ബുംറയെ കണ്ട് പഠിക്ക്, ലോകകപ്പില്‍ നേട്ടമുണ്ടാക്കാം; ഷഹീന്‍ അഫ്രിദിയോട് പാക് ലെജന്‍ഡ്
icc world cup
ബുംറയെ കണ്ട് പഠിക്ക്, ലോകകപ്പില്‍ നേട്ടമുണ്ടാക്കാം; ഷഹീന്‍ അഫ്രിദിയോട് പാക് ലെജന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th October 2023, 11:55 pm

ലോകകപ്പ് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ് പാകിസ്ഥാന്‍. ഇന്ത്യക്കെതിരയാണ് പാകിസ്ഥാന്‍ അവസാനമായി പരാജയപ്പെട്ടത്. ഇതിലെ പാക് താരങ്ങളുടെ മോശം പ്രകടനം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ 42.5 ഓവറില്‍ 191 റണ്‍സിനാണ് ഇന്ത്യ തകര്‍ത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 30.3 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ലോകകപ്പില്‍ പാക് സ്ട്രൈക്ക് ബൗളര്‍ ഷഹീന്‍ ഷാ അഫ്രിദിയുടെ മോശം പ്രകടനത്തിന് പിന്നാലെ താരത്തെ ഉപദേശിക്കുകയാണ് പാക് ഇതിഹാസ താരം വഖാര്‍ യൂനിസ്.

അഫ്രിദി പേസിലും ഫിറ്റ്നെസിലും ബുദ്ധിമുട്ടുകയാണെന്നും ലോകകപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കണമെങ്കില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയില്‍ നിന്നും പഠിക്കണമെന്നും താരം പറഞ്ഞു.

‘അവന്റെ ഫിറ്റ്നെസില്‍ പ്രശനമുണ്ടോയെന്ന് എനിക്കറിയില്ല. അവന്റെ ബൗളിങ്ങിലെ ലിങ്ക് നഷ്ടമാകുന്നതിന് കാരണം അച്ചടക്കമില്ലാത്ത ഡെലിവറികളാണ്. അവന്‍ വിക്കറ്റുകള്‍ നേടാനാണ് ശ്രമിക്കുന്നത്.

യോര്‍ക്കറുകള്‍ വീണ്ടും വീണ്ടും എറിയാന്‍ ശ്രമിക്കുമ്പോള്‍ ബാറ്റര്‍ അത് മനസിലാക്കുകയും അതിന് തയ്യാറാവുകയും ചെയ്യുന്നു. ടോപ്പ് ബൗളര്‍ ബുംറയെ അവന്‍ പിന്തുടരേണ്ടതുണ്ട്.’ എ.എഫ്പിയോട് വഖാര്‍ പറഞ്ഞു.’

ലോകകപ്പിലിതുവരെ മൂന്ന് കളികളില്‍ നിന്നും 139 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ മാത്രമാണ് അഫ്രിദി നേടയത്.

 

നിലവില്‍ ഇന്ത്യന്‍ ബൗളിങ് നിരയിലെ കുന്തമുനയായ ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമത്. മൂന്ന് കളികളില്‍ നിന്നും എട്ട് വിക്കറ്റാണ് താരം നേടിയത്. നിലവില്‍ 3.44 ആണ് ബുംറയുടെ എക്കോണമി.

ന്യൂസിലാന്റ് ഫാസ്റ്റ് ബൗളര്‍ മാറ്റ് ഹെന്റിയും സ്പിന്നര്‍ മിച്ചല്‍ സാന്റ്നറും വിക്കറ്റ് വേട്ടയില്‍ തൊട്ടു പുറകിലുണ്ട്.

പാകിസ്ഥാനെതിരായ മത്സരത്തില്‍ ഏഴ് ഓവറില്‍ 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ബുംറ നേടിയത്. പാക് ബാറ്റര്‍മാരായ മുഹമ്മദ് റിസ്വാനെയും ഷദാബ് ഖാനെയുമാണ് താരം പുറത്താക്കിയത്.

പാക് ബാറ്റര്‍മാര്‍ക്കു നേരെ വിക്കറ്റ് നേടാന്‍ ഓഫ്സ്റ്റംപിനു മുകളില്‍ സമ്മര്‍ദം സൃഷ്ടിച്ചുകെണ്ട് ബുംറ നന്നായി പന്തെറിഞ്ഞു. പക്ഷെ ഇന്ത്യക്കെതിരെ 192 റണ്‍സ് പ്രതിരോധിക്കുന്നതില്‍ അഫ്രിദിക്ക് ടീമിനെ സഹായിക്കാന്‍ കഴിഞ്ഞില്ല.

 

Content Highlight: Waqar Yunis about Shaheen Afridi