കൊല്‍ക്കത്ത: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാര്‍ രൂപീകരണ ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് മമത പറഞ്ഞു. ശനിയാഴ്ച നടന്ന തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു മമതയുടെ പരാമര്‍ശം.
ജനാധിപത്യവിരുദ്ധമായും നിയമവിരുദ്ധമായും രൂപീകരിക്കുന്ന ഒരു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ താനും തന്റെ പാര്‍ട്ടിയും പങ്കെടുക്കില്ലെന്നാണ് മമത പറഞ്ഞത്. എന്‍.ഡി.എ സര്‍ക്കാര്‍ ഒരു ദിവസം മാത്രമേ നിലനില്‍ക്കാന്‍ സാധ്യതയുള്ളുവെന്നും ഇന്ത്യാ മുന്നണി അധികാരത്തിലേറുമെന്നും മമത ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നും തങ്ങളുടെ പാര്‍ട്ടി ഈ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും മമത പറഞ്ഞു. രാജ്യം മാറ്റം ആഗ്രഹിക്കുന്നു. ഇത്തവണ ജനങ്ങള്‍ വോട്ട് ചെയ്തതും അതിനുവേണ്ടിയാണ്. ആയതിനാല്‍ മോദിയെ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിക്കരുതെന്നും മമത പറഞ്ഞു.
നിലവില്‍ തങ്ങള്‍ രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. ശുഭാപ്തി വിശ്വാസത്തോടെയാണ് ഇന്ത്യാ സഖ്യം മുന്നോട്ട് പോകുന്നതെന്നും മമത പറയുകയുണ്ടായി.
അതേസമയം നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇന്ത്യാ സഖ്യം കൂട്ടായി തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കെ.സി. വേണുഗോപാലും പറഞ്ഞു.
Content Highlight: Mamata said she will stay away from the swearing-in ceremony of the third government led by Modi