Entertainment
അഞ്ചും ആറും മണിക്കൂറെടുത്ത് എമ്പുരാന്റെ സ്‌ക്രിപ്റ്റ് എല്ലാവര്‍ക്കും പരിചയപെടുത്തിയിട്ടാണ് പൃഥ്വിരാജ് സിനിമയെടുത്തത്: സുജിത് സുധാകരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 13, 12:22 pm
Thursday, 13th March 2025, 5:52 pm

ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ വസ്ത്രാലങ്കാര രംഗത്തേക്ക് കടന്നുവന്നയാളാണ് സുജിത് സുധാകരന്‍. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ സുജിത്തിന് സാധിച്ചു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വര്‍ക്കിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ അവാര്‍ഡ് സുജിത്തിനെ തേടിയെത്തിയിരുന്നു.

എമ്പുരാന്‍ സിനിമയുടെയും കോസ്റ്റിയൂം ഡിസൈനര്‍ സുജിത് സുധാകരനാണ്. ഇപ്പോള്‍ പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് സുജിത് സുധാകരന്‍. ഓരോ ടെക്നീഷ്യന്റെയും അടുത്ത് മണിക്കൂറുകള്‍ ചെലവഴിച്ചാണ് പൃഥ്വിരാജ് എമ്പുരാന്റെ സ്‌ക്രിപ്റ്റ് വായിച്ചുകൊടുത്തതെന്ന് സുജിത് പറയുന്നു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓരോ ടെക്നീഷ്യനും പൃഥ്വിരാജും മുഖാ മുഖം ഇരുന്ന് സിനിമയുടെ സ്‌ക്രിപ്റ്റ് തന്നെ മൂന്ന് മണിക്കൂര്‍ എടുത്ത് ഒരു അസിസ്റ്റന്റ് ഡയറക്ടറിനെ കൊണ്ട് വായിപ്പിച്ച്, മറ്റൊരു അസിസ്റ്റന്റ് ഡയറക്ടര്‍ ഇരുന്ന് ആ കാര്യങ്ങള്‍ എല്ലാം നോട്ട് ചെയ്യുകയും നമ്മള്‍ നമ്മുടെ സംശയങ്ങള്‍ അദ്ദേഹത്തോട് ചോദിക്കുകയും അദ്ദേഹം അദ്ദേഹത്തിന്റെ സംശയങ്ങളും മറ്റും നമ്മളോട് പറയുകയും ചെയ്യുന്ന രീതിയാണ് പൃഥ്വിരാജിന്റേത്.

ചിലപ്പോഴത് അഞ്ചും ആറും മണിക്കൂറായി മാറും. അത്രയും നേരം ഓരോ ടെക്‌നീഷ്യന്റെയും കൂടെയും ഇരുന്നിട്ടാണ് അദ്ദേഹം ഈ സിനിമയിലേക്ക് പോകുന്നത്. എനിക്കറിയുന്ന ഈ സിനിമയിലെ ഓരോ ടെക്നീഷ്യനെയും ഇങ്ങനെ ഓരോരുത്തരെയായി വിളിച്ച് പൃഥ്വിരാജ് മുഖാ മുഖം സംസാരിച്ചിട്ടുണ്ട്. അങ്ങനെയാണ് സിനിമയിലെ ഓരോ സീനും എടുത്തിരിക്കുന്നത്.

അദ്ദേഹം അദ്ദേഹത്തിന്റെ സജഷനും എന്താണ് വേണ്ടതെന്നും പറയും നമ്മളും നമ്മുടെ സജഷന്‍ പറയും. ഒരു കോസ്റ്റിയൂം ഡിസൈനര്‍ എന്ന നിലയില്‍ എല്ലാ കഥാപാത്രത്തെ കുറിച്ചും നമ്മള്‍ നല്ല ആഴത്തില്‍ വര്‍ക്ക് ചെയ്യും. പിന്നെ നമ്മള്‍ സാമ്പിളുകള്‍ ഉണ്ടാക്കും, എന്ത് തരം തുണികളാണ് ഉപയോഗിക്കേണ്ടത്, എന്തുതരം തുണികള്‍ ഉപയോഗിക്കാന്‍ പാടില്ല, എന്നുള്ളതിലെല്ലാം നമ്മള്‍ നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട്,’ സുജിത് സുധാകരന്‍ പറയുന്നു.

Content highlight: Sujith Sudhakaran talks about Prithviraj