രജനിയും കമലും ഒന്നിക്കുമ്പോള്‍ വെട്ടിലാകുന്നതാര്? ഇരുവരെയും നേരിടാന്‍ വ്യത്യസ്ത തന്ത്രങ്ങളുമായി എ.ഐ.എ.ഡി.എം.കെയും സ്റ്റാലിനും
national news
രജനിയും കമലും ഒന്നിക്കുമ്പോള്‍ വെട്ടിലാകുന്നതാര്? ഇരുവരെയും നേരിടാന്‍ വ്യത്യസ്ത തന്ത്രങ്ങളുമായി എ.ഐ.എ.ഡി.എം.കെയും സ്റ്റാലിനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th November 2019, 12:22 pm

ചെന്നൈ: തമിഴകത്തില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച രണ്ടു പേരുകളെ ചുറ്റിപ്പറ്റിയാണ്, രജനീകാന്ത്, കമല്‍ ഹാസന്‍. തമിഴ്‌നാടിന്റെ താത്പര്യത്തിനു വേണ്ടി ആവശ്യം വന്നാല്‍ തങ്ങള്‍ ഒരുമിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയതോടെയാണു രാഷ്ട്രീയചര്‍ച്ചകള്‍ ഇവരിലേക്കു മാറിയത്.

സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ വ്യത്യസ്ത നിലപാടുകളാണ് ഇവര്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്നത്. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ ഇരുവരെയും വിമര്‍ശിച്ചുകൊണ്ടാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. ഇരുവര്‍ക്കും ശിവാജി ഗണേശന്റെ സ്ഥിതി വരുമെന്നായിരുന്നു മുഖ്യമന്ത്രി ഇ. പളനിസ്വാമിയുടെ പ്രതികരണം.

അമ്പതുകള്‍ മുതല്‍ എഴുപതുകള്‍ വരെ തമിഴ് സിനിമയിലെ രണ്ടു ധ്രുവങ്ങളായിരുന്ന ശിവാജി ഗണേശനും എം.ജി.ആറും രാഷ്ട്രീയത്തിലേക്കിറങ്ങിയെങ്കിലും വിജയിച്ചത് എം.ജി.ആര്‍ മാത്രമായിരുന്നു. ഇതു സൂചിപ്പിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഇരുവരെയും വിമര്‍ശിക്കുകയോ അനുകൂലിച്ചു സംസാരിക്കുകയോ ചെയ്യാതെയുള്ള തന്ത്രമാണ് സ്റ്റാലിന്റെ ഡി.എം.കെ നടത്തുന്നത്. ആക്രമിച്ചാല്‍ ഇരുവര്‍ക്കും വീണ്ടും അമിത പ്രാധാന്യം കൈവരുമെന്ന ചിന്തയാണ് ഡി.എം.കെയെ ഇതിനു പ്രേരിപ്പിക്കുന്നതെന്നാണു രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം എ.ഐ.എ.ഡി.എം.കെ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ ഇരുവര്‍ക്കും സഹായകരമാണ്.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ ബി.ജെ.പിയെ വിമര്‍ശിക്കുന്നതു പോലെതന്നെ എ.ഐ.എ.ഡി.എം.കെയുടെയും നിശിത വിമര്‍ശകനായിരുന്നു അദ്ദേഹം. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ഡി.എം.കെ സ്വീകരിച്ചിരിക്കുന്ന നിലപാട് തന്നെയാണ് കമല്‍ ഹാസനും ഇന്നോളം സ്വീകരിച്ചുപോന്നിട്ടുള്ളത്.

എന്നാല്‍ മറുവശത്ത് രജനീകാന്ത് അങ്ങനെയല്ല. അദ്ദേഹം കൃത്യമായി തന്റെ പ്രത്യയശാസ്ത്രം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, പലപ്പോഴും ബി.ജെ.പിയോട് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. താന്‍ ബി.ജെ.പിയിലേക്കില്ലെന്ന് അടുത്തിടെ വ്യക്തമാക്കിയെങ്കിലും രജനീകാന്തും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാരയെപ്പറ്റി പലതവണ ചര്‍ച്ചകള്‍ വന്നതാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇരുവരും ഒന്നിച്ചാല്‍ തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളായ എ.ഐ.എ.ഡി.എം.കെയുടെയും ഡി.എം.കെയുടെയും വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുമോയെന്നുള്ളതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം.

2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പാര്‍ട്ടി രൂപീകരിച്ച നടന്‍ വിജയകാന്തിന് ആദ്യ ശ്രമത്തില്‍ എട്ടുശതമാനം വോട്ടാണു ലഭിച്ചത്. അന്ന് ജയലളിതയും എം. കരുണാനിധിയും അവിടെയുണ്ടായിരുന്നു എന്നതും ഓര്‍ക്കണം. ആ സാഹചര്യത്തിലും വിജയകാന്തിനു സാന്നിധ്യം അറിയിക്കാനായി.

ഈ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിലാകട്ടെ, കമലിന്റെ പാര്‍ട്ടിക്കു ലഭിച്ചത് 3.7 ശതമാനം വോട്ടാണ്. തമിഴ്‌നാട്ടില്‍ കമലിനേക്കാള്‍ ജനപിന്തുണയുള്ള രജനിക്ക് അതിനേക്കാള്‍ വോട്ട് നേടാനാകുമെന്നാണു രാഷ്ട്രീയവൃത്തങ്ങള്‍ കരുതുന്നത്.

ഡി.എം.കെയുടെ വോട്ടുബാങ്കില്‍ കമലിനു വിള്ളല്‍ വീഴ്ത്താനാകുമ്പോള്‍ രജനിക്ക് എ.ഐ.എ.ഡി.എം.കെ പാളയത്തില്‍ ഞെട്ടലുണ്ടാക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ രജനിക്ക് ഇനിയും രാഷ്ട്രീയമായി പലതും തെളിയിക്കേണ്ടിയിരിക്കുന്നുവെന്നതാണു യാഥാര്‍ഥ്യം.