കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ വാക്കുകള്‍ കണ്ണൂരുകാര്‍ തമ്മില്‍ സാധാരണ പറയുന്നതാണ്. തൃക്കാക്കരയില്‍ സി.പി.ഐ.എമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയര്‍ത്തി കൊണ്ട് വരുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
കെ. സുധാകരന്‍ നടത്തിയ പരാമര്‍ശം അടഞ്ഞ അധ്യായമാണെന്നും പരാമര്‍ശത്തിന് കാരണമായ സാഹചര്യം ഇന്നലെ തന്നെ സുധാകരന്‍ വിശദീകരിച്ചതാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
കത്തോലിക്കാ സഭയെ തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ചത് സി.പി.ഐ.എം ആണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് അങ്ങനെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സഭ കോണ്‍ഗ്രസിനോട് പോലും സ്ഥാനാര്‍ഥി വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായ കണക്കെ എന്ന് വിളിച്ച സുധാകരന്റെ പരാമര്‍ശം തൃക്കാക്കര പ്രചാരണത്തില്‍ മുഖ്യ വിഷയമായി ഉയര്‍ത്താനാണ് ഇടത് മുന്നണിയുടെ തീരുമാനം. എന്നാല്‍ ഇത് പ്രതിരോധിക്കാനാണ് യു.ഡി.എഫ് ശ്രമം.
മുഖ്യമന്ത്രിയെ മോശമായി പരാമര്‍ശിച്ചിട്ടില്ലെന്നും അങ്ങനെ തോന്നുന്നെങ്കില്‍ അത് പിന്‍വലിക്കുന്നുവെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്നതിനെയാണ് വിമര്‍ശിച്ചതെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയില്‍ സര്‍ക്കാര്‍ ചെലവില്‍ പണിയെടുക്കുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും സുധാകരന്‍ വിശദീകരണം നല്‍കിയിരുന്നു.
വിവാദ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്റിനെതിരെ സി.പി.ഐ.എം നിയമ നടപടി സ്വീകരിച്ചേക്കും. ബൂത്ത് തലത്തിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ കെ. സുധാകരനെതിരായ നിയമനടപടിയെ കുറിച്ച് സി.പി.ഐ.എം ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി പി. രാജീവ് അറിയിച്ചു.
ആരും ധൈര്യപെടാത്ത കാര്യമാണ് സുധാകരന്‍ പറഞ്ഞത്. സുധാകരനെതിരെ നടപടിയെടുക്കാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മഹാന്‍മാരായ പല പ്രസിഡന്റുമാരുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവമുള്ള വ്യക്തിയാണ് ഇന്നത്തെ കെ.പി.സി.സി പ്രസിഡന്റ് എന്നായിരുന്നു എം.എല്‍.എ എ.എന്‍. ഷംസീറിന്റെ പ്രതികരണം.