാന്നിധ്യം ഇനിയില്ല.

ഒരു വ്യക്തിയെന്ന നിലയിലുള്ള കേരള സമൂഹത്തിലെ അനന്ത സാധ്യതകളില്‍ ഒന്നായിരുന്നു സുഗതകുമാരി. മനുഷ്യ സാധ്യതകളുടെ വ്യത്യസ്ത തലങ്ങളിലേക്കും മാനങ്ങളിലേക്കും അവര്‍ അതിവേഗം വളര്‍ന്നു കയറി. വനിതാ കമ്മീഷന്‍ അധ്യക്ഷ പോലുള്ള ഭരണ സംവിധാനവുമായി ബന്ധപ്പെട്ട പദവികളിലും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള കമ്മറ്റിയുടെ അധ്യക്ഷ പോലുള്ള പലനിലകളിലും അവര്‍ കേരളത്തിന്റെ സമകാലിക ചരിത്രത്തിന്റെ ഭാഗമായി. അവരുടെ പരിസ്ഥിതി സംബന്ധിച്ച നിലപാടുകള്‍ കയ്യേറ്റ ലോബികളാലും രാഷ്ട്രീയ-ഉദ്യോഗസ്ഥ മേഖലകളിലെ തത്പര കക്ഷികളാലും അവമതിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുമ്പോഴും അവരെ സമൂഹം ഉയരത്തില്‍ കണ്ട് ആദരിച്ചു. അവരുടെ കവിതയും ആക്ടിവിസവും ചാരിറ്റിയും വലിയ നിലകളില്‍ അംഗീകരിക്കപ്പെട്ടു. മലയാളി ആസ്വാദക സമൂഹത്തിന് മുന്നില്‍ പലപ്പോഴും കാവ്യപുസ്തകം അവരിലേക്ക് ചുരുങ്ങി.

കവിയെന്ന നിലയിലും ആക്ടിവിസ്റ്റ് എന്ന നിലയിലും കേരളം പോലുള്ള ഒരു ബഹുസ്വര ജനാധിപത്യം ആദരിക്കുകയും വില കല്പിക്കുകയും ചെയ്ത ഒരു വ്യക്തിത്വം ഇവിടുത്തെ ജനാധിപത്യ പരിസരങ്ങളേയും സാമൂഹിക വളര്‍ച്ചകളേയും അല്പം അസഹിഷ്ണുതയോടെയല്ലേ നോക്കിക്കണ്ടത് എന്ന ചോദ്യവും പ്രസക്തമാണ്. പുകഴ്ത്തലുകള്‍ക്കും ഇകഴ്ത്തലുകള്‍ക്കും ഇടയിലുള്ള യാഥാര്‍ഥ്യങ്ങളുടെ ലോകത്തു നിന്നുകൊണ്ട് വിലയിരുത്തുമ്പോള്‍ പ്രത്യേകിച്ചും.

പൊന്നു തമ്പുരാന്മാര്‍ ഭരിച്ചിരുന്ന വിശുദ്ധവും നിര്‍മ്മലവും പവിത്രവും ശുദ്ധി നിറഞ്ഞതുമായ പഴയ തിരുവിതാംകൂറിനെ ജനാധിപത്യ ഭരണക്കാര്‍ കുട്ടിച്ചോറാക്കി എന്ന മട്ടിലുള്ള ഒരു സമീപനവും അന്ധമായ രാജഭക്തിയും അവര്‍ ഒടുവില്‍ വരെ നിലനിര്‍ത്തിയിരുന്നു എന്ന് വേണം അവരില്‍ നിന്നും വന്നിട്ടുള്ള മേല്‍വിഷയങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ കാണുമ്പോള്‍ അനുമാനിക്കാന്‍. അങ്ങനെ ചെയ്യുമ്പോഴും വനിതാ കമ്മീഷന്‍ അധ്യക്ഷ പോലുള്ള ജനാധിപത്യം വച്ചു നീട്ടിയ പ്രിവിലേജുകള്‍ അവര്‍ ഒരിക്കലും വേണ്ടെന്നു വച്ചിരുന്നുമില്ല.

കവിതയ്ക്കപ്പുറം സുഗതകുമാരി പ്രശസ്തയായത് പരിസ്ഥിതി പ്രവര്‍ത്തക എന്ന നിലയിലാണ്. കാടുകള്‍ വേട്ടയാടാനും വിളയാടാനും ഉള്ളതാണെന്ന ഉന്നതകുല പ്രഭുസമൂഹ ചിന്തകളില്‍ നിന്നും ലോകം മാറുകയും മണ്ണ്, വെള്ളം, പ്രകൃതി വിഭവങ്ങള്‍, കാടുകള്‍, കാട്ടുമൃഗങ്ങള്‍, പുഴകള്‍, കടല്‍, തണ്ണീര്‍ത്ത്ടങ്ങള്‍ എന്നിവയെല്ലാം ഭാവി തലമുറകള്‍ക്കായി സംരക്ഷിക്കപ്പെടേണ്ടവയാണ് എന്നുള്ള ബോധം എങ്ങും വീശിയടിക്കുകയും ചെയ്തത് ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലാണ്.

ആ കാലഘട്ടത്തില്‍ ഒരുപാട് പരിമിതികള്‍ക്കിടയിലും കേരളത്തിനായി ഒരു പരിസ്ഥിതി പ്രസ്ഥാനം രൂപവത്കരിക്കുന്നതില്‍ അവര്‍ ഗണനീയമായ പങ്കു വഹിച്ചു എന്നതും നിഷേധിക്കാന്‍ ആകാത്തതാണ്. ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ രംഗത്തെ ആദ്യത്തെ ബഹുജന പ്രസ്ഥാനമായ സൈലന്റ് വാലി മൂവ്‌മെന്റിലും അവര്‍ നേതൃത്വപരമായ പങ്കു വഹിച്ചു. കാടിനും സിംഹവാലന്‍ കുരങ്ങുകള്‍ക്കും വേണ്ടി ഒന്നോ രണ്ടോ കവിതകള്‍ എഴുതിക്കൊടുത്ത് സുരക്ഷിതമായി മാറിയിരിക്കുക അല്ല അവര്‍ ചെയ്തത്.

എന്നാല്‍ കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനത്തെ സവര്‍ണ്ണത്വം വിളയുന്ന ഒരു നായര്‍-വാര്യര്‍-ബ്രാഹ്മണ-സുറിയാനി ക്രിസ്ത്യാനി നിലയിലുള്ള എലൈറ്റ് ക്ലബ്ബ് എന്നതില്‍ നിന്നും പരിവര്‍ത്തനപ്പെടുത്തി എല്ലാ പാരിസ്ഥിതിക ദുരന്തങ്ങളുടെയും ഇരകളാക്കപ്പെടുന്ന ദളിതരെയും ആദിവാസികളെയും മുസ്ലിം ജനസാമാന്യത്തെയും മതേതര-ഇടതുപക്ഷ-പുരോഗമന ധാരകളെയും ഉള്‍കൊള്ളുന്ന ഒരു ജനകീയ മുന്നേറ്റം ആക്കാന്‍ അവര്‍ ശ്രമിച്ചതേ ഇല്ല.

ആദിവാസികളും പരമ്പരാഗതമായി വനത്തില്‍ ജീവിക്കുന്ന ഇതര വിഭാഗങ്ങളും(വയനാടന്‍ ചെട്ടിമാര്‍ ഉദാഹരണം) ഒക്കെ ഉള്‍ക്കൊള്ളുന്നതാണ് സംരക്ഷണമെന്നും അവരെ ഒഴിപ്പിച്ചും അകറ്റിയും അന്യവത്കരിച്ചും നടത്തുന്ന വനം വകുപ്പ് അജണ്ടകള്‍ നടപ്പാക്കലല്ല പരിസ്ഥിതി പ്രവര്‍ത്തനമെന്നും അവര്‍ മനസ്സിലാക്കാതെ പോയി. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കാടുകള്‍ സംരക്ഷിച്ചതും നിലനിര്‍ത്തിയതും വനം വകുപ്പുകള്‍ അല്ലെന്നും തദ്ദേശീയ ജനസമൂഹങ്ങളാണ് എന്നതും പല ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരും വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുമാണ്.’

എന്നാല്‍ വൈകാരികമായും കാല്പനികമായും പരിസ്ഥിതിയെയും വനസംരക്ഷണത്തെയും സമീപിച്ച അവര്‍ പലപ്പോഴും ഇത്തരം മനുഷ്യരെ മാറ്റി നിര്‍ത്തിക്കൊണ്ടും അകറ്റിക്കളഞ്ഞുകൊണ്ടുമുള്ള സംരക്ഷണമാണ് ആവശ്യപ്പെട്ടത്. കാടിനോടും മരങ്ങളോടും മൃഗങ്ങളോടുമുള്ള അതിവൈകാരികതയും കാല്പനികതയും കലര്‍ന്ന സമീപനം തന്നെയാണ് ആദിവാസികളുടെ കാര്യത്തിലും അവര്‍ അനുവര്‍ത്തിച്ചത്.

ഭൂമി, ഉപജീവനം, ആവാസവ്യവസ്ഥ, കൃഷിയാവശ്യങ്ങള്‍, ജലലഭ്യത, ആരോഗ്യ രക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആദിവാസികളുടെ ഒട്ടും വിട്ടുവീഴ്ച അനുവദിക്കാന്‍ ആകാത്ത അതിജീവന പ്രശ്‌നങ്ങളില്‍ പ്രതികരിക്കുമ്പോള്‍ പലപ്പോഴും അവര്‍ അതികാല്പനികത ഉള്ള ഒരു കവിയുടെ നിലയിലേക്ക് മാറിപ്പോയി. അട്ടപ്പാടിയിലും വയനാട്ടിലും പോകുമ്പോള്‍ ആദിവാസി നേതൃത്വത്തില്‍ ഉള്ള സ്ത്രീകളെ തന്നോട് ചേര്‍ത്തുപിടിക്കുന്നതും അവരെ തുല്യ നിലയില്‍ കാണുന്നതും അവരുടെ ദുരിത ജീവിതാവസ്ഥകള്‍ തന്റെ മാത്രമായ ശൈലിയില്‍ അവതരിപ്പിച്ചു പരിഹാരം തേടുന്നതും മറന്നു കൊണ്ടല്ല സംസാരിക്കുന്നത്.

ആദിവാസികള്‍ ആയാലും ദളിതര്‍ ആയാലും ദാരിദ്ര്യവും നിസ്സഹായവുമായ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ആയാലും അവരുടെ അതിജീവന പ്രശനങ്ങളില്‍ സുഗതകുമാരി ഇടപെടുമ്പോള്‍ അവരില്‍ ഒരാളായി മാറിക്കൊണ്ടുള്ള ഐക്യദാര്‍ഢ്യവും വീക്ഷണ വ്യക്തതയും ഉണ്ടായിരുന്നില്ല. മറിച്ചു ഉന്നതകുലജാതരുടെ അനുകമ്പയും ദീന ദയാലതയും ആവശ്യത്തില്‍ അധികം ഉണ്ടായിരുന്നു താനും. ആദിവാസികളും ദളിതരും ആവശ്യപ്പെടുന്നത് കാരുണ്യം അല്ലെന്നും അവരുടെ യഥാര്‍ത്ഥ ആവശ്യങ്ങളോട് അടുത്ത് നിന്നുകൊണ്ടുള്ള ഐക്യദാര്‍ഢ്യം ആണെന്നും മനസ്സിലാക്കാന്‍ പലപ്പോഴും അവര്‍ക്കു പറ്റാതെ പോയി. മുത്തങ്ങ സമരവും ആദിവാസി ഭൂപ്രശ്നവും ഒക്കെ വരുമ്പോള്‍ അവര്‍ ആദിവാസികളെയും കാടിനേയും പരിസ്ഥിതിയെയും വേറിട്ട് കണ്ടു. ഈ മനുഷ്യരുടെ അതിജീവനമാണ് പരിസ്ഥിതി സംരക്ഷണത്തില്‍ മുന്നില്‍ നില്‍ക്കേണ്ട ഘടകം എന്നതവര്‍ മറന്നു പോയി.

കാട്ടില്‍ ജീവിക്കുന്നവരുടെ കാര്യത്തില്‍ ഇല്ലാതിരുന്ന ജാഗ്രത പലപ്പോഴും തീരദേശ നിവാസികളുടെ കാര്യത്തിലും ഇല്ലാതെ പോയി. വിഴിഞ്ഞം തുറമുഖ പദ്ധതി കടുത്ത വിമര്‍ശനം പരിസ്ഥിതി വാദികളില്‍ നിന്നും മത്സ്യ തൊഴിലാളികളില്‍ നിന്നും ഒരുപോലെ നേരിട്ടപ്പോള്‍ പോലും അവര്‍ അതില്‍ മൗനം ദീക്ഷിച്ചു. പശ്ചിമഘട്ട പരിസ്ഥിതി പോലെ തന്നെ പ്രധാനപ്പെട്ടതാണ് തീരദേശ പരിസ്ഥിതിയും. തീരദേശ പരിപാലന നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അവരുടെ ജാഗ്രത പ്രതീക്ഷിച്ചതുപോലെ ഉണ്ടായില്ല.

എന്നാല്‍ ആറന്മുള വിമാനത്താവള വിഷയത്തില്‍ പ്രായം മറന്നും അവശത മറന്നും അവര്‍ മുന്നില്‍ നിന്ന് പോരാടി. ആ വിഷയത്തില്‍ കുമ്മനം രാജശേഖരന് ഒപ്പം അമിത് ഷായുടെ മുന്നില്‍ വിനീതയായി ഇരിക്കുന്ന അവരുടെ ഒരു ചിത്രം ഓര്‍മയിലുണ്ട്. പരിസ്ഥിതിയും അതിജീവനവും സംബന്ധിച്ച അജണ്ടകള്‍ ഇന്ത്യയിലെ തീവ്ര വലതുപക്ഷം ഹൈജാക്ക് ചെയ്യുന്നതിനെതിരെ വ്യാപകമായ ആക്ഷേപം നിലനില്‍ക്കവേ തന്നെയാണ് അവര്‍ കേരളത്തിലെ പാരിസ്ഥിതിക പ്രശനങ്ങളെ ഹൈന്ദവ ബിംബങ്ങളും ഹൈന്ദവ രീതിശാസ്ത്രങ്ങളുമായി കൂട്ടി കെട്ടിയത്.

സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നു വീഴുകയും നവ മുതലാളിത്തം അതിന്റെ ചൂഷണ അജണ്ടകള്‍ പുറത്തിറക്കുകയും ചെയ്തപ്പോള്‍ മാതൃഭൂമി വാരികയില്‍ എഴുതിയ പരമ്പരയില്‍ അവര്‍ ആനന്ദ നൃത്തം ചവിട്ടുകയായിരുന്നു. വളരെ നാളായി ആ വരവറിയുന്നു എന്നതായിരുന്നു ആ പരമ്പരയുടെ തലക്കെട്ട്. എന്നാല്‍ ഇന്ത്യയില്‍ ഹിന്ദുത്വ ശക്തികള്‍ നമ്മുടെ മതേതര ജനാധിപത്യ ബഹുസ്വര മൂല്യങ്ങളെ തകര്‍ത്തെറിയാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ മരണം വരെ ആ വിഷയങ്ങളില്‍ അവര്‍ സ്വീകരിച്ചത് കടുത്ത മൗനം ആയിരുന്നു.

ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് എതിരായി കേരളത്തില്‍ ഉയര്‍ന്നു കേട്ട നവോത്ഥാന ശബ്ദങ്ങളില്‍ അവര്‍ ഉണ്ടായിരുന്നില്ല.  സൂര്യനെല്ലി പെണ്‍വാണിഭം പോലുള്ള കേരളത്തെ നടുക്കിയ സംഭവങ്ങളില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത അവര്‍ തോപ്പുംപടിയും വിതുരയും പോലുള്ള സമാന സംഭവങ്ങളില്‍ ഇരകളോട് സ്വീകരിച്ച സമീപനം സ്ത്രീ സംഘടനകളില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അഭയയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു എങ്കിലും അവരുടെ വിശാല സംഭാവനകളുടെ മുന്നില്‍ ആ ആരോപണങ്ങള്‍ പതിയെ മാഞ്ഞു പോവുകയായിരുന്നു.

ടി. പത്മനാഭന്‍, എം. മുകുന്ദന്‍, പി. വത്സല, മോഹന്‍ലാല്‍, കെ. ജെ. യേശുദാസ്, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, മേജര്‍ രവി, സുരേഷ് ഗോപി തുടങ്ങിയ പ്രതിഭകള്‍ അരാഷ്ട്രീയതയില്‍ ആരംഭിക്കുകയും നിലപാടില്ലായ്മയിലേക്ക് മാറിപോവുകയും ചെയ്ത രീതികള്‍ സുഗതകുമാരിയിലും ഉണ്ടായിരുന്നു. അവരില്‍ ചിലര്‍ പിന്നീട് വ്യക്തമായ സംഘപരിവാര്‍ മാര്‍ഗം സ്വീകരിച്ചപ്പോള്‍ മറ്റു ചിലര്‍ അവസര വാദത്തില്‍ ഉറച്ചു നിന്നു.

സുഗതകുമാരിയാകട്ടെ ഹിന്ദുത്വത്തെയും നിലപാടില്ലായ്മയെയും പരസ്പരം കലര്‍ത്തി വിദഗ്ധമായി ഉപയോഗിച്ചു. കെ.സി.ബി.സിയും കര്‍ദിനാള്‍ ക്ളീമീസും നടത്തുന്ന മദ്യ വിരുദ്ധ റാലികള്‍ ഉദ്ഘാടനം ചെയ്യാന്‍ സെക്രട്ടറിയേറ്റ് പരിസരത്തു വരുമ്പോള്‍ തൊട്ടപ്പുറത്തെ ആദിവാസി ഭൂസമരങ്ങളെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പോകുന്ന സമീപനവും അവര്‍ക്കുണ്ടായിരുന്നു. സുഗതകുമാരിയുടെ പരിസ്ഥിതി ബോധം പലപ്പോഴും പരിതസ്ഥിതികള്‍ക്ക് അനുസരിച്ചുള്ളവയും ആയിരുന്നു.

ശബരിമലയില്‍ സ്ത്രീകള്‍ പോകരുത് എന്ന് പറയുക മാത്രമല്ല ആ വിഷയത്തിലെ ഹിന്ദുത്വ സങ്കുചിത പിന്തിരിപ്പന്‍ നിലപാടുകളെ അടിമുടി പിന്തുണയ്ക്കുകയും ചെയ്തു. മരം നടലാണ് പരിസ്ഥിതി പ്രവര്‍ത്തനം എന്ന് പറയുന്നവരും തീരദേശ നിയമവും മലയോര പാരിസ്ഥിതിക നിയമങ്ങളും ലംഘിക്കുകയും ചെയുന്ന അമൃതാനന്ദമയി, ജഗ്ഗിവാസുദേവ്, ശ്രീ ശ്രീ രവിശങ്കര്‍ അജണ്ടകളോടും അവര്‍ക്കു എതിര്‍പ്പിലായിരുന്നു.

മൊബൈല്‍ ഫോണ്‍ കാരണമാണ് ഈ നാട്ടില്‍ പെണ്‍കുട്ടികള്‍ വഴിതെറ്റി പോകുന്നത് എന്നും ഈ നാടിന്റെ രക്ഷകന്‍ അമിത് ഷാ ആണെന്നുമൊക്കെ പരസ്യമായി പറയുന്നതില്‍ അവര്‍ക്ക് ഒരു ബുദ്ധിമുട്ടും തോന്നിയിട്ടുമില്ല. കുടിയേറ്റ തൊഴിലാളികളെ അടച്ചാക്ഷേപിക്കുമ്പോള്‍ ജനിച്ച നാടുവിട്ടകലെ ആസ്സാമില്‍ പണിക്കുപോയി വരും പരിഷകള്‍ നമ്മള്‍ എന്നെഴുതിയ വൈലോപ്പിള്ളിയെ അവര്‍ മറന്നു പോകുന്നു.

അരാഷ്ട്രീയ മലയാളി മധ്യവര്‍ഗം എന്നും ടീച്ചറില്‍ തങ്ങളെ തന്നെ കണ്ടെത്തി എന്നതും ഒരു വസ്തുതയാണ്. കുടിയേറ്റ തൊഴിലാളികളെ അവര്‍ വിളിച്ചത് ക്രിമിനലുകള്‍ എന്നാണ്. പ്രതിലോമതയും വംശീയതയും മനുഷ്യ വിരുദ്ധതയും അവര്‍ പറഞ്ഞിട്ടുണ്ട്. വര്‍ഗീയ ഫാസിസത്തോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്തിട്ടുണ്ട്.

തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ജനാധിപത്യത്തേക്കാള്‍ അവര്‍ ഇഷ്ടപ്പെട്ടത് രാജാധിപത്യവും ഏകാധിപത്യവുമായിരുന്നു. ദേശീയ പ്രസ്ഥാനത്തിന് വേണ്ടി സമര്‍പ്പിച്ച ഒരു കുടുംബത്തില്‍ ജനിക്കുകയും കോണ്‍ഗ്രസ്സിന്റെ വിശാല ജനാധിപത്യ പരിസരങ്ങളില്‍ അഭിപ്രായ രൂപീകരണം നടത്താന്‍ അവസരം കിട്ടുകയും ചെയ്തിട്ടും അവരുടെ സമീപനങ്ങള്‍ പലപ്പോഴും ഉള്‍ക്കൊള്ളലിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും ആയിരുന്നില്ല.

ഇടതു പുരോഗമന ധാരകളോട് അവര്‍ പുലര്‍ത്തിയത് ഏതാണ്ട് അന്ധമായ എതിര്‍പ്പ് തന്നെയാണ്. സുഗതകുമാരിയെ വിലയിരുത്തേണ്ടത് സമഗ്രമായാണ്. തലമുറകളെ സ്വാധീനിച്ച അപാര സിദ്ധിയുള്ള കവി തന്നെയാണവര്‍. പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ കടുത്ത എതിര്‍പ്പ് നേരിടുന്ന ഒരു സമൂഹത്തില്‍ ധീരമായി കാടിനും കാട്ടിലെ മൃഗങ്ങള്‍ക്കും പ്രകൃതി സമ്പത്തിനും വേണ്ടി അവര്‍ നിലകൊണ്ടു. സാമൂഹിക പ്രവര്‍ത്തകയായും സ്ത്രീ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയിലും ഗണനീയമായ സംഭാവനകള്‍ ചെയ്തു. പക്ഷെ അവയ്ക്കിടയിലും നിരവധിയായ പരിമിതികളും പോരായ്മകളും കാഴ്ചപ്പാടുകളുടെ പരിമിതികളും അവര്‍ക്കുണ്ടായിരുന്നു.

വിശാല മാനവികതയുടെ ഏറ്റവും വലിയ ഭാവം ബഹുസ്വരത തന്നെ ആയിരിക്കുമ്പോഴും അതിനോട് അവര്‍ വലിയ പരിഗണന കാണിച്ചില്ല എന്നത് സത്യം തന്നെയാണ്. സമഗ്രമായതും വിമര്‍ശനാത്മകമായതുമായ വായന ആവശ്യപ്പെടുന്നതാണ് അവരുടെ സംഭാവനകള്‍. അല്ലാതെയുള്ള വാഴ്തുപാട്ടുകള്‍ ചരിത്രത്തിന് നേരെയുള്ള മുഖം തിരിക്കലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: When Sugathakumari’s politics out on trail

കെ.എ. ഷാജി
പരിസ്ഥിതി, അതിജീവനം, ആദിവാസി പ്രശ്‌നങ്ങള്‍, ദളിത് പ്രശ്‌നങ്ങള്‍, സന്തുലിത വികസനം, ഭൂമിയുടേയും പ്രകൃതി വിഭവങ്ങളുടേയും ഉപയോഗം, മനുഷ്യാവകാശങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ലേഖകന്‍ മോംഗാബെ ഇന്ത്യ, ഡൗണ്‍ ടു എര്‍ത്ത്, ദി ടെലഗ്രാഫ്, ദൈനിക് ഭാസ്‌കര്‍, പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്ത്യ എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്നു. ഇന്‍ഡിപെന്‍ഡന്റ് ആന്റ് പബ്ലിക്ക് സ്പിരിറ്റഡ് മീഡിയാ ഫൗണ്ടേഷന്റെ സൗത്ത് ഇന്ത്യാ കണ്‍സള്‍ട്ടന്റാണ്. ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.