Kerala News
വയനാട് പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടലെന്ന് റിപ്പോര്‍ട്ട്; നിരവധി പേരെ കാണാതായെന്നും റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 08, 02:15 pm
Thursday, 8th August 2019, 7:45 pm

വയനാട് മേപ്പാടി പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടലെന്ന് റിപ്പോര്‍ട്ട്. നിരവധി പേരെ കാണാതായെന്നും അവിടെ നിന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെയുണ്ടായിരുന്ന പാടികളില്‍ താമസിക്കുന്ന മനുഷ്യരെയാണ് കാണാതായിട്ടുള്ളത്. പരിസരത്തുള്ള അമ്പലത്തിലും പള്ളിയിലും ആളുകള്‍ ഉണ്ടായിരുന്നു. ഏതാണ്ട് 40 പേരെയാണ് കാണാതായിരിക്കുന്നതെന്നാണ് വിവരം.

ഉരുള്‍പൊട്ടിയ വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തകരെത്തി. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുകയാണ്.സൈന്യത്തെ ഇവിടത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ പറഞ്ഞു.

ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. സാധ്യമായ എല്ലാ സുരക്ഷാ പ്രവര്‍ത്തനവും ഒരുക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.