Kerala News
വയനാട് പുനരധിവാസത്തിനുള്ള വായ്പ; കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ അപ്രായോഗികമെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 03, 08:20 am
Monday, 3rd March 2025, 1:50 pm

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനുള്ള കേന്ദ്ര വായ്പയുടെ വിനിയോഗത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. വായ്പാ വിനിയോഗത്തിന്റെ സമയപരിധിയില്‍ കേന്ദ്രം വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി പറഞ്ഞു.

2025 മാര്‍ച്ച് 31നകം വായ്പ വിനിയോഗിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. എന്നാല്‍ കേന്ദ്രത്തിന്റെ നിര്‍ദേശം അപ്രായോഗികമാണെന്ന് കോടതി പറഞ്ഞു.

ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കകം കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യവും കോടതി മുന്നോട്ടുവെച്ചു.

അതേസമയം വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഈ വിഷയത്തില്‍ മൂന്നാഴ്ചക്കകം മറുപടി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിന് എന്താണ് തടസമെന്ന് ഇതിനുമുമ്പും ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. 2024 സെപ്റ്റംബറില്‍ ദുരന്തബാധിതരുടെ വ്യക്തിഗത, വാഹന, ഭവന വായ്പകള്‍ എഴുതിത്തള്ളാന്‍ കഴിയുമോയെന്ന് കേന്ദ്ര സര്‍ക്കാരിനോടും ദേശീയ ദുരന്തനിവാരണ അതോറിറ്റിയോടും ഹൈക്കോടതി ചോദിച്ചിരുന്നു.

ഫെബ്രുവരി രണ്ടിന് വയനാട് പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാരിന് 530 കോടിയുടെ പലിശയില്ലാ വായ്പ കേന്ദ്രം അനുവദിച്ചിരുന്നു. 50 വര്‍ഷം കൊണ്ട് സംസ്ഥാനം ഈ വായ്പ തിരിച്ചടക്കണമെന്നും മാര്‍ച്ച് 31നകം വായ്പ തുക ചെലവഴിക്കണമെന്നുമാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്.

529.50 കോടി രൂപയാണ് വായ്പ ഇനത്തില്‍ കേന്ദ്രം കേരളത്തിന് അനുവദിച്ചത്. 16 പദ്ധതികള്‍ക്കായാണ് കേന്ദ്രം വായ്പ അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പ് പദ്ധതിക്കായി കണ്ടെത്തുന്ന ഭൂമിയില്‍ പൊതുകെട്ടിടങ്ങള്‍, റോഡ് തുടങ്ങിയവയുടെ നിര്‍മാണത്തിനായാണ് വായ്പ തുക വിനിയോഗിക്കാന്‍ കഴിയുക.

എന്നാല്‍ വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത നിവാരണത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2000 കോടിയുടെ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെട്ടത്.

ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. റിക്കവറി നടപടികള്‍ ഒഴിവാക്കണമെന്നും സംസ്ഥാനം നിര്‍ദേശിച്ചിരുന്നു.

ഇതിനിടെ ആന്ധ്രപ്രദേശിനും തെലങ്കാനക്കും ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയും കേന്ദ്രം ദുരന്ത നിവാരണ സഹായം അനുവദിച്ചിരുന്നു. കേരളത്തിന് 529 കോടി രൂപ കടമായി നല്‍കിയപ്പോഴാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം തുടര്‍ച്ചയായി ദുരന്ത നിവാരണ സഹായം അനുവദിച്ചത്.

2024ല്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ് എന്നിവയാല്‍ ദുരിതമനുഭവിച്ച അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ദുരന്ത പ്രതികരണ നിധി (NDRF) പ്രകാരം 1554.99 കോടി രൂപ അധിക കേന്ദ്ര സഹായം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതി അംഗീകാരം നല്‍കുകയായിരുന്നു. ഈ സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളം ഉള്‍പ്പെട്ടിരുന്നില്ല.

Content Highlight: Wayanad Rehabilitation Loan; The High Court said that the Centre’s recommendations are impractical