Sports News
മുമ്പ് എന്റെ അഗ്രഷനായിരുന്നു പ്രശ്നം, ഇപ്പോള്‍ എന്റെ ശാന്തതയും; വെളിപ്പെടുത്തലുമായി കോഹ്ലി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 16, 12:15 pm
Sunday, 16th March 2025, 5:45 pm

കളിക്കളത്തിലെ ആക്രമണോത്സുക പെരുമാറ്റത്തിന് പേരുകേട്ടയാളാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി. മത്സരങ്ങളില്‍ അമിതമായ അഗ്രസ്സീവ്‌നെസ്സ് കാണിച്ചതിന് കോഹ്ലി നിരവധി തവണ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, കുറച്ച് കാലങ്ങളായി ശാന്തമായാണ് താരത്തെ ഗ്രൗണ്ടില്‍ കാണാറുള്ളത്.

ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് കിങ് കോഹ്ലി. ആദ്യം തന്റെ ആക്രമണോത്സുകതയായിരുന്നു പ്രശ്നമെങ്കില്‍ ഇപ്പോള്‍ ശാന്തതയാണ് പ്രശ്നമെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്നും സൂപ്പര്‍ താരം പറഞ്ഞു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐ.പി.എല്ലിന് മുന്നോടിയായി നടത്തിയ ഇന്നൊവേഷനല്‍ ലാബ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു താരം.

 

‘സത്യം പറഞ്ഞാല്‍ എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. എന്റെ ആക്രമണോത്സുകതയായിരുന്നു ആദ്യം പ്രശ്നം. ഇപ്പോള്‍ എന്റെ ശാന്തതയും. എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് ഒരു ധാരണയുമില്ലാത്തതുപോലെയാണ് തോന്നുന്നത്. അതുകൊണ്ടാണ് ഞാന്‍ അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തത്,’ കോഹ്ലി പറഞ്ഞു.

പരിപാടിയില്‍ പുറത്തു നിന്നുള്ള പ്രതികരണങ്ങളെ എങ്ങനെ നേരിടുന്നുവെന്നതിനെ കുറിച്ചും കോഹ്ലി സംസാരിച്ചു. ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയിലെ തന്റെ പ്രകടനത്തെ കുറിച്ചും താരം പറഞ്ഞു.

‘പുറത്തുനിന്നുള്ള പ്രതികരണങ്ങളെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയാല്‍, നിങ്ങള്‍ കൂടുതല്‍ സമ്മര്‍ദത്തിലാവാന്‍ തുടങ്ങും. ഓസ്ട്രേലിയയിലും ഞാന്‍ അനുഭവിച്ചിട്ടുള്ള ഒന്നാണ് അത്. കാരണം ആദ്യ ടെസ്റ്റില്‍ എനിക്ക് നല്ല സ്‌കോര്‍ ലഭിച്ചു. ഈ പരമ്പര മികച്ചതാവുമെന്ന് ഞാന്‍ കരുതി.

പക്ഷേ, അത് അങ്ങനെയായി മാറിയില്ല. നിങ്ങള്‍ ഇതിനെ എങ്ങനെ നേരിടും? എന്നെ സംബന്ധിച്ച് എന്താണോ നടന്നത്, അതിനെ അതേപോലെ അംഗീകരിക്കലാണ് പ്രധാനം. ഞാന്‍ എന്നോട് തന്നെ സത്യസന്ധത പുലര്‍ത്താന്‍ ശ്രമിക്കും,’ കോഹ്ലി പറഞ്ഞു.

നിലവില്‍ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ ഭാഗമായ വിരാട് കോഹ്ലി ക്രിക്കറ്റ് മാമാങ്കത്തിന്റെ പതിനെട്ടാം പതിപ്പിനുള്ള തയ്യാറെടുപ്പിലാണ്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മാര്‍ച്ച് 22ന് ബെംഗളൂരു നേരിടും. മാര്‍ച്ച് 28ന് ചെന്നൈ സൂപ്പര്‍ കിങ്സുമായാണ് ഈ മാസം ബെംഗളുരുവിന് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള മറ്റൊരു മത്സരം.

Content Highlight: Virat Kohli Talks About His Aggression On The Field