ഭീകരാക്രമണത്തിന്റെ പേരില്‍ കശ്മീരില്‍ അജണ്ട നടപ്പാക്കാനൊരുങ്ങി ബി.ജെ.പി സര്‍ക്കാര്‍; എന്തുകൊണ്ട് ആര്‍ട്ടിക്കിള്‍ 35 എ ?
Kashmir Turmoil
ഭീകരാക്രമണത്തിന്റെ പേരില്‍ കശ്മീരില്‍ അജണ്ട നടപ്പാക്കാനൊരുങ്ങി ബി.ജെ.പി സര്‍ക്കാര്‍; എന്തുകൊണ്ട് ആര്‍ട്ടിക്കിള്‍ 35 എ ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th August 2019, 9:26 am

ശ്രീനഗര്‍: ഭീകരാക്രമണ സാധ്യതയുടെ പേരുപറഞ്ഞ് ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കി പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വീട്ടുതടങ്കലിലാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആര്‍ട്ടിക്കിള്‍ 35 എയും അതുവഴി ആര്‍ട്ടിക്കിള്‍ 370-ഉം പിന്‍വലിക്കാനുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമായാണിതെന്നാണ് പ്രധാന ആരോപണം.

ആര്‍ട്ടിക്കിള്‍ 35 എ സംരക്ഷിക്കുന്നതിനായി കശ്മീരില്‍ എല്ലാ രാഷ്ട്രീയകക്ഷികളും നേതാക്കളും ഒറ്റക്കെട്ടായാണു നിലകൊള്ളുന്നത്.

1927-ല്‍ അന്നത്തെ ജമ്മു കശ്മീര്‍ ഭരണാധികാരി ഹരി സിങ്ങാണ് പ്രസ്തുത നിയമം കൊണ്ടുവന്നത്. കശ്മീരികള്‍ക്കു പ്രത്യേക അവകാശം നല്‍കുന്നതാണ് ഈ നിയമം.

കശ്മീരിലെ സര്‍ക്കാര്‍ ജോലി, ഭൂമിയിടപാടുകള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവയുടെയെല്ലാം ഗുണഭോക്താക്കള്‍ കശ്മീരികള്‍ മാത്രമായിരിക്കുമെന്നാണ് ആര്‍ട്ടിക്കിള്‍ പറയുന്നത്. സംസ്ഥാനത്തിനു പ്രത്യേക ഭരണഘടന ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 370-ന്റെ ഭാഗം തന്നെയാണിത്.

1954-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ മന്ത്രിസഭയുടെ ശുപാര്‍ശപ്രകാരം രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുന്നത്.

ജമ്മു കശ്മീരിലുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന കരാര്‍ 1952-ല്‍ നെഹ്‌റുവും കശ്മീര്‍ ഭരണാധികാരി ശൈഖ് അബ്ദുള്ളയും ഒപ്പുവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനയില്‍ ചേര്‍ത്തത്.

ആര്‍ട്ടിക്കിള്‍ 370 (1) (ഡി) പ്രകാരമാണ് രാഷ്ട്രപതി പ്രത്യേക ഉത്തരവിറക്കിയത്. സാധാരണ ഭരണഘടനയില്‍ മാറ്റം വരുത്തുമ്പോള്‍ പാര്‍ലമെന്റിന്റെ അനുമതി വേണം. എന്നാല്‍ കശ്മീരിന്റെ കാര്യത്തില്‍ രാഷ്ട്രപതിക്കു ചില ഇളവുകളുണ്ട്.

ഏറെനാളായി സംസ്ഥാനത്തു താമസിക്കുന്നയാളുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്നു സര്‍ക്കാരിനോട് ആര്‍ട്ടിക്കിള്‍ 35 എ പറയുന്നുണ്ട്. അതായത്, 10 വര്‍ഷം താമസിക്കുന്നവര്‍ക്ക് സ്ഥിരം വിലാസം ലഭിക്കും. 1954 മുതലാണ് ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചുതുടങ്ങിയത്.

എന്നാല്‍ ആര്‍ട്ടിക്കിള്‍ 368-ലൂടെ ഭേദഗതി വരുത്തി ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാരോപിച്ച് ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ‘വീ ദ സിറ്റിസണ്‍സ്’ സുപ്രീംകോടതിയെ സമീപിച്ചതോടെയാണു സംഭവം വിവാദമായത്.

പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ അതു നടപ്പാക്കിത്തുടങ്ങിയെന്നായിരുന്നു അവരുടെ ആരോപണം.

എന്നാല്‍ സംസ്ഥാനത്തിന്റെ സ്വഭാവത്തെ നിശ്ചയിക്കുന്ന ഒന്നാണ് ആര്‍ട്ടിക്കിള്‍ 35 എയെന്നും അത് പിന്‍വലിക്കുന്നത് വിഘടനവാദികള്‍ക്കു സഹായകരമാകുമെന്നുമാണ് ആര്‍ട്ടിക്കിളിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

ബി.ജെ.പി തുടക്കം മുതല്‍ ആര്‍ട്ടിക്കിളിനെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ മുന്‍പ് വിരുദ്ധാഭിപ്രായമുള്ള പി.ഡി.പിയുമായിച്ചേര്‍ന്ന് ബി.ജെ.പി ഏറെനാള്‍ കശ്മീര്‍ ഭരിച്ചിരുന്നു. പക്ഷേ സഖ്യം ഏറെനാള്‍ നീണ്ടില്ല.

ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനാപരമല്ലെന്നും അത് ഭരണഘടനയില്‍ കയറിക്കൂടിയത് പുറംവാതിലില്‍ക്കൂടിയാണെന്നും ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഇന്നലെ കശ്മീരില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്നു നടത്തിയ യോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കാണാന്‍ തീരുമാനിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370, 35 എ പിന്‍വലിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ധരിപ്പിക്കാനാണിത്.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലായിരുന്നു മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം. യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിപക്ഷനേതാക്കളായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, എം.വൈ തരിഗാമി തുടങ്ങിയവര്‍ വീട്ടുതടങ്കലിലായത്.