Advertisement
national news
ഹജ്ജ് ഹൗസ് നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ല; വിശ്വഹിന്ദു പരിഷത്തിന്റെ വര്‍ഗീയ പ്രചരണങ്ങളെ തള്ളി ദ്വാരക നിവാസികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 13, 02:01 pm
Friday, 13th August 2021, 7:31 pm

ദ്വാരക: ദല്‍ഹി ഹജ്ജ് ഹൗസ് നിര്‍മാണത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ദ്വാരക നിവാസികള്‍.

ഹജ്ജ് ഹൗസ് നിര്‍മാണം അനാവശ്യമാണെന്ന് ആരോപിച്ച് ആള്‍ ദ്വാരക റസിഡന്റ്സ് ഫെഡറേഷന്റെ പേരില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് എഴുതിയ കത്തിനെ ദ്വാരക നിവാസികള്‍ അപലപിച്ചു.

ഫെഡറേഷന്റെ പേര് മറയാക്കി ഒരു ചെറിയ കൂട്ടം ആള്‍ക്കാര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം ഉണര്‍ത്താനുള്ള നീക്കമാണിതെന്ന് ദ്വാരക നിവാസികള്‍ കുറ്റപ്പെടുത്തി. ആള്‍ ദ്വാരക റസിഡന്റ്സ് ഫെഡറേഷന്റെ നീക്കത്തെ അപലപിച്ച് നൂറിലധികം പേരാണ് രംഗത്തെത്തിയത്.

ദ്വാരകയിലെ ഹജ്ജ് ഹൗസിനായി ദല്‍ഹി വികസന അതോറിറ്റി ഭൂമി അനുവദിക്കുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്ദറില്‍ ചില ഹിന്ദു സംഘടനകള്‍ക്കൊപ്പം ആള്‍ ദ്വാരക റസിഡന്റ്സ് ഫെഡറേഷന്‍ പ്രതിഷേധം നടത്തിയിരുന്നു.

ഹിന്ദുവിന് ഇതുപോലുള്ള സൗകര്യങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും നികുതി അടക്കുന്നവരുടെ പണം പാഴാക്കുന്നതാണ് ഈ തീരുമാനമെന്നുമാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്.

സര്‍ക്കാര്‍ ഭൂമിയില്‍ ഹജ്ജ് ഹൗസ് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്തും ഭീഷണി മുഴക്കിയിരുന്നു. മുസ്‌ലിങ്ങളെ പ്രീണിപ്പിക്കാനുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അടവാണിതെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ ആരോപണം.

എന്നാല്‍ ഈ വാദങ്ങളൊയൊക്കെ തള്ളിക്കൊണ്ട് ദ്വാരക നിവാസികള്‍ രംഗത്തെത്തുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content highlights:  We support construction of Delhi Haj House: Dwarka residents