ബി.ജെ.പി നേതാവായിരുന്ന കെ.ജി മാരാരുടെ ബൂത്ത് എജന്റ് ആയി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് ബി.ജെ.പി നേതാവും കോഴിക്കോട് നോര്‍ത്ത് മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ എം.ടി രമേശ് ആരോപിച്ചിരുന്നു.
പതിനഞ്ച് വര്‍ഷം മുമ്പ് സി.പി.ഐ.എമ്മുമായി ബി.ജെ.പിക്ക് സഖ്യമുണ്ടായിരുന്നെന്നും ഉദുമയില്‍ കെ.ജി മാരാര്‍ മത്സരിച്ചപ്പോള്‍ പിണറായി വിജയന്‍ ബൂത്ത് എജന്റ് ആയിരുന്നെന്നുമായിരുന്നു എം.ടി രമേശിന്റെ വാദം.
എന്നാല്‍ അടിസ്ഥാന രഹിതമായ വാദമാണിതെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. 1995 നാണ് കെ.ജി മാരാര്‍ മരണപ്പെടുന്നത്. അത് കൊണ്ടുതന്നെ പതിനഞ്ച് വര്‍ഷം എന്ന എം.ടി രമേശിന്റെ കാലഘണന സൂചിപ്പിക്കുന്നത് തെറ്റാണ്.
ഉദുമയില്‍ കെ.ജി മാരാര്‍ മത്സരിക്കുന്നത് അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ്. അന്ന് ഉദുമയില്‍ കെ.ജി മാരാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അതേസമയത്ത് തന്നെ പിണറായി വിജയന്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായിരുന്നു.
കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്ന് അദ്ദേഹം വിജയിക്കുകയും എം.എല്‍.എ ആവുകയും ചെയ്തിരുന്നു. കൂത്തുപറമ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഉദുമ മണ്ഡലത്തിലെ ബൂത്ത് എജന്റ് ആയിരുന്നു എന്നത് തെറ്റാണ്.
പിന്നീട് 1991 ലാണ് കെ.ജി മാരാര്‍ സ്ഥാനാര്‍ത്ഥിയാവുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലായിരുന്നു കെ.ജി മാരാര്‍ മത്സരിച്ചത്. ഈ സമയത്ത് കുപ്രസിദ്ധമായ കോ.ലി.ബി സംഖ്യത്തിന്റെ ഭാഗമായിട്ടായിരുന്നു മാരാരിന്റെ മത്സരം.
ഈ സംഖ്യത്തിനെ കുറിച്ച് കെ.ജി മാരാരുടെ ജീവചരിത്രത്തിലെ ‘പാഴായ പരീക്ഷണം’ എന്ന അധ്യായത്തില്‍ പറയുന്നുണ്ട്.
1991 ല്‍ ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. 1989 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വലിയ വിജയം നേടിയിരുന്നു. ഇതോടെ നിയമസഭാ തെരഞ്ഞടുപ്പില്‍ പരാജയം മണത്ത യു.ഡി.എഫ് നേതൃത്വം, ബി.ജെ.പിയുമായി ഒരു രഹസ്യ ധാരണ ഉണ്ടാക്കുകയായിരുന്നു.
ബേപ്പൂര്‍ നിയമസഭ മണ്ഡലത്തിലും വടകര ലോക്‌സഭ മണ്ഡലത്തിലും ബി.ജെ.പി പൊതു സ്വതന്ത്രരെ നിര്‍ത്തുക. ഇവിടെ കോണ്‍ഗ്രസും ലീഗും ബി.ജെ.പിയെ സഹായിക്കും. പകരം കേരളമാകെ ബി.ജെ.പി യു.ഡി.എഫിനെ സഹായിക്കും.
കേരളത്തിലാകെ യു.ഡി.എഫിനെ പിന്തുണക്കുന്നതിനു പ്രതിഫലമായി മഞ്ചേശ്വരം നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പി നേതാവ് കെ.ജി മാരാര്‍ക്കെതിരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും വോട്ടു മറിച്ചുനല്‍കി അദ്ദേഹത്തെ വിജയിപ്പിക്കുകയും ചെയ്യുക. ഇതായിരുന്നു ആ രഹസ്യ ധാരണ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക