പുതിയ പ്രൈവസി പോളിസിയിൽ നിന്ന് ഇന്ത്യൻ ഉപയോക്താക്കളെ ഒഴിവാക്കാൻ വാട്സ്ആപ്പിനോട് കേന്ദ്രം; വാട്സ്ആപ്പിന്റെ വിശദീകരണം ഇങ്ങനെ
ന്യൂദൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസിയിൽ വിശദീകരണം തേടി കത്ത് അയച്ച് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി.
എല്ലാ വിഷയങ്ങൾക്കും മറുപടി തരാൻ സന്നദ്ധരാണെന്ന് അറിയിച്ച വാട്സ്ആപ്പ് പുതിയ നയം സുതാര്യത ഉറപ്പാക്കുന്നതാണെന്നാണ് കേന്ദ്രത്തിന് നൽകിയ വിശദീകരണം. സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നത് ഉറപ്പാക്കുമെന്നും വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ വാട്സ്ആപ്പിനോ ഫേസ്ബുക്കിനോ ഒരിക്കലും വായിക്കാൻ സാധിക്കില്ലെന്നും വാട്സ്ആപ്പ് നൽകിയ വിശദീകരണത്തിൽ പറയുന്നു.
എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് വാട്സ്ആപ്പ് എല്ലാവിധ സ്വകാര്യ വിവരങ്ങളും സംരക്ഷിക്കുമെന്നും മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയെ വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.
പുതിയ പ്രൈവസി നയ പ്രകാരം വാട്സ്ആപ്പ് ഫേസ്ബുക്കുമായി വിവരങ്ങൾ പങ്കുവെക്കുന്നില്ലെന്നും വാട്സ്ആപ്പ് വക്താവ് അറിയിച്ചു. സുതാര്യത ഉറപ്പാക്കി തങ്ങളുടെ ഉപയോക്താക്കൾക്ക് ബിസിനസ് മേഖലയിൽ വളരാനുള്ള അവസരം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വാട്സ്ആപ്പ് അറിയിച്ചു.
വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസിയിൽ നിന്ന് ഇന്ത്യൻ ഉപയോക്താക്കളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി വാട്സ്ആപ്പിന് കത്തയച്ചത്. ഇതിന് മറുപടിയായി നൽകിയ വിശദീകരണത്തിലാണ് വാട്സ്ആപ്പ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ എഴുതിയ കത്തിൽ വാട്സ്ആപ്പിന്റെ പുതിയ നയങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് നിരവധി ചോദ്യങ്ങളും ഉന്നയിച്ചിരുന്നു.
വാട്സ്ആപ്പ് പുതിയ പോളിസി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. സ്വകാര്യത മാനിക്കാത്ത കമ്പനിയുടെ പുതിയ നയത്തിൽ പ്രതിഷേധിച്ച് നിരവധി ഉപയോക്താക്കൾ സിഗ്നലിലേക്ക് മാറിയിരുന്നു. വ്യവസായ പ്രമുഖരായ ഇലോൺ മസ്ക് ഉൾപ്പെടെയുള്ളവർ സിഗ്നൽ ഉപയോഗിക്കാൻ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു.