കേന്ദ്ര സര്‍ക്കാരിനെതിരെ വാട്‌സ്ആപ്പ് കോടതിയിലേക്ക്
national news
കേന്ദ്ര സര്‍ക്കാരിനെതിരെ വാട്‌സ്ആപ്പ് കോടതിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th May 2021, 10:45 am

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വാട്‌സ്ആപ്പ് ലീഗല്‍ കംപ്ലെയ്ന്റ് ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ട്.

ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെയാണ് വാട്‌സ്ആപ്പ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് വിവരം.

സ്വകാര്യത ഇല്ലാതാക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടങ്ങളെന്ന് വാട്‌സ്ആപ്പ് പറഞ്ഞു.

കേന്ദ്രത്തിന്റെ പുതിയ നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ സ്വകാര്യതാ അവകാശങ്ങളുടെ ലംഘനമാണെന്നാണ് വാട്സാപ്പ് ഹര്‍ജിയില്‍ പറയുന്നത്.

അതേസമയം ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കുന്നത് സംബന്ധിച്ച് പ്രതികരിക്കാന്‍ വാട്സ്ആപ്പ് വക്താവ് തയ്യാറായില്ലെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

തെറ്റായ കാര്യം ചെയ്യുന്ന ഉപഭോക്താവിനെ പുറത്തുകൊണ്ടുവരാന്‍ പുതിയ നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്നാണ് വാട്സാപ്പ് പറയുന്നത്.

സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതാണ് ഇത് പാലിക്കാന്‍ സാധിക്കാത്തത്. അതിനാല്‍ തന്നെ ഉത്ഭവ കേന്ദ്രം മാത്രമല്ല സന്ദേശം എത്തുന്നവരുടെ എന്‍ക്രിപ്ഷനേയും അത് ബാധിക്കുമെന്നാണ് വാട്സാപ്പ് പറയുന്നത്

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാര്‍ഗരേഖ നടപ്പാക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് നല്‍കിയ മൂന്നുമാസത്തെ സമയം മേയ് 25-ന് അവസാനിച്ചിരുന്നു.

അതേസമയം, നിയമത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന് ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളും യൂട്യൂബും അറിയിച്ചിട്ടുണ്ട്. ട്വിറ്റര്‍ വിഷയത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: WhatsApp challenges new intermediary rules by Centre, moves Delhi HC