ബാഴ്സലോണക്കെതിരെയുള്ള കളി ശരിക്കുമൊരു ഫൈനലാണ്; മാഞ്ചസ്റ്റർ യുണൈറ്റഡ് താരം
football news
ബാഴ്സലോണക്കെതിരെയുള്ള കളി ശരിക്കുമൊരു ഫൈനലാണ്; മാഞ്ചസ്റ്റർ യുണൈറ്റഡ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th February 2023, 5:33 pm

യുവേഫ യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫെബ്രുവരി 16ന് ബാഴ്സലോണയെ എതിരിടുകയാണ്.

യൂറോപ്പ ലീഗിൽ ഗ്രൂപ്പ്‌ ഘട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തിയ മാൻ യുണൈറ്റഡും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ ബാഴ്സലോണയും യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ ക്വാളിഫയർ മത്സരത്തിലാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഇരുപാദ ക്വാളിഫയറിൽ വിജയിക്കാൻ കഴിയുന്ന ടീമിന് യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടാം.

എന്നാലിപ്പോൾ ബാഴ്സലോണക്കെതിരെയുള്ള മത്സരം ഫൈനൽ പോലെ പ്രധാനപ്പെട്ടതാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മാൻ യുണൈറ്റഡിന്റെ പുതിയ സ്ട്രൈക്കർ വൂട്ട് വെഗോസ്റ്റ്.

മാൻ യുണൈറ്റഡിന്റെ ഔദ്യോഗിക മാധ്യമത്തോട് സംസാരിക്കവെയായിരുന്നു വെഗോസ്റ്റിന്റെ പ്രസ്താവന.


“തീർച്ചയായും ബാഴ്സലോണക്കെതിരെ മത്സരിക്കുക എന്നത് ഞങ്ങൾക്ക് വലിയൊരു വെല്ലുവിളി തന്നെയാണ്.

രണ്ട് മത്സരങ്ങളും പ്രധാനപ്പെട്ടതാണ്. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ടൈറ്റിൽ ട്രോഫി ഉയർത്തുക എന്നതാണ്. ആർക്കെതിരെ? എവിടെ കളിക്കുന്നു? എന്നതൊന്നും പ്രധാനമല്ല, അവസാനം ട്രോഫി നേടാൻ സാധിക്കണം. അങ്ങനെ നോക്കുമ്പോൾ ബാഴ്സക്കെതിരെയുള്ള മത്സരം ഒരു തരത്തിൽ ഫൈനൽ തന്നെയാണ്,’ വൂട്ട് വെഗോസ്റ്റ്പറഞ്ഞു.

“തീർച്ചയായും ക്യാമ്പ് ന്യൂവിൽ കളിക്കുക എന്നത് വളരെ ആവേശഭരിതമായ കാര്യമാണ്. ഫുട്ബോൾ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട രണ്ട് ക്ലബ്ബുകളാണ് ബാഴ്സയും മാൻ യുണൈറ്റഡും.

എന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകളാണ് ഇവ രണ്ടും. അത്കൊണ്ട് തന്നെ ഈ മത്സരം എനിക്ക് വലിയൊരു അനുഭവമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’  വെഗോസ്റ്റ് കൂട്ടിച്ചേർത്തു.

അതേസമയം മത്സരത്തിൽ വിജയിക്കേണ്ടത് ഇരു ടീമുകൾക്കും വളരെ പ്രാധാന്യമുള്ള കാര്യമാണ്. ആറ് വർഷമായി കിരീടമൊന്നും നേടാൻ സാധിക്കാത്ത യുണൈറ്റഡും കഴിഞ്ഞ വർഷം ലാ ലിഗയും ചാമ്പ്യൻസ് ലീഗും നഷ്‌ടപ്പെട്ട ബാഴ്സയും യൂറോപ്പ സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.

 

ഫെബ്രുവരി 16ന് ഇന്ത്യൻ സമയം രാത്രി 11:35 നാണ് ബാഴ്സ-മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം. ഇന്ത്യയിൽ സോണി സ്പോർട്സ് ടു, സോണി ലിവ്, ജിയോ ടിവി എന്നിവിടങ്ങളിൽ മത്സരം തത്സമയം കാണാം.

 

Content Highlights: We have to see it as a final Wout Weghorst said about match against barcelona