വഖഫ് ബോര്‍ഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവം; ആരെതിര്‍ത്താലും ബില്‍ നടപ്പിലാക്കും: അമിത് ഷാ
national news
വഖഫ് ബോര്‍ഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവം; ആരെതിര്‍ത്താലും ബില്‍ നടപ്പിലാക്കും: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2024, 5:58 pm

റാഞ്ചി: വഖഫ് ബില്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ആരെതിര്‍ത്താലും വഖഫ് ഭേദഗതി ബില്‍ നടപ്പിലാക്കുമെന്ന് ജാര്‍ഖണ്ഡിലെ ബഗ്മാരയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വഖഫ് ബോര്‍ഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ടെന്നും അമിത് ഷാ ആരോപിച്ചു.

 ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുള്ള ബോര്‍ഡ്‌ കര്‍ണാടകയിലെ ഗ്രാമീണരുടെ സ്വത്തുക്കള്‍  തട്ടിയെടുത്തെന്നും അമിത് ഷാ തന്റെ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. കര്‍ണാടകയിലെ ക്ഷേത്രങ്ങളുടെയും കര്‍ഷകരുടെയും ഗ്രാമവാസികളുടെയും ഭൂമി അവര്‍ തട്ടിയെടുത്തെന്നും അതിനാല്‍ വഖഫ് ബോര്‍ഡില്‍ മാറ്റങ്ങള്‍ വേണോ വേണ്ടയോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ എന്നും ഷാ റാലിയില്‍ വെച്ച് ജനങ്ങളോട് പറഞ്ഞു.

‘ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും രാഹുല്‍ ഗാന്ധിയും അത് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് പറയുന്നുണ്ട്. എന്നാല്‍ അവര്‍ അതിനെ എതിര്‍ത്താലും വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ബി.ജെ.പി പാസാക്കും. ആര്‍ക്കും ഞങ്ങളെ തടയാന്‍ കഴിയില്ല,’ അമിത് ഷാ പറഞ്ഞു.

വഖഫ് ബില്ലിന് പുറമെ യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുമെന്നും അമിത് ഷാ റാലിയില്‍ അവകാശപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം വയനാട്ടിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപിയും സമാനമായി വഖഫ് ബോര്‍ഡിനെതിരെ രൂക്ഷമായി സംസാരിച്ചിരുന്നു.

വഖഫ് എന്നാല്‍ നാല് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ഒരു കിരാത സംവിധാനമാണെന്നും ആ കിരാതത്തെ ഒതുക്കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. ബോര്‍ഡിന്റെ പേര് താന്‍ നേരിട്ട് പറയില്ലെന്ന് പറഞ്ഞായിരുന്നു വഖഫിനെതിരെ കേന്ദ്ര സഹമന്ത്രി അധിക്ഷേപ പരാമര്‍ശം നടത്തിയത്.

Content Highlight: Waqf Board is grabbing land from everyone, time to make changes says Amit Shah in Jharkhand