ന്യൂദല്‍ഹി: അരക്ഷിതനായ ഏകാധിപതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കമ്പ്യൂട്ടറുകളെ നിരീക്ഷിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തെ പൊലീസ് സ്‌റ്റേറ്റാക്കിയാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് മോദി കരുതേണ്ടെന്നും രാഹുല്‍ പറഞ്ഞു.
Converting India into a police state isn’t going to solve your problems, Modi Ji.
It’s only going to prove to over 1 billion Indians, what an insecure dictator you really are. https://t.co/KJhvQqwIV7
— Rahul Gandhi (@RahulGandhi) December 21, 2018
നേരത്തെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യക്കാരെയെല്ലാം കുറ്റവാളികളായി പരിഗണിക്കുന്നതെന്തിനാണെന്നായിരുന്നു യെച്ചൂരിയുടെ ചോദ്യം. എല്ലാ പൗരന്മാരേയും നിരീക്ഷിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു.
രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സി.ബി.ഐ, എന്‍.ഐ.എ. എന്നിവര്‍ക്കുമാണ് സ്വകാര്യ വ്യക്തികളുടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഐ.ടി. ആക്ടിലെ റൂള്‍ നാല് പ്രകാരമുള്ള ഉത്തരവാണ് സൈബര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന് സെക്യൂരിറ്റി വിഭാഗത്തിന് വേണ്ടി പുറത്തിറക്കിയത്.
ഇവര്‍ക്ക് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനും സ്വകാര്യ ഡാറ്റകള്‍ ചോര്‍ത്താനും കഴിയും. എതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാലോ മുന്‍കൂര്‍ അനുമതി വാങ്ങിയായിരുന്നു ഇത്രയും കാലം കമ്പ്യൂട്ടറുകളും മൊബൈലുകളും നിരീക്ഷിച്ചിരുന്നത്.
ഇനിമുതല്‍ പത്ത് ഏജന്‍സികള്‍ അനുവാദം കൂടാതെ പൗരന്റെ സ്വകാര്യതയിലേക്ക് കടന്നുചെല്ലാം. ആ തീരുമാനത്തിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്‍.കെ.പ്രേമചന്ദ്രനാണ് നോട്ടീസ് നല്‍കിയത്.
ALSO READ: പശ്ചിമ ബംഗാളില്‍ ബി.ജെ.പി രഥയാത്ര നടത്തരുതെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി
എന്നാല്‍ രാജ്യസുരക്ഷയ്ക്കായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും യു.പി.എ സര്‍ക്കാരിന്റെ ഉത്തരവ് പിന്തുടരുകയാണ് ചെയ്തതെന്നും എല്ലാ കമ്പ്യൂട്ടറുകളും ചോര്‍ത്തുന്നില്ലെന്നുമായിരുന്നു അരുണ്‍ ജെയ്റ്റ്ലി ഇതിന് മറുപടി നല്‍കിയത്.
ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്റര്‍ ബ്യൂറോ ഓഫ് ടാക്‌സ്, ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് സി.ബി.ഐ, എന്‍.ഐ.എ.,റോ, ജമ്മു കശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ്. ദല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് കമ്പ്യൂട്ടറുകളും ഡിവൈസുകളും നിരീക്ഷിക്കാനുള്ള ചുമതല.
നിയമത്തിലൂടെ പൗരന്‍മാര്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണം വഴി അവരെ നിരീക്ഷിക്കാനും ഡേറ്റ പിടിച്ചെടുക്കാനും കഴിയുമെന്ന് ഐ.ടി. വിദഗ്ധര്‍ വിലയിരുത്തുന്നു. പൗര സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും വിമര്‍ശനമുണ്ട്.
WATCH THIS VIDEO: