രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും
Wayanad landslide
രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd August 2024, 8:50 pm

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാസത്തെ തന്റെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. എം.എല്‍.എ എന്ന നിലയിലുള്ള തന്റെ ഒരു മാസത്തെ വരുമാനമായിരിക്കും അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോരുത്തരും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കി വയനാടിന്റെ പുനരധിവാസത്തിനൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നേരത്തെ മന്ത്രിമാര്‍ തങ്ങളുടെ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് തീരുമാനമെടുത്തിരുന്നെങ്കിലും എം.എല്‍.എമാരുടെ ശമ്പളത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. ഈ ഘട്ടത്തിലാണ് രമേശ് ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ സംബന്ധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകരില്‍ ഏതെങ്കിലും തരത്തിലുള്ള ആശങ്കള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ രമേശ് ചെന്നിത്തലയുടെ നിലപാട് സഹായകരമാകും എന്നാണ് വിലയിരുത്തല്‍.

അതേ സമയം വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സിനിമാതാരങ്ങളും വ്യവസായപ്രമുഖരും സാധാരണക്കാരും ഉള്‍പ്പടെ നിരവനി പേരാണ് തങ്ങളാലാവുന്ന സഹായം നല്‍കിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം, സിനിമ താരങ്ങളായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയും സൂര്യ, കാര്‍ത്തി, ജ്യോതിക, രഷ്മിക മന്ദാന തുടങ്ങിയവരുള്‍പ്പടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ഇന്ന് മോഹന്‍ലാല്‍, ടൊവിനോ തോമസ് തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

സാധാരക്കാരായ നിരവധിപേരാണ് തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നും നീക്കിയിരിപ്പുകളില്‍ നിന്നും വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിക്കൊണ്ടിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 334 പേരാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടത്. 280 പേരെ കുറിച്ച് ഇപ്പോഴും വിവരമൊന്നും ലഭിച്ചിട്ടില്ല. മരണപ്പെട്ടവരില്‍ 180ലധികം ആളുകളുടെ മൃതദേഹങ്ങള്‍ ലഭിച്ചത് ചാലിയാര്‍ പുഴയില്‍ നിന്നാണ്.

content highlights: wayanad landslide; Ramesh Chennithala will donate one month’s salary to the Chief Minister’s Relief Fund