ജനീവ: ലോകം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനമാണ് ലോകമിപ്പോള്‍ കൊവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടങ്ങളിലാണെന്ന് ഔദ്യോഗികമായി അറിയിച്ചത്.
‘നിര്‍ഭാഗ്യവശാല്‍ നമ്മളിപ്പോള്‍ കൊവിഡ് മൂന്നാം തരംഗത്തിന്റെ പിടിയിലാണ്. നിലവില്‍ ഡെല്‍റ്റ വകഭേദം 111 രാജ്യങ്ങളിലേക്ക് പടര്‍ന്നുകഴിഞ്ഞു. വൈകാതെ തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപിച്ച കൊവിഡ് വകഭേദമായി ഡെല്‍റ്റ മാറും,’ ടെഡ്രോസ് അഥാനം പറഞ്ഞു.
ജനങ്ങള്‍ സഞ്ചരിക്കുന്നത് വര്‍ധിച്ചതും കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായും സ്ഥിരിതയോടെയും പാലിക്കാത്തതുമാണ് കൊവിഡ് വ്യാപനം രൂക്ഷമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായതും യൂറോപ്പിലും അമേരിക്കയിലും വാക്‌സിനേഷന്‍ നിരക്ക് വര്‍ധിച്ചതും പ്രതീക്ഷ നല്‍കുന്നതായിരുന്നെന്നും എന്നാല്‍ നിലവില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 18 കോടി 91 ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 5.46 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
മരണസംഖ്യ 40,73,945 ആയി ഉയര്‍ന്നിട്ടുണ്ട്. 17,27,00000 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
രാജ്യത്തും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,806 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 581 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതിദിന കണക്ക് നാല്‍പ്പതിനായിരത്തിന് മുകളിലേക്ക് ഉയരുന്നത്. ഇന്നലെ 19,43,488 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍) അറിയിച്ചു. ജൂലൈ 14 വരെ 43,80,11,958 സാമ്പിളുകളാണ് പരിശോധിച്ചത്.
4,32,041 പേരാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സിയിലുള്ളതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 3,01,43,850 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,11,989 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 39,13,40,491 ഡോസ് വാക്സിന്‍ നല്‍കി.