ചരിത്രത്തിലെ നമ്പർ വൺ നേട്ടം; ഓസീസിനെതിരെ വിൻഡീസ് ആധിപത്യം
Football
ചരിത്രത്തിലെ നമ്പർ വൺ നേട്ടം; ഓസീസിനെതിരെ വിൻഡീസ് ആധിപത്യം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th January 2024, 9:30 pm

ഓസ്ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിലെ ഒന്നാം ദിവസം അവസാനിച്ചിരിക്കുകയാണ്.

ഗാബയിലെ ബ്രിസ്ബെയ്നില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 89.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയില്‍ ജോഷുവ ഡി സില്‍വയും കാവേം ഹോഡ്ജും മികച്ച പ്രകടനമാണ് നടത്തിയത്. ജോഷുവ ഡ സില്‍വ 157 പന്തില്‍ 79 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകള്‍ പായിച്ചു കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്.

മറുഭാഗത്ത് കാവേം ഹോഡ്ജ് 194 പന്തില്‍ 71 റണ്‍സാണ് നേടിയത്. എട്ട് ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്.

രണ്ട് താരങ്ങള്‍ ചേര്‍ന്ന് 149 റണ്‍സിന്റെ വലിയ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയക്കെതിരെ നേടിയത്. വിന്‍ഡീസ് ബാറ്റിങ് 25.2 ഓവറില്‍ 64 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ എന്ന നിലയില്‍ തകര്‍ച്ച നേരിട്ട സമയത്തായിരുന്നു സില്‍വയുടേയും ഹോഡ്ജിന്റേയും കൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പ് പിറന്നത്.

ഇതിന് പിന്നാലെ ഒരു പുതിയ റെക്കോഡ് നേട്ടം സ്വന്തമാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഡേ-നൈറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന ചരിത്രനേട്ടമാണ് വിന്‍ഡീസ് ബാറ്റര്‍മാര്‍ സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയക്കെതിരെയുള്ള ഡേ-നൈറ്റ് ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ് നേടിയ താരങ്ങള്‍, റണ്‍സ് എന്നീ ക്രമത്തില്‍

ജോഷുവ ഡ സില്‍വ-കോവേം ഹോഡ്ജ് – 149

ഡേവിഡ് മലന്‍-ജൊ റൂട്ട്- 138

ബാബര്‍ അസം-യാസിര്‍ ഷാ-105

ആസാദ് ഷഫീക്-ഷാന്‍ മസൂദ്-103

ആസാദ് ഷഫീക്-മുഹമ്മദ് ആമിര്‍-92

അതേസമയം ഓസീസ് ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 20 ഓവറില്‍ 68 റണ്‍സ് വിട്ടു നല്‍കി കൊണ്ടായിരുന്നു സ്റ്റാര്‍ക്ക് നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ജോഷ് ഹെയ്സല്‍വുഡ് രണ്ട് വിക്കറ്റും നായകന്‍ പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

അതേസമയം ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തില്‍ വിജയിച്ചു കൊണ്ട് പരമ്പര സ്വന്തമാക്കാനാവും ഓസ്ട്രേലിയ ശ്രമിക്കുക. മറുഭാഗത്ത് രണ്ടാം ടെസ്റ്റ് വിജയിച്ചുകൊണ്ട് പരമ്പര സമനിലയാക്കാനാവും വെസ്റ്റ് ഇന്‍ഡീസ് ലക്ഷ്യമിടുക.

Content Highlight: West Indies create a new record against Australia.