ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പുകഴ്ത്തി മുന്‍ പാക് താരവും ക്രിക്കറ്റ് ഇതിഹാസവുമായ വസീം അക്രം. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – നെതര്‍ലന്‍ഡ്‌സ് മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് വസീം അക്രം രോഹിത്തിനെ പ്രശംസിച്ചത്.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 54 പന്ത് നേരിട്ട് 61 റണ്‍സാണ് രോഹിത് നേടിയത്. ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരുപാട് നേട്ടങ്ങലും രോഹിത്തിനെ തേടിയെത്തിയിരുന്നു.
തുടര്‍ച്ചയായ ലോകകപ്പുകളില്‍ 500+ റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന റെക്കോഡാണ് ഇതില്‍ പ്രധാനപ്പെട്ടത്. 2019 ലോകകപ്പില്‍ 648 റണ്‍സ് നേടിയ രോഹിത് ഈ മത്സരത്തിലെ അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ 500 റണ്‍സ് മാര്‍ക് പിന്നിടുകയും ചെയ്തു.
ഇതിന് പുറമെ ഒരു ലോകകപ്പില്‍ ക്യാപ്റ്റന്റെ റോളിലെത്തി ഏറ്റവുമധികം സിക്സര്‍ നേടിയ താരം (24), ഏറ്റവുമധികം ബൗണ്ടറി നേടിയ താരം എന്ന റെക്കോഡും രോഹിത് സ്വന്തമാക്കി. ഇതിന് പുറമെ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ താരം എന്ന റെക്കോഡും ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ ക്യാപ്റ്റന്‍ എന്ന റെക്കോഡും രോഹിത്തിനെ തേടിയെത്തി.
ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡും രോഹിത് സ്വന്തമാക്കി. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ 465 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ഇതിനൊപ്പം ലോകകപ്പ് എഡിഷനില്‍ 500 റണ്‍സ് മാര്‍ക് പിന്നിടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന ഖ്യാതിയും രോഹിത് സ്വന്തമാക്കി.
ഇതിന് പിന്നാലെയാണ് വസീം അക്രം രോഹിത്തിനെ പുകഴ്ത്തി രംഗത്തെത്തിയത്. രോഹിത് ശര്‍മയെ പോലെ മറ്റൊരു താരവും ഇല്ലെന്നും രോഹിത് വ്യത്യസ്തനാണെന്നും അക്രം പറഞ്ഞു.
‘ആദ്യ പത്ത് ഓവറില്‍ 91 റണ്‍സാണ് രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭാവന ചെയ്തത്. ആ സമയം തന്നെ നെതര്‍ലന്‍ഡ്‌സിന്റെ മത്സരം അവസാനിച്ചിരുന്നു. അവനെ പോലെ മറ്റാരും തന്നെയില്ല.
നമ്മളെപ്പോഴും വിരാട് കോഹ്‌ലി, ജോ റൂട്ട്, ബാബര്‍ അസം, കെയ്ന്‍ വില്യംസണ്‍ എന്നിവരെ കുറിച്ചാണ് സംസാരിക്കാറുള്ളത്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം രോഹിത് വ്യത്യസ്തനാണ്. ബാറ്റിങ് എളുപ്പമാണെന്ന് അവന്‍ തോന്നിപ്പിക്കുന്നു. എന്ത് സാഹചര്യവുമായിക്കൊള്ളട്ടെ വളരെ അനായാസമായാണ് രോഹിത് ബാറ്റ് വീശുന്നത്,’ അക്രം പറഞ്ഞു.
‘രോഹിത് മാച്ചിന്റെ ടെംപോ തന്നെ മാറ്റിക്കളയുകയാണ്. അവന്റെ ഷോട്ടുകള്‍ കളിക്കാനുള്ള സമയവും അവന് ലഭിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 15നാണ് രോഹിത്തും സംഘവും തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിത്തില്‍ നടക്കുന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.