തിരുവനന്തപുരം: നോട്ട് നിരോധന നടപടിക്കെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വതസിദ്ധമായ ശൈലിയില്‍ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരത്തിനെതിരായ ജനവികാരമാണ് മനുഷ്യച്ചങ്ങലയില്‍ കണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭായിയോം ബഹനോം എന്ന് തൊള്ളകീറി വിളിച്ചു പറഞ്ഞു കൊണ്ട് ജനങ്ങളെ ദ്രോഹിക്കുകയാണ് മോദി ചെയ്യുന്നത്. സമ്പദ്ഘടനയെ അല്ല ജനങ്ങളെയാണ് മോദി ക്യാഷ്‌ലെസാക്കിയതെന്നും വി.എസ് പരിഹസിച്ചു. രാഷ്ട്രത്തിന് വേണ്ടിയാണ് കുടുംബത്തെ ഉപേക്ഷിച്ചതെന്നാണ് മോദി പറയുന്നത്. അതുകൊണ്ട് ആ കുടുംബം രക്ഷപ്പെട്ടു, എന്നാല്‍ രാജ്യം കുളംതോണ്ടി, വി.എസ് പറഞ്ഞു.
സാധാരണക്കാരുടെ ജീവിത പ്രശനം ഉന്നയിച്ചാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. സമര മുന്നേറ്റ ചരിത്രത്തിലെ ഏറ്റവും ധീരമായ മുന്നേറ്റമാണ് മനുഷ്യച്ചങ്ങലയെന്നും വി.എസ് അഭിപ്രായപ്പെട്ടു. സാധാരണക്കാര്‍ അധ്വാനിച്ചുണ്ടാക്കിയ പണം ബാങ്കില്‍ പിടിച്ചു വച്ച മോദി വ്യവസായികളുടെ നാല്‍പ്പതിനായിരം കോടി രൂപയുടെ കടമാണ് എഴുതി തള്ളിയത്.
അന്‍പത് ദിവസം കൊണ്ട് എല്ലാം സാധാരണ നിലയിലാവും. ഇതിനുള്ളില്‍ നോട്ട് നിരോധനം പരാജയമാണെന്ന് ബോധ്യപ്പെട്ടാല്‍ തന്നെ തൂക്കികൊന്നോള്ളൂ എന്നാണ് മോദി പറഞ്ഞത്. ഇമ്മാതിരി വിടുവായത്തമാണ് മോദി പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.
കേരളത്തിന്റെ പൊതുവികാരമാണ് മനുഷ്യച്ചങ്ങലയില്‍ പ്രതിഫലിച്ചതെന്ന് പറഞ്ഞ വി.എസ് അസംബന്ധ തീരുമാനത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്മാറണമെന്നാണ് കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ദീര്‍ഘവീക്ഷണം ഇല്ലാതെ ബി.ജെ.പി സര്‍ക്കാര്‍ ഇടപെട്ടതിന്റെ ഫലമാണ് ഇപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.
ഇപ്പോള്‍ ക്യൂവില്‍ നില്‍ക്കുന്ന ജനങ്ങള്‍ 2019 ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് സൂപ്പര്‍ ബമ്പര്‍ നല്‍കും. അന്ന് നരേന്ദ്ര മോദി എടുക്കാച്ചരക്കായി മാറുമെന്നും അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു.
നരേന്ദ്ര മോദി പറഞ്ഞത് ശരിയാണെങ്കില്‍ കള്ളപ്പണക്കാര്‍ എല്ലാം ജയിലിലാകണം. എല്ലാ തീവ്രവാദ പ്രവര്‍ത്തനം അവസാനിക്കണം. എന്നാല്‍ അത്തരം വാര്‍ത്തകള്‍ ഇതുവരെ കേട്ടിട്ടില്ല. ഇത് മോദിയുടെ വാഗ്ദാനങ്ങള്‍ പൊളിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് എന്നും വി.എസ് ചൂണ്ടിക്കാട്ടി.