കോഴിക്കോട്: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് സമസ്ത യുവജന വിഭാഗം നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കേസ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുയോഗം സംഘടിപ്പിച്ചതിനാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെതിരയാണ് കഴിഞ്ഞ ദിവസം പൂക്കിപറമ്പില്‍ സമ്മേളനം സംഘടിപ്പിച്ചത്.
തെന്നല പഞ്ചായത്ത് മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഇരുന്നൂറോളം പേരെ പങ്കെടുപ്പിച്ച് പൊതു ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തിലാണ് സമ്മേളനം നടത്തിയതെന്ന് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു.
അതേസമയം, വഖഫ് ബോര്‍ഡ് നിയമനം സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നിര്‍ബന്ധ ബുദ്ധിയില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
വിശദമായ ചര്‍ച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുമെന്നും പി.എസ്.സിക്ക് നിയമനം വിടുന്നതിലൂടെ മുസ്‌ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
കഴിഞ്ഞ നവംബര്‍ 9നാണ് സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു.
എന്നാല്‍ ഇതിനിടയില്‍ മുസ്‌ലിം ലീഗ് കോഴിക്കോട് വഖഫ് സംരക്ഷണറാലി സംഘടിപ്പിക്കുകയായിരുന്നു. പരിപാടിയ്ക്കിടെ ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.
വഖഫ് സംരക്ഷണ റാലിക്ക് മുന്നോടിയായുള്ള പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലീഗ് അധിക്ഷേപ മുദ്രാവാക്യമുയര്‍ന്നിരുന്നു. ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓര്‍ത്തു കളിച്ചോ.. സൂക്ഷിച്ചോ, സമുദായത്തിന് നേരെ വന്നാല്‍ പച്ചക്ക് കത്തിക്കും തുടങ്ങിയവയാണ് ലീഗ് റാലിയിലുണ്ടായിരുന്ന മുദ്രാവാക്യങ്ങള്‍. കെ.ടി. ജലീലിനെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യമുയര്‍ത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
അതേസമയം, വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിട്ടതിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ചു സമരപരിപാടികള്‍ക്ക് ലീഗ് ആഹ്വാനം ചെയ്യുന്നതിനിടയില്‍ സമരത്തിനെതിരെ ജിഫ്രി തങ്ങള്‍ പരസ്യനിലപാട് എടുത്തിരുന്നു.
തുടര്‍ന്ന് തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്ഷേപങ്ങളാണ് ഉയര്‍ന്നത്. കോഴിക്കോട് ലീഗ് സംഘടിപ്പിച്ച് പ്രതിഷേധ റാലിയിലും ജിഫ്രി തങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.