ഭൂപടത്തില്‍നിന്നും പുത്തുമല ഒലിച്ചുപോയത് ഇങ്ങനെ; പുത്തുമലയില്‍ യഥാര്‍ത്ഥത്തില്‍ നടന്നത് എന്തെന്ന് ദുരന്തത്തിന്റെ നേര്‍സാക്ഷി പറയുന്നു
നിമിഷ ടോം

ഓഗസ്റ്റ് എട്ടിന് ഉരുള്‍പൊട്ടലുണ്ടാകുന്നതുവരെ പുത്തുമല ശാന്തമായിരുന്നു. സുന്ദരവും. വയനാടന്‍ മലയിടുക്കുകളിലേക്ക് സഞ്ചാരികളെ എത്തിച്ചതില്‍ പുത്തുമലയ്ക്കുമുണ്ട് ഒരുപങ്ക്. ഹാരിസണ്‍ മലയാളത്തിന്റെ എസ്റ്റേറ്റില്‍ വര്‍ഷങ്ങളായി ജോലിചെയ്ത്, എസ്‌റ്റേറ്റ് പാടികളില്‍ത്തന്നെ ജീവിതം കഴിച്ചുകൂട്ടിയിരുന്ന തൊഴിലാളികളായിരുന്നു പുത്തുമലയിലെ നാട്ടുകാരില്‍ ഭൂരിഭാഗവും. അന്നന്നത്തെ ജോലിചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നവര്‍. എന്നാല്‍, ഓഗസ്റ്റില്‍ ആര്‍ത്തലച്ചെത്തിയ മഴ, വര്‍ഷകാല പെയ്ത്തിനപ്പുറം തങ്ങളുടെ ജീവനും ജീവിതവും കവര്‍ന്നെടുക്കുമെന്ന് ഇവരിലാരും പ്രതീക്ഷിച്ചിരുന്നില്ല. ഉരുളുപൊട്ടി പുത്തുമലയൊന്നാകെ ഒലിച്ചുപോയ ആ ദിവസത്തെക്കുറിച്ച് ദുരന്തം നേരില്‍കണ്ട എണ്‍പതുകാരി ധനഭാഗ്യം ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

‘പുത്തുമലയില്‍ ലേബര്‍ ക്ലബ്ബില്‍ എനിക്ക് ചെറിയ ചായക്കച്ചവടമുണ്ട്. മൂന്ന് നാല് ദിവസം നിര്‍ത്താതെ മഴയായിരുന്നു. മഴകാരണം കട അടച്ചിട്ടിരിക്കുകയായിരുന്നു.

പെരുമഴ വന്ന അന്ന് രാവിലെ കാന്റീനില്‍ പോയി ചായ കുടിച്ചിരുന്നു ഞാന്‍. അവിടെയായിരുന്നു ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ മൂന്നര വയസുകാരനുണ്ടായിരുന്നത്. പതിനഞ്ച് വര്‍ഷമായിട്ട് കുട്ടിയുണ്ടാകാതിരുന്നിട്ട് പിന്നീട് ഉണ്ടായ കുട്ടിയായിരുന്നു അവന്‍. ഞാന്‍ അന്ന് ആ കുട്ടിയുടെ അടുത്ത് കളിച്ച് ചിരിച്ച് നിന്നതാണ്. കടയില്‍ ഞങ്ങളൊരു പത്തിരുപത്തഞ്ച് ആളുണ്ടായിരുന്നു. ഭയങ്കര മഴയും…

അവിടെനിന്നും ഞാന്‍ തിരിച്ച് വീട്ടില്‍വന്ന് കുറച്ചുനേരം വിശ്രമിച്ചു. കുറച്ച് കഴിഞ്ഞ് വെറ്റിലയും അടയ്ക്കയും വാങ്ങിവരാമെന്ന് കരുതി പുറത്തേക്ക് ഇറങ്ങി. കുട എടുക്കാനായി കുനിഞ്ഞപ്പോള്‍ മിന്നല്‍ പോലെ ഒരു വലിയ വെളിച്ചം പെട്ടന്ന് ഉണ്ടായതുപോലെ തോന്നി. പിന്നെ കേള്‍ക്കുന്നത് ഭും ഭും എന്ന വിമാനത്തിന്റേതു പോലെയുള്ള വലിയ ശബ്ദമായിരുന്നു. അപ്പോള്‍ ഞാന്‍ എന്റെ മകളോട് പറഞ്ഞു, നമ്മുടെ മുറ്റത്ത് കൂടി വിമാനം വരുന്നുണ്ടെന്ന്. അടുക്കളയിലേക്ക് കയറിപ്പോയ അവള്‍ പേടിച്ചോടിത്തിരിച്ചുവന്ന് അമ്മേ, അത് വിമാനമല്ല, പുത്തുമല ഒന്നായി ഇളകി വരികയാണെന്ന് പറഞ്ഞു. കല്ലും മലയും അമ്പലവും പള്ളിയുമൊക്കെ ഒന്നാകെ ഇളകി വരികയായിരുന്നു.

അതോടെ ഞങ്ങള്‍ വീട്ടില്‍നിന്നും ഇറങ്ങിയോടി. ഓടുന്ന ഭാഗമൊക്കെ ഭൂമി ഇളകുകയായിരുന്നു. എന്തൊക്കെയുണ്ട് കയ്യില്‍, ആരൊക്കെയുണ്ട് കൂടെ എന്നൊന്നും നോക്കാന്‍ കഴിഞ്ഞില്ല. എല്ലാവരും ഇറങ്ങി ഓടുകയായിരുന്നു. എന്റെ സുഖമില്ലാത്ത മകളുടെ കയ്യുംപിടിച്ചായിരുന്നു ഞാന്‍ ഓടിയത്.

അങ്ങനെ ഓടി ചൂരല്‍മല സ്‌കൂളിന്റെ അവിടേക്ക് പോയി. അപ്പോഴാണ് അവിടെയും ഉരുള്‍പൊട്ടിവരുന്നുണ്ടെന്ന് ചിലര്‍ പറഞ്ഞത്. അതോടെ അവിടെനിന്നും ഞങ്ങള്‍ താഴേക്ക് ഓടി. താഴെപ്പോയപ്പോള്‍ ഞങ്ങളോട് ഫോറസ്റ്റ് ഓഫീസിലേക്ക് പോയിക്കോളാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആളുകളൊക്കെ താങ്ങിപ്പിടിച്ചാണ് അങ്ങോട്ട് കൊണ്ടുപോയത്. ഒരുദിവസം മൊത്തം അവിടെ വെള്ളത്തില്‍ കിടന്നു. പിറ്റെ ദിവസമാണ് ഞങ്ങളെ മേപ്പാടി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിയത്.

പിന്നെയാണ് ഞാന്‍ അറിയുന്നത് എനിക്കറിയാവുന്ന പനീര്‍ശെല്‍വം, റാണി, ഷൈല, അജി ഇവരൊക്കെ പോയെന്ന്. ഒരേ പാടിയില്‍ താമസിച്ചിരുന്നവരാണ് ഇവര്‍. ഇവരുടെ പാടിയടക്കം തകര്‍ന്നുപോയി. പിന്നെ കണ്ണയ്യ, അബൂബക്കര്‍, ഹംസ, കാളീദ്, കാളീദിന്റെ മകള്‍, ഇബ്രാഹിം, നബീസ, ക്യാന്റീനിലുണ്ടായിരുന്ന ആ കുട്ടി, കണ്ടക്ടര്‍ റംഷാദിന്റെ ഭാര്യ, വെല്‍ഫയറുടെ വീട്ടില്‍ വന്ന രണ്ട് ടൂറിസ്റ്റുകള്‍… ഇതൊക്കെ എനിക്കറിയാവുന്ന ആളുകളാണ്.

കണ്ടക്ടര്‍ റംഷാദിന്റെ ഭാര്യയും വെള്ളത്തില്‍പെട്ടു. ഒരാള്‍ അവളെ രക്ഷിക്കാന്‍ പോയിരുന്നു. പക്ഷേ, കുത്തൊഴുക്കില്‍ അവള്‍ കൈവിട്ട് കണ്‍മുമ്പിലൂടെ ഒഴുകിപ്പോയി. എല്ലാ സംഭവവും ഞാന്‍ ഈ കണ്ണുകൊണ്ടുകണ്ടതാണ്. ഇപ്പോള്‍ കണ്ണടയ്ക്കുമ്പോള്‍ ഈ വെള്ളം ഒഴുകിവരുന്നതാണ് കാണുന്നത്.

തമിഴ്‌നാട്ടിലെ അട്ടിക്കുന്ന് പന്തല്ലൂര്‍ എന്ന സ്ഥലത്തുനിന്നും 1962ലാണ് ഞാന്‍ പുത്തുമലയിലെത്തുന്നത്. എന്റെ ചേച്ചിയെ പുത്തുമലയ്ക്കായിരുന്നു വിവാഹം കഴിച്ചയച്ചത്. ചേച്ചിയുടെ പരിചയത്തില്‍ ഞാനും ഇവിടെ എത്തി. ഇവിടെ വന്നതിന് ശേഷമായിരുന്നു വിവാഹം. ഇവിടെ തേയില എസ്റ്റേറ്റില്‍ ജോലിയുണ്ടായിരുന്നു. 34 വര്‍ഷം എസ്റ്റേറ്റില്‍ ജോലി ചെയ്തു. 1995 ലാണ് എസ്റ്റേറ്റില്‍നിന്നും പിരിഞ്ഞത്.

ഇത്തവണ ഉരുള്‍പൊട്ടിയ സ്ഥലമെല്ലാം ഞങ്ങള്‍ പണിയെടുത്തിരുന്ന സ്ഥമാണ്. ഇതിലും വലിയമഴ ഇവിടെ ഉണ്ടാവാറുണ്ട്. പക്ഷേ, ഇതുവരെ ഇതുപോലൊന്ന് ഉണ്ടായിട്ടില്ല.

ഞാന്‍ ഈ നാട്ടിലെത്തിയിട്ട് വര്‍ഷങ്ങളായി. 1960കളില്‍ പുത്തുമലയുടെ ഒരുഭാഗം ഒരിക്കല്‍ ഇടിഞ്ഞിരുന്നു. 1985ല്‍ ഒന്നുകൂടി ഇടിഞ്ഞു. പിന്നീടും ചെറിയ ചെറിയ ഉരുള്‍പൊട്ടല്‍ കാട്ടില്‍ ഉണ്ടാകാറുണ്ട്. പക്ഷേ, ആളപായമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇതുപോലൊന്ന് പുത്തുമലയുടെ ചരിത്രത്തില്‍ സംഭവിച്ചിട്ടില്ല. അമ്പലവും പള്ളിയുമൊക്കെ ആദ്യമായിട്ടാണ് ഇവിടെനിന്നും ഒലിച്ചുപോവുന്നത്. ഇപ്പോഴവിടെ അമ്പലവുമില്ല പള്ളിയുമില്ല. ശവപ്പറമ്പുപോലെ കിടക്കുകയാണ് പുത്തുമല. എന്റെ നാടാണിത്. എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല.

പുറമെനിന്നും സ്ഥലം കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്കൊക്കെ പുത്തുമല ഒരു അത്ഭുതമായിരുന്നു. പുത്തുമലയുടെ താഴെ ഒരു കുളമുണ്ട്. ചതുപ്പുപോലുള്ള സ്ഥലമാണത്. അവടെ വേനല്‍ക്കാലമാകുമ്പോള്‍ നിറയെ പൂക്കള്‍ വിരിഞ്ഞ് നില്‍ക്കും. ഭയങ്കര ഭംഗിയാണ് അത് കാണാന്‍. വിനോദസഞ്ചാരികളുടെ ഇടയില്‍ പേരുകേട്ടതാണ് പുത്തുമല. ഇപ്പോള്‍ ആ നാടുപോലും കാണാതായി.

കാണാതായവരില്‍ ഹംസയെ ഇതുവരെ കണ്ടെത്തിയിട്ടില്ല, അബൂബക്കറിനെയും കണ്ണയ്യയെയുമൊന്നും കിട്ടിയിട്ടില്ല. അഞ്ച് പേരെയോ മറ്റോ ഇനിയും കണ്ടെത്താനുണ്ട്.

ഈ കണ്ണയ്യ എന്നുപറയുന്നവന്‍ എനിക്ക് വലിയ സഹായമായിരുന്നു. എന്റെ മക്കളേക്കാള്‍ എല്ലാ കാര്യവും എനിക്ക് ചെയ്ത് തരുന്നത് അവനായിരുന്നു. നല്ല മനുഷ്യനായിരുന്നു. ബുധനാഴ്ചവരെ ഞാന്‍ അവനെ കണ്ടതാണ്. എസ്റ്റേറ്റ് ജോലിക്കാരനാണ് കണ്ണയ്യ. വെല്‍ഫയറിന് എന്തോ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ വെല്‍ഫയറിന്റെ കോട്ടേഴ്‌സിലേക്ക് പോയതായിരുന്നു കണ്ണയ്യ.

അവന്‍ പോകുന്നത് കണ്ട ആരോ അവനോട് അങ്ങോട്ട് പോവണ്ട എന്ന് വിളിച്ച് പറഞ്ഞതാണ്. പക്ഷേ, വലിയ മഴയത്ത് കോട്ട് ഇട്ടിരുന്നതിനാല്‍ ഈ പറഞ്ഞത് കണ്ണയ്യ കേട്ടില്ല. അപ്പോഴേക്കും ഉരുളുപൊട്ടിവന്നു. പിന്നെ അവനെ കണ്ടിട്ടില്ല.

കൂടുതലെന്ത് പറയാനാണ്… പുത്തുമലയിലെ എല്ലാം…പുത്തുമലയൊന്നാകെ ഒലിച്ചുപോയി. ഇന്ന് പുത്തുമലയില്ല. ഏക്കറുകണക്കിന് ഭൂമിയാണ് ഇവിടെ ഇല്ലാതായത്’.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടില്ല. 2018ലെ പ്രളയക്കാലത്തും പുത്തുമല സുരക്ഷിതമായിരുന്നു. എന്നാല്‍, ഈ വര്‍ഷം ഓഗസ്റ്റ് എട്ടിന് ഉണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം തന്നെ മണ്ണിനടിയിലമര്‍ന്നു. 12 അടിയോളം ഉയരത്തിലാണ് പ്രദേശത്ത് ചെളി അടിഞ്ഞുകൂടിയത്.

പുത്തുമലയിലെ എസ്റ്റേറ്റ് തൊഴിലാളില്‍ താമസിച്ചിരുന്ന പാടികളിലേക്ക് ഉരുളുപൊട്ടിവരികയായിരുന്നു.40 പേരെയാണ് കാണാതായിരിക്കുന്നതെന്നായിരുന്നു പുത്തുമലയില്‍നിന്നും ആദ്യം പുറത്തുവന്ന വിവരം.

ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താന്‍ സര്‍വ സന്നാഹങ്ങളും പുത്തുമലയില്‍ എത്തിച്ചിരുന്നു. ഉറ്റവര്‍ക്കായി ഒരുനാട് മുഴുവന്‍ ഉറക്കമില്ലാതെ തിരച്ചിലിനിറങ്ങി. സൈന്യവും തിരച്ചിലിനിറങ്ങി.

വയനാട് എം.പി രാഹുല്‍ഗാന്ധി നേരിട്ട് ദുരന്തമുഖത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ബന്ധുക്കള്‍ ആവശ്യപ്പെടുന്നതുവരെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഉറപ്പുനല്‍കി. ഇങ്ങനെ പഴുതുകളടച്ച രക്ഷാപ്രവര്‍ത്തനമായിരുന്നു പുത്തുമലയില്‍ നടന്നത്.

രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യമണിക്കൂറുകള്‍ മുതല്‍ നിര്‍ത്താതെ പെയ്ത മഴ ദുരന്തത്തിന്റെ ആക്കം കൂട്ടി. പ്രദേശത്ത് ചെളി നിറഞ്ഞതും ഉറപ്പില്ലാത്ത മണ്ണില്‍ കാല് പതിഞ്ഞുപോകുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.

പുത്തുമലയില്‍ ആകെ 17 പേരെയാണു കാണാതായത്. തിരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചതു വരെ 12 പേരുടെ മൃതദേഹം വിവിധ ദിവസങ്ങളില്‍ വിവിധ ഇടങ്ങളില്‍നിന്നായി കണ്ടെടുത്തു. അഞ്ചുപേര്‍ ഇപ്പോഴും കാണാമറയത്താണ്. തെരച്ചില്‍ അവസാനിപ്പിക്കാമെന്ന് കാണാതായ അഞ്ചു പേരില്‍ നാലു പേരുടെയും കുടുംബങ്ങള്‍ ഞായറാഴ്ച അറിയിച്ചിരുന്നു.

സാധ്യമായ എല്ലാ മാര്‍ഗങ്ങളും ശാസ്ത്രീയ രീതികളും അവലംബിച്ച് മുഴുവന്‍ പേരെയും കണ്ടെത്താനാണു ജില്ലാ ഭരണകൂടം പരിശ്രമിച്ചതെന്ന് സബ്കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓഖി ദുരന്തസമയത്ത് സ്വീകരിച്ച രീതി അവലംബിച്ച് പുത്തുമലയില്‍ ദുരന്തത്തിനിരയായ 17 പേര്‍ക്കും തുല്യമായ നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

വയനാട് കണ്ട ഏറ്റവും വലിയ രക്ഷാദൗത്യമാണു പുത്തുമല ദുരന്തഭൂമിയില്‍ നടന്നതെന്നാണ് സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതിന് ശേഷം പറഞ്ഞത്. ദുരന്തത്തിന് തൊട്ടുമുമ്പ് മഴയുടെ ശക്തി ശ്രദ്ധയില്‍പെട്ടതോടെ പുത്തുമലയില്‍നിന്നും പരിസര പ്രദേശത്തുനിന്നും നിരവധികുടുംബങ്ങളെ അധികൃതരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് സമീപത്തെ ദുരിതാശ്വാസ ക്യാമ്പിലേക്കെത്തിച്ചിരുന്നു. അല്ലായിരുന്നെങ്കില്‍ ആളപായം ഇനിയും വര്‍ദ്ധിച്ചേക്കുമായിരുന്നു എന്നാണ് നാട്ടുകാരടക്കം പറയുന്നത്.