വിവാദ മെഡിക്കല്‍പ്രവേശന ബില്ലിനെ എതിര്‍ത്തത് വി.ടി ബല്‍റാം മാത്രം; ബല്‍റാമിനെ തള്ളി ചെന്നിത്തലയും
Kerala News
വിവാദ മെഡിക്കല്‍പ്രവേശന ബില്ലിനെ എതിര്‍ത്തത് വി.ടി ബല്‍റാം മാത്രം; ബല്‍റാമിനെ തള്ളി ചെന്നിത്തലയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th April 2018, 5:32 pm

തിരുവനന്തപുരം: സ്വകാര്യ മേഖലയെ സഹായിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെ നിയമസഭ പാസാക്കിയ മെഡിക്കല്‍ പ്രവേശനബില്ലിനെ എതിര്‍ത്തത് വി.ടി ബല്‍റാം എം.എല്‍.എ മാത്രം. ബില്‍സ്വകാര്യ മാനേജ്‌മെന്റുകളെ സഹായിക്കാനാണെന്ന് ബല്‍റാം പറഞ്ഞു.

ബില്ല് നിയമ വിരുദ്ധവും ദുരുദ്ദേശപരവും ആണെന്നും ഇത് അഴിമതിക്ക് വഴി ഒരുക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് എതിരായല്ല താന്‍ സംസാരിക്കുന്നതെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. അതേ സമയം ബല്‍റാമിന്റെ നിലപാട് തള്ളി രമേശ് ചെന്നിത്തല തന്നെ രംഗത്തെത്തി. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് ബില്ലിനെ അനുകൂലിച്ചതെന്നും സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ഒത്തുകളിയൊന്നുമില്ലെന്നും ചെന്നിത്തല പറഞ്ഞു.


Related: പരമോന്നത കോടതിയുടെ ഉത്തരവിനും സൂപ്പര്‍വൈസറി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനും സ്വന്തം ഓര്‍ഡിനന്‍സിനും മുകളില്‍ പറന്ന് സംസ്ഥാന സര്‍ക്കാര്‍; കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ക്കു വേണ്ടി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി


കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ ചട്ടവിരുദ്ധ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ സുപ്രീംകോടതി വിമര്‍ശനം നിലനില്‍ക്കെയാണ് സര്‍ക്കാരും പ്രതിപക്ഷവും ഒത്തൊരുമിച്ച് ബില്‍പാസാക്കിയിരിക്കുന്നത്.

പ്രവേശനത്തെ അനുകൂലിച്ചുള്ള സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന്റെ സാധുത സംബന്ധിച്ച കേസ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാനിക്കുകയാണ്.
രണ്ടു കോളജുകളിലും ചട്ടം ലംഘിച്ചു നടത്തിയ 135 വിദ്യാര്‍ഥികളുടെ പ്രവേശനം ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. ഇതു ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. അതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തു മെഡിക്കല്‍ കൗണ്‍സിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീംകോടതി വിധി മറികടക്കാനാണ് മെഡിക്കല്‍ ബില്‍ തിടുക്കത്തില്‍ പാസാക്കിയതെന്നാണ് ഉയരുന്ന വിമര്‍ശനം.