മോസ്‌കോ: ഉക്രൈന്‍-റഷ്യ യുദ്ധത്തിന് ഒരു വര്‍ഷം തികയാന്‍ രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സംയുക്ത പാര്‍ലമെന്ററി സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍.
‘ഒരു പ്രാദേശിക സംഘര്‍ഷത്തെ ആഗോള പ്രശ്‌നമാക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ നാടിന്റെ നിലനില്‍പിന് വേണ്ടി ഞങ്ങള്‍ പ്രതികരിക്കും. റഷ്യയെ പരാജയപ്പെടുത്തുക ശ്രമകരമായിരിക്കും. പ്രശ്‌നം സമാധാനപരമായി ചര്‍ച്ച ചെയ്യാന്‍ റഷ്യ തയ്യാറായിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടല്‍ മൂലമാണ് ഇക്കാര്യം നടക്കാതെ പോകുന്നത്,’ പുടിന്‍ പറഞ്ഞു.
ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ഉക്രൈന്‍ യുദ്ധം തുടരുമെന്ന് പുടിന്‍ സഭയില്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്നുവെന്നും പറഞ്ഞ പുടിന്‍ യുദ്ധം ചെയ്യാന്‍ റഷ്യ നിര്‍ബന്ധിതമാകുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. യുദ്ധത്തില്‍ മരിച്ചുപോയവരുടെ കുടുംബത്തിന്റെ വേദന താന്‍ മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ അധിനിവേശത്തിന് ശേഷം ആദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ഉക്രൈന്‍ സന്ദര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് പുടിന്‍ പാര്‍ലമെന്ററി സഭ അഭിസംബോധന ചെയ്യുന്നത്. അധിനിവേശത്തിന് ശേഷം ആദ്യമായാണ് പുടിന്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചതെന്നതും ശ്രദ്ധേയമാണ്.