കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയെന്ന കേന്ദ്രത്തിന്റെ വാദവും പൊളിഞ്ഞു; വിവാരവകാശ രേഖകള്‍ വ്യക്തമാക്കുന്നതിങ്ങനെ
national news
കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയെന്ന കേന്ദ്രത്തിന്റെ വാദവും പൊളിഞ്ഞു; വിവാരവകാശ രേഖകള്‍ വ്യക്തമാക്കുന്നതിങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th December 2020, 10:24 pm

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പ് നിരവധി സ്റ്റേക്ക് ഹോള്‍ഡേഴ്‌സുമായി ചര്‍ച്ച നടത്തിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിരന്തരമായി ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന വിവാരവകാശ നിയമ പ്രകാരമുള്ള രേഖകള്‍ പ്രകാരം സര്‍ക്കാര്‍ ഇതുവരെ ഒരു കര്‍ഷകനോടും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടില്ല.

എന്‍.ഡി.ടി.വിയാണ് വിവാരവകാശ നിയമപ്രകാരം സര്‍ക്കാരിനോട് ഇതുസംബന്ധിച്ച് വിവരങ്ങള്‍ തേടിയത്. സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയതു സംബന്ധിച്ച് ഒരു രേഖയും നിലവിലില്ല എന്നാണ് ചാനലിന് ലഭിച്ച മറുപടി.

കാര്‍ഷിക നിയമങ്ങള്‍ പാസാക്കുമ്പോള്‍ കര്‍ഷകരുമായി യാതൊരു വിധ ചര്‍ച്ചയും നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും കര്‍ഷക സംഘടനകളും ഒരുപോലെ രംഗത്തെത്തിയിരുന്നു. അന്നൊക്കെ ചര്‍ച്ചകള്‍ നടത്തിയെന്ന് പറഞ്ഞായിരുന്നു സര്‍ക്കാര്‍ പിടിച്ച് നിന്നത്.

ഒരുപാട് കാലത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ കാര്‍ഷിക നിയമം പാസാക്കിയതെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞത്. രാജ്യത്തുടനീളം നിരവധി പേരുമായി ചര്‍ച്ചകളും നിരവധി സമിതികളില്‍ വിഷയം ചര്‍ച്ചയ്ക്ക് വെച്ച ശേഷമായിരുന്നു നിയമങ്ങള്‍ നടപ്പാക്കിയതെന്നും നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞിരുന്നു.

ഇതിന് സമാനമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു. സ്റ്റേക്ക് ഹോള്‍ഡേഴ്‌സുമായി കാര്‍ഷിക നിയമത്തിന്‍മേല്‍ പല ചര്‍ച്ചകളും പരീശീലനങ്ങളും പരിപാടികളും സംഘടിപ്പിച്ചു എന്നായിരുന്നു രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തത്.

ഇതോടെ കാര്‍ഷകരുമായും വിദഗ്ധരുമായും വിപുലമായ ചര്‍ച്ചകള്‍ നടത്തിയെന്ന കേന്ദ്രസര്‍ക്കാരിന്റെ കള്ളമാണ് മറനീക്കി പുറത്ത് വന്നിരിക്കുന്നത്.

ഡിസംബര്‍ 15നാണ് എന്‍.ഡി.ടി.വി കൃഷി വകുപ്പില്‍ വിവരാവകാശം ഫയല്‍ ചെയ്തത്. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ കൂടിക്കാഴ്ചകളുടെ രേഖകള്‍ നല്‍കണം, കൂടിക്കാഴ്ചയില്‍ പങ്കെടുത്ത കര്‍ഷക പ്രതിനിധികളുടെ പേരുകളും നല്‍കണം എന്നുമായിരുന്നു ചാനല്‍ ആവശ്യപ്പെട്ടത്.

ഡിസംബര്‍ 22 നാണ് കാര്‍ഷിക വകുപ്പ് അത്തരം രേഖകളൊന്നുമില്ലെന്ന് കാണിച്ച് മറുപടി നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Were Farmers Consulted Before Farm Laws? “No Record”, Says RTI Response