ഒരോ വര്‍ഷത്തെയും വരള്‍ച്ചയില്‍ റെക്കോഡ് ചൂടാണ് പാലക്കാട് ജില്ല രേഖപ്പെടുത്തുന്നത്. പരിസ്ഥിതിയെ മറന്നുള്ള വികസനവും പ്രകൃതി ചൂഷണവും പാലക്കാടിനെ ചുട്ടുപൊള്ളിക്കുകയാണ്. കൃഷിയും പരിസ്ഥിതിയും ഒരോ ദിവസം കഴിയുന്തോറും അന്യം നില്‍ക്കുമ്പോള്‍ അതിനെ പുനരുജ്ജീവിപ്പിക്കേണ്ട ഭരണകൂടങ്ങള്‍ തന്നെ മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്നാണ് പാലക്കാട് കിന്‍ഫ്ര പൈപ്പ് ലൈന്‍ വിരുദ്ധ സമരം ചൂണ്ടിക്കാണിക്കുന്നത്.
കൃഷി ചെയ്യാനാവശ്യമായ വെള്ളമില്ലാത്ത കര്‍ഷകരുടെ ദുരിതത്തിനിടെയാണ് മലമ്പുഴ ഡാമില്‍ നിന്നും വ്യവസായിക ആവശ്യത്തിനായി വെള്ളം കൊണ്ടുപോകുന്ന കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിയ്ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്. മലമ്പുഴ ഡാമില്‍ നിന്ന് കഞ്ചിക്കോട്ടെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ കമ്പനികള്‍ക്ക് 20 ദശലക്ഷം ലിറ്റര്‍ വെള്ളം എത്തിക്കുക എന്നതാണ് പദ്ധതി. ജലസേചനത്തിനാവശ്യമായ വെള്ളമില്ലാത്തതിനാല്‍ കര്‍ഷകരോട് രണ്ടാം കൃഷിയിറക്കരുതെന്ന നിര്‍ദ്ദേശവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയ വര്‍ഷം തന്നെയാണ് വ്യവസായിക ആവശ്യങ്ങള്‍ക്ക് ജല അതോറിറ്റി വെള്ളം നല്‍കാന്‍ തീരുമാനിക്കുന്നത്.
സെപ്തംബര്‍ 19നു ജല അതോറിറ്റി എം.ഡി ഷൈനമോളാണ് പദ്ധതിയ്ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കുന്നത്. തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പെരുമ്പാവൂര്‍ സ്വദേശി ഒ.കെ ജോസ് എന്ന വ്യക്തിയ്ക്ക് 33.3 കോടി രൂപയ്ക്ക് കരാര്‍ നല്‍കുകയും ചെയ്തു. മലമ്പുഴ ഡാമിനെക്കുറിച്ച് കെ.ഇ.ആര്‍.ഇ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ഡാമിലെ ജലനിരപ്പ് താഴ്ന്നു വരികയാണന്നും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ലഭിക്കുന്ന വെള്ളത്തിന്റെ അളവില്‍ വലിയ വ്യത്യാസം സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമ്പോഴാണ് വെള്ളം കൊണ്ടുപോകാനുള്ള തീരുമാനം വരുന്നത്.
മലമ്പുഴ ഡാമില്‍ നിന്നു കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്ക് 13 കിലോമീറ്റര്‍ ദൂരം 600 എം.എം പൈപ്പ് ഉപയോഗിച്ച് നേരിട്ട് വെള്ളം കൊണ്ടുപോകുന്ന പദ്ധതിയ്ക്കാണ് അതോറിറ്റി തയ്യാറെടുക്കുന്നതെന്ന് കിന്‍ഫ്ര പൈപ്പ് ലൈന്‍ വിരുദ്ധ സമരസമതി കണ്‍വീനര്‍ ബോബന്‍ മാട്ടുമന്ത ഡൂള്‍ന്യൂസിനോട് പറഞ്ഞു. 2017 ഒക്ടോബര്‍ ആറിനാണ് മലമ്പുഴ ഡാമില്‍ നിന്ന് കഞ്ചിക്കോട്ടെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്ക് വ്യവസായ ആവശ്യങ്ങള്‍ക്കായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളമെത്തിക്കാന്‍ ജല അതോറിറ്റി തയ്യാറെടുക്കുന്നതായുള്ള വാര്‍ത്ത തങ്ങളറിയുന്നതെന്ന് ബോബന്‍ മാട്ടുമന്ത പറയുന്നു.
ജനങ്ങള്‍ക്ക് അത്യാവശ്യത്തിനുള്ള കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവുമില്ലാത്ത സമയത്ത് വ്യവസായിക ആവശ്യങ്ങള്‍ക്കായി ഡാമില്‍ നിന്നും വെള്ളം കൊണ്ടുപോകുന്നെന്ന വാര്‍ത്ത പുറത്ത വന്നതോടെ കര്‍ഷകര്‍ ഒത്തുചേരുകയും ജലഅതോറിറ്റിയുടെ തീരുമാനത്തിനെതിരെ രംഗത്ത് വരികയും ചെയ്യുകയായിരുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 20 നു കര്‍ഷകര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു.
കെ.ഇ.ആര്‍.ഇയുടെ പഠന റിപ്പോര്‍ട്ടില്‍ ഡാമില്‍ 28 എം.എം ക്യൂബ് ചളിയടിഞ്ഞിരിക്കുകയാണെന്ന് പറയുന്നുണ്ടെന്നും 8 എം.എം ചളിയും കരുതല്‍ ജലവും കഴിഞ്ഞാല്‍ ബാക്കിവരുന്ന ജലമാണ് കാര്‍ഷിക- കുടിവെള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നും ബോബന്‍ പറഞ്ഞു.
“2002 കാലഘട്ടത്തില്‍ 102 ദിവസം കാര്‍ഷിക ആവശ്യത്തിനു കനാല്‍ വഴി വെള്ളം തുറന്നു വിട്ടിരുന്നു. എന്നാല്‍ 2016 ആകുമ്പോള്‍ വെറും 27 ദിവസമാണ് വെള്ളം തുറന്ന് വിട്ടത്. ഇപ്രാവശ്യം കലക്ടര്‍ പറഞ്ഞത് 53 ദിവസത്തേക്ക് വെള്ളം തരാമെന്നാണ്. ഈ രണ്ടു കാര്യങ്ങളും സൂചിപ്പിക്കുന്നത് മലമ്പുഴ ഡാമിന്റെ സംഭരണശേഷിയില്‍ വലിയതോതിലുള്ള കുറവുണ്ടായിട്ടുണ്ട് എന്നതാണ്”- ബോബന്‍ പറയുന്നു.
സംഭരണശേഷിയില്‍ ഗണ്യമായ ഇടിവ് സംഭവിച്ച ഈ സാഹചര്യത്തിലാണ് കിന്‍ഫ്രയ്ക്ക് വെള്ളം കൊടുക്കുന്നതിനെതിരായി സമര സമിതി രംഗത്തെത്തുന്നത്. ഇതിനു പുറമേ ഇറിഗേഷന്‍ വകുപ്പ് കിന്‍ഫ്ര പാര്‍ക്കിനു നല്‍കാന്‍ ഡാമില്‍ വെള്ളമില്ലെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാരിനു നേരത്തെ കത്തു നല്‍കിയിരുന്നതായും സമരസമിതി ചൂണ്ടിക്കാട്ടുന്നു.
ഇറിഗേഷന്‍ വകുപ്പിന്റെ കോമ്പൗണ്ടിനുള്ളില്‍ക്കൂടെ പൈപ്പ് ഇടുന്നതിനായി വകുപ്പ് ഇതുവരെയും അനുമതി നല്‍കിയിട്ടില്ല. പ്രത്യക്ഷമായി ഇത്തരം കാര്യങ്ങള്‍ നിലനില്‍ക്കവേയാണ് ജലവിതരണവകുപ്പ് കിന്‍ഫ്രയുമായി ചേര്‍ന്ന് വെള്ളം കൊണ്ടുപോകുന്നതിനുള്ള പദ്ധതികള്‍ നടത്തുന്നത്. ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലാണ് മലമ്പുഴ ഡാം പ്രവര്‍ത്തിക്കുന്നത്. ഡാമിലെ ജലവിതരണത്തിന്റെ ചുമതല വാട്ടര്‍ അതോറിറ്റിയ്ക്കുമാണ്.
ഇറിഗേഷന്‍ വകുപ്പ് വ്യാവസായിക ആവശ്യങ്ങള്‍ക്ക് വെള്ളം നല്‍കുന്നില്ലെന്നും കുടിവെള്ള- കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ജലവതിരണത്തിനു അനുമതി നല്‍കുന്നതെന്നും സമരസമിതി പറയുന്നു. എന്നാല്‍ നേരെ തിരിച്ചാണ് അതോറിറ്റിയുടെ പ്രവര്‍ത്തനം. ഇറിഗേഷന്‍ വകുപ്പ് അറിയാതെയാണ് ജല അതോറിറ്റിയുടെ വെള്ളക്കച്ചവടം.
വിഷയത്തില്‍ ജല അതോറിറ്റിയും ജലസേചന വകുപ്പും വ്യത്യസ്ത വിവരങ്ങളാണ് ജനങ്ങളുമായി പങ്കുവെക്കുന്നത്. നിലവില്‍ കഞ്ചിക്കോട് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്ക് 10 ദശലക്ഷം ലിറ്റര്‍ വെള്ളം നല്‍കുന്നുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയില്‍ ജലസേചന വകുപ്പ് പറയുന്നത്. എന്നാല്‍ നിലവില്‍ ജലം നല്‍കുന്നില്ലെന്നാണ് ജലഅതോറിറ്റിയുടെ മറുപടി.
കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതി കരാര്‍ ജലഅതോറിറ്റിയുടെ ഓഫീസില്‍ ലഭ്യമാണെന്ന് ജലസേചന വകുപ്പ് പറയുന്നുണ്ടെങ്കിലും നിലവില്‍ പുതിയ പദ്ധതിക്കായി ജലം ആവശ്യപ്പെട്ട് കിന്‍ഫ്ര അപേക്ഷ സമര്‍പ്പിച്ചില്ലെന്നും പൈപ്പ് ലൈന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയില്ലെന്നുമാണ് ജലഅതോറിറ്റി അധികൃതര്‍ നല്‍കുന്ന മറുപടിയെന്നും ബോബന്‍ പറയുന്നു.
എന്നാല്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയില്ലെന്ന് പറയുമ്പോഴും ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയില്‍ പോയി പൈപ്പിന്റെ ഗുണമേന്‍മ പരിശോധിക്കുകയുണ്ടായെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു. പദ്ധതി നിര്‍വ്വഹണ ചുമതലയുള്ള അതോറിറ്റി പദ്ധതിയെക്കുറിച്ച് അറിയില്ല എന്ന് പറയുന്നത് നിരുത്തരവാദപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ നിലപാടാണെന്നാണ് സമരസമിതി പറയുന്നത്.
“102 സ്ഥാപനങ്ങള്‍ക്ക് വാണിജ്യ ആവശ്യങ്ങള്‍ക്കായി വാട്ടര്‍ അതോറിറ്റി വെള്ളം നല്‍കുന്നുണ്ടെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. കുപ്പിവെള്ള കമ്പനികള്‍ക്കും, യു.ബി എന്ന ബിയര്‍ കമ്പനിയ്ക്ക് 5 ലക്ഷം ലിറ്റര്‍ വെള്ളവും നല്‍കുന്നുണ്ട്. ആര്യവൈദ്യശാലയ്ക്ക് 44,000 ലിറ്റര്‍ വെള്ളം നല്‍കുന്നുണ്ട്.”
ഇങ്ങനെ വില്‍ക്കുന്ന വെള്ളം മറിച്ച് വിറ്റ് വാട്ടര്‍ അതോറിറ്റി പണം തട്ടുന്നുണ്ടെന്ന ആരോപണവും സമരസമിതി ഉന്നയിക്കുന്നു. ആര്യവൈദ്യശാലയ്ക്ക് 40000 ലിറ്റര്‍ വെള്ളത്തിന്റെ ആവശ്യമെന്താണെന്നാണ് ഇവരുടെ ചോദ്യം. ഇത്തരത്തില്‍ വാട്ടര്‍ അതോറിറ്റി കമ്പനികള്‍ക്ക് നല്‍കുന്ന വെള്ളത്തിനു തുച്ഛമായ തുക മാത്രമാണ് ഈടാക്കുന്നത്. ഒരു ലിറ്റര്‍ വെള്ളത്തിനു നാല് പൈസയാണ് തുക. 1000 ലിറ്ററിനു 40 രൂപ. ബിയര്‍ കമ്പനിയ്ക്ക് നല്‍കുന്നതും 1000 ലിറ്ററിനു 40 രൂപ എന്ന നിരക്കിലാണ്.
ഇത്തരത്തിലുള്ള കമ്പനികളുടെ ഉത്പന്നങ്ങള്‍ വലിയ വിലയ്ക്ക് പൊതുവിപണിയില്‍ എത്തിക്കുമ്പോഴാണ് അവര്‍ക്കുള്ള വെള്ളത്തിനു അതോറിറ്റി തുച്ഛമായ തുക ഈടാക്കുന്നത്. കമ്പനിയ്ക്ക് നല്‍കുന്ന വെള്ളത്തിന്റെ അളവിനു യാതൊരു കണക്കുമില്ല. എത്ര തുക കെട്ടിയാലും അതിനനുസരിച്ചുള്ള വെള്ളം ഈ കമ്പനികള്‍ക്ക് നല്‍കുന്നുണ്ട്. മാത്രമല്ല ഡാമില്‍ നിന്ന് നേരിട്ട് വെള്ളം നല്‍കുന്നതിനു പകരം പമ്പ് ഹൗസില്‍ കൊണ്ടുവന്ന് ശുദ്ധീകരിച്ച വെള്ളമാണ് നല്‍കുന്നത്. സ്വകാര്യ കമ്പനികള്‍ക്കാണ് തുച്ഛമായി നിരക്കില്‍ സര്‍ക്കാര്‍ വെള്ളം ശുദ്ധീകരിച്ചു കൊടുക്കുന്നത്.
പൈപ്പ് ലൈന്‍ വഴിയാണ് ഇത്തരം കമ്പനികള്‍ക്കുള്ള വെള്ളം വിതരണം ചെയ്യുന്നത്. ഇതില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ടാങ്കറിലൂടെ പമ്പ് ഹൗസില്‍ നിന്ന് നേരിട്ടും വെള്ളം നല്‍കുന്നു. കിന്‍ഫ്രയ്ക്ക് വെള്ളം നല്‍കുകയാണെങ്കില്‍ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന പെപ്‌സി കമ്പനിയ്ക്കും വെള്ളം നല്‍കേണ്ടി വരില്ലേയെന്ന ആശങ്കയും സമരസമിതി മുന്നോട്ട് വെയ്ക്കുന്നു.
നേരത്തെ പെപ്‌സി കമ്പനിയോട് ജലനിരപ്പ് താഴ്ന്നു എന്നു പറഞ്ഞ് കലക്ടര്‍ പത്തുദിവസം പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തൊഴിലാളികള്‍ കോടതിയെ സമീപിച്ചിരുന്നെന്നും സമരസമിതി പറയുന്നു. “തൊഴിലാളികള്‍ കോടതിയില്‍ പോയി കിന്‍ഫ്രയിലേക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ 25 ദശലക്ഷം വെള്ളം കൊടുക്കുകയാണെങ്കില്‍ ഞങ്ങള്‍ക്കും വെള്ളം തരണമെന്ന ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ വന്നാല്‍ കോടതിയ്ക്ക് ഒരു തീരുമാനം എടുക്കാനേ കഴിയുകയുള്ളു” ബോബന്‍ പറയുന്നു.
കിന്‍ഫ്രയ്ക്കും പെപ്‌സിയ്ക്കും വെള്ളം കൊടുക്കുകയാണെങ്കില്‍ സ്വഭാവികമായി ഇവിടെയുള്ള മുഴുവന്‍ കമ്പനികള്‍ക്കും വെള്ളം കൊടുക്കേണ്ടി വരും. അതോടെ പാലക്കാട്ടെ കാര്‍ഷിക വൃത്തി നിര്‍ത്തേണ്ട സ്ഥിതിയിലെത്തുമെന്ന ആശങ്കയും സമരസമിതി പങ്കുവെക്കുന്നു.
കാര്‍ഷികാവശ്യങ്ങള്‍ക്കായി ഓരോ വര്‍ഷവും ഡാമില്‍ നിന്ന് നല്‍കുന്ന വെള്ളത്തില്‍ ഏറ്റക്കുറച്ചിലുണ്ടെന്നാണ് 2006 മുതലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. 2006-07 ല്‍ 102 ദിവസമായിരുന്നു കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഡാം തുറന്നു വിട്ടത്. എന്നാല്‍ ഇപ്പോള്‍ 27 ദിവസമായി ചുരുങ്ങിയത് തന്നെ കാര്‍ഷിക മേഖല അപകടത്തിലാണെന്നതിന്റെ തെളിവാണ്. ഓരോ വര്‍ഷത്തിലും ഇതില്‍ മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍.
2007-2008 കാലയളവില്‍ ഇത് 97 ദിവസമായി കുറഞ്ഞപ്പോള്‍ 2008-2009ല്‍ ഇത് 78 ദിവസമായി ചുരുങ്ങുകയായിരുന്നു. പിന്നീട് 2009-2010ല്‍ 86 ദിവസമായി വര്‍ധിച്ചു. 2010-2011ല്‍ 91 ദിവസവും, 2011-2012ല്‍ 104 ദിവസവുമായി വര്‍ധിച്ചത് 2012-2013 ല്‍ 65 ലേക്കും ചുരുങ്ങി. 2013-2014 ല്‍ വീണ്ടും 100 ദിവസമായി ഉയര്‍ന്നെങ്കിലും 2014-2015ല്‍ 93 ദിവസവും, 2015-2016 ല്‍ 64 ദിവസവുമായി കുറഞ്ഞു. ഇവിടെ നിന്നാണ് 2016-2017 കാലയളവില്‍ 27 ദിവസത്തിലേക്ക് ചുരുങ്ങിയത്.
നൂറു ദിവസത്തിനടുത്ത കാര്‍ഷിക വൃത്തിക്കായി തുറന്നിരുന്ന ഡാമാണ് ഇപ്പോള്‍ 27 ലേക്കും 53 ലേക്കും ചുരുങ്ങിയിരിക്കുന്നത്. വാട്ടര്‍ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഈ പദ്ധതി നടപ്പിലാക്കണമെന്ന നിര്‍ബന്ധ ബുദ്ധിയ്ക്ക് പിന്നിലെന്നും ജനപ്രതിനിധികളുടെ ആവശ്യം വരെ തള്ളിയാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനമെന്നും സമരസമിതി പറയുന്നു.
കര്‍ഷകരുടെ സമരവും ജനപ്രതിനിധികളുടെ ഇടപെടലും
പദ്ധതിയുടെ വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ സമരസമിതി രൂപീകരിച്ച കര്‍ഷകര്‍ ഒക്ടോബര്‍ 25 നു പഞ്ചായത്തുതല സമിതിയും രൂപീകരിച്ചു. ജന ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നത്തിനെതിരെ രംഗത്തെത്തിയ പാലക്കാട് നഗരസഭ ഒക്ടോബര്‍ 23 നു പൈപ്പ് ലൈന്‍ പദ്ധതിയ്‌ക്കെതിരെ പ്രമേയവും പാസാക്കി. ജില്ലയിലെ 18 പഞ്ചായത്തുകളിലാണ് പഞ്ചായത്തുതല സമിതി രൂപീകരിച്ചത്. തുടര്‍ന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍, മാത്യൂ. ടി. തോമസിനു കത്ത് നല്‍കുകയും ചെയ്തിരുന്നു. നവംബര്‍ 2 നായിരുന്നു വിഷയത്തില്‍ കര്‍ഷകര്‍ക്കനുകൂലമായ നടപടി സ്വീകരിക്കണമെന്ന് കാട്ടി വി.എസ്, മാത്യു ടി തോമസിനു കത്ത് നല്‍കുന്നത്.
വിഷയത്തില്‍ ഇടപെട്ട ജനപ്രതിധികളുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശം കൃഷിക്കും കുടിവെള്ളത്തിനുമുള്ള ആവശ്യം കഴിഞ്ഞു മാത്രമേ പദ്ധതി നടപ്പിലാക്കാന്‍ പാടുള്ളൂവെന്നായിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് സമരസമിതി പറയുന്നത്. ഇതേ ആവശ്യം തന്നെയായിരുന്നു വി.എസിന്റെ കത്തിലും ഉള്‍പ്പെട്ടിരുന്നത്.
കിന്‍ഫ്ര പാര്‍ക്കിനു വെള്ളം നല്‍കാന്‍ ജല അതോറിറ്റി തീരുമാനിച്ചത് യാതൊരു പഠനങ്ങളും കൂടാതെയാണെന്നും ഇതുമൂലം കൃഷിക്കും ജല സമ്പത്തിനുമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും യാതൊരു ആലോചനയും അതോറിറ്റി നടത്തിയിട്ടില്ലെന്നും സമര സമിതി പറയുന്നു. പദ്ധതി നടപ്പിലാക്കുന്നതിനു മുന്നേ യാതൊരു പഠനങ്ങളും അധികൃതര്‍ നടത്തിയിട്ടില്ല. പാരിസ്ഥിതി ആഘാത പഠനമോ, ജല ലഭ്യത പഠനമോ കൂടാതെയാണ് അതോറിറ്റിയുടെ ഈ നീക്കമെന്ന് സമരസമിതി കണ്‍വീനര്‍ ബോബന്‍ പറയുന്നു.
വി.എസ് മാത്യൂ ടി തോമസിനു കത്തു നല്‍കിയതിനു പിന്നാലെ നവംബര്‍ മൂന്നിനായിരുന്നു കിന്‍ഫ്ര പൈപ്പലൈന്‍ വിരുദ്ധസമിതി വിഷയത്തില്‍ പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്തെത്തുന്നത്. ഇറിഗേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചായിരുന്നു സമിതിയുടെ ആദ്യ പ്രതിഷേധം.
കൃഷിക്കും കുടിവെള്ളത്തിനും വെള്ളമില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് വെള്ളം തുറന്നുവിടുന്നതിലുണ്ടായ ദിവസങ്ങളുടെ കുറവുകളെന്ന് സമരസമിതി പറയുന്നു. നഗര പരിധിയില്‍ ഉള്‍പ്പെടെ വെള്ളം നിയന്ത്രിക്കുകയാണെന്നും രാത്രികാലങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ വെള്ളം തുറന്നുവിടുന്നതെന്നും ഇതും കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ വെള്ളം ഡാമില്‍ ഇല്ലാത്തതിന്റെ സൂചനകളാണെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തില്‍ ആവശ്യത്തിനുള്ള വെള്ളം ഡാമിലില്ലാത്ത സാഹചര്യത്തില്‍ കിന്‍ഫ്രയിലേക്ക് വെള്ളം നല്‍കരുതെന്ന് ജില്ലാവികസന സമിതി നവംബര്‍ 25 നു പ്രമേയവും പാസാക്കിയിരുന്നു. കിന്‍ഫ്രയ്ക്കു വെള്ളം നല്‍കാനുള്ള തീരുമാനത്തോടെ മലമ്പുഴ ഡാം നിര്‍മിച്ചതിന്റെ അടിസ്ഥാന ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുകയാണെന്ന വിലയിരുത്തലോടെയായിരുന്നു ജില്ലയിലെ എല്ലാ എം.എല്‍.എമാരും ഉള്‍പ്പെടുന്ന ജില്ലാ വികസന സമിതി പ്രമേയം പാസാക്കിയത്.
എം.എല്‍.എമാരായ കെ. കൃഷ്ണന്‍കുട്ടി, കെ. ബാബു, വി.ടി. ബല്‍റാം, മുഹമ്മദ് മുഹ്സിന്‍, വി.എസ്. അച്യുതാനന്ദന്‍ എം.എല്‍.എയുടെ പി.എ. എന്‍.അനില്‍കുമാര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി പി.ഇ.എ. സലാം, സബ്കലക്ടര്‍ ജെറോമിക് ജോര്‍ജ്, എ.ഡി.എം എസ്.വിജയന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഡോ.എം. സുരേഷ് കുമാര്‍, ഡപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ പി.എ. ഫാത്തിമ എന്നിവരായിരുന്നു അന്നേദിവസത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നത്. എം.എല്‍.എമാര്‍ ചേര്‍ന്നെടുത്ത തീരുമാനമാണ് ജലഅതോറിറ്റി ലംഘിക്കുന്നത്.
“ജില്ലാ വികസന സമിതിയില്‍ ജില്ലയിലെ എല്ലാ എം.എല്‍.എമാരും ചേര്‍ന്നാണ് പ്രമേയം പാസാക്കിയത്. എന്നിട്ടുപോലും ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നതാണ് ആശങ്കപ്പെടുത്തുന്നത്. വി.എസ് അച്യുതാനന്ദന്റെ മണ്ഡലത്തിലാണ് ഇത് നടക്കുന്നത്, എം.പി രാജേഷ് എം.പിയുടെ മണ്ഡലമാണിത്, ജില്ലാ വികസന സമിതിയുടെ തീരുമാനം വന്ന് ഒന്നര മാസത്തിനു ശേഷമാണ് പൈപ്പുകള്‍ കൊണ്ടു വന്നത് -സമരസമിതി കണ്‍വീനര്‍ ബോബന്‍ പറയുന്നു.
രാഷ്ട്രീയഭേദമന്യ ജില്ലയിലെ എല്ലാ എം.എല്‍.എമാരും പങ്കെടുത്ത് പ്രമേയം പാസാക്കിയിട്ടും വാട്ടര്‍ അതോറിറ്റിയിലെ സൂപ്രണ്ട് എഞ്ചിനിയര്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകാനുളള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ഇതിന്റെ ഭാഗമായി ഡിസംബര്‍ 10 നു പൈപ്പുകള്‍ ഇറക്കുകയായിരുന്നെന്നും പറയുന്ന സമരസമിതി ജല അതോറിറ്റിയുടേത് ജനപ്രതിനിധികളെ ധിക്കരിക്കുന്ന നിലപാടാണെന്നും കൂട്ടിച്ചേര്‍ത്തു.
വാട്ടര്‍ അതോറിറ്റി സൂപ്രണ്ട് എഞ്ചിനിയറുടെ അഴിമതിയാണ് നടപടിയ്ക്ക് പിന്നില്ലെന്നാണ് സമര സമിതിയുടെ ആരോപണം. തങ്ങളുടെ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത് പൈപ്പ് ലോഡുകള്‍ ഇറക്കിയാല്‍ പദ്ധതിയില്‍ നഷ്ടം വന്നെന്ന് പറഞ്ഞു കമ്പനിയ്ക്ക് സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം നേടാന്‍ കഴിയുമെന്നാണ്. കാരണം സര്‍ക്കാര്‍ ടെണ്ടര്‍ നടത്തിയതാണല്ലോ.” സമര സമിതി കണ്‍വീനര്‍ പറയുന്നു.
എന്നാല്‍ അതേസമയം പൈപ്പ് ലോഡ് ഇറക്കാന്‍ സമരസമിതി അനുവദിച്ചിരുന്നില്ല. സമരസമിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് എസ്.പി ഇടപെട്ട് ലോഡുകള്‍ ഫ്രീസ് ചെയ്യുകയും ചെയ്തു. നേരത്തെ കിന്‍ഫ്രയ്ക്ക് വെള്ളം നല്‍കുന്ന പദ്ധതി ഇല്ലെന്ന് വിവരാവകാശത്തോട് പ്രതികരിച്ച ജല അതോറിറ്റി ലോഡെത്തി രണ്ടുദിവസം കഴിഞ്ഞും പ്രതിഷേധക്കാര്‍ ലോഡിറക്കാന്‍ അനുവദിക്കാതെ വന്നതോടെ പൊലീസ് സഹായം തേടുകയായിരുന്നു.
ഹൈക്കോടതി ഇടപെടല്‍
വെള്ളം കാര്‍ഷികാവശ്യത്തിന് ശേഷം മാത്രമേ മറ്റാവശ്യങ്ങള്‍ക്ക് നല്‍കാവൂ എന്നായിരുന്നു ഹൈക്കോടതി ഡിസംബര്‍ 19 ന് നല്‍കിയ ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചിരുന്നത്. രണ്ടാം കൃഷിക്ക് ജലലഭ്യതയില്ലാത്തത് ചൂണ്ടിക്കാട്ടി സമര സമിതി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കൃഷിക്ക് പ്രഥമ പരിഗണന നല്‍കണമെന്ന ഹൈക്കോടതി വിധി പുറത്തുവരുന്നത്.
രണ്ട് മാസം നിലനില്‍ക്കുന്ന ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. ജനുവരി ആറിന് ഈ വിഷയത്തില്‍ കോടതി കൂടുതല്‍ വാദം കേള്‍ക്കും. അടുത്ത വാദത്തിനു മുന്നോടിയായി അന്നേ ദിവസം ജലഅതോറിറ്റിയോടും ജലസേചന വകുപ്പിനോടും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള കേസില്‍ കൂടുതല്‍പ്പേരെ കക്ഷിചേചര്‍ത്ത് നിയമപരമായി കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിയെ നേരിടാനാണ് സമരസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജനുവരി നാലിനു ജില്ലാ വികസന സമിതിയുടെ യോഗവും സമരസമിതി വിളിച്ച് ചേര്‍ത്തിട്ടുണ്ട്.