വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട ആണും പെണ്ണും 'പി.കെ' കാണുന്നെന്ന വാട്‌സ് ആപ്പ് സന്ദേശം: തിയ്യേറ്ററില്‍ പരിശോധന
Daily News
വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട ആണും പെണ്ണും 'പി.കെ' കാണുന്നെന്ന വാട്‌സ് ആപ്പ് സന്ദേശം: തിയ്യേറ്ററില്‍ പരിശോധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st December 2014, 4:57 pm

pk2 മംഗലാപുരം: വാട്‌സാപ്പിലൂടെ പ്രചരിച്ച ഒരു സന്ദേശം വെള്ളിയാഴ്ച്ച മംഗലാപുരം പുത്തൂര്‍ അരുണ തീയറ്ററില്‍ ആശങ്ക സൃഷ്ടിച്ചു. ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട ഇരുപതുകാരി പെണ്‍കുട്ടി മറ്റൊരു വിഭാഗത്തില്‍പ്പെട്ട ഒരാണ്‍കുട്ടിയുടെയൊപ്പം ആമീര്‍ഖാന്‍ നായകനായ “പി.കെ” കാണുന്നു എന്നായിരുന്നു വാട്‌സ്ആപ്പിലൂടെ പ്രചരിച്ച ആ സന്ദേശം.

വാര്‍ത്ത പ്രചരിച്ചതോടെ രണ്ടു വിഭാഗത്തിലെ ആളുകളും പുത്തൂര്‍ ടൗണ്‍ പോലീസും ഉടനെ തന്നെ തീയറ്ററിലേക്ക് ഇരച്ചെത്തി. എന്നാല്‍ പെണ്‍കുട്ടി പുറത്തുവന്നപ്പോഴാണ് മാതാപിതാക്കളുമൊന്നിച്ചാണ് അവര്‍ തീയറ്ററില്‍ എത്തിയിട്ടുള്ളതെന്ന് മനസിലായത്. അടുത്തിരുന്ന ആണ്‍കുട്ടിയെ അറിയില്ലെന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി പറഞ്ഞു.

സന്ദേശത്തില്‍ കഴമ്പില്ലെന്ന് പോലീസിന് ബോധ്യമായതോടെ പെണ്‍കുട്ടിയേയും മാതാപിതാക്കളേയും തീയറ്ററിലേക്ക് തിരിച്ചയച്ചു. ഒരു ആണ്‍കുട്ടി പെണ്‍കുട്ടിയുടെ അടുത്തിരുന്ന് സിനിമ കാണുന്നത് കണ്ട ആരോ ആണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പിന്നീട് മനസിലായി. പരിസരത്ത് തടിച്ചു കൂടിയ ജനക്കൂട്ടത്തെ പോലീസ് പിരിച്ചുവിടുകയും പെണ്‍കുട്ടിയേയും കുടുംബത്തേയും മറ്റൊരു വാതില്‍ വഴിയാണ് പോലീസ് പുറത്തേക്കെത്തിച്ചത്.