കീവ്: റഷ്യ- ഉക്രൈന്‍ യുദ്ധം ഒരു മാസം പിന്നിട്ട സാഹചര്യത്തില്‍ ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ സന്ദേശം.
ഉക്രൈന്‍ ഇപ്പോഴും പ്രതിരോധിച്ച് നില്‍ക്കുന്നുണ്ടെന്നും എതിരാളികള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കരുത്ത് രാജ്യത്തിനുണ്ടെന്നുമാണ് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞത്.
”ശത്രുക്കള്‍ പ്രതീക്ഷിച്ചതിലുമധികം നമ്മുടെ രാജ്യം സഹിച്ചു. മൂന്നോ നാലോ ദിവസം മാത്രമേ നമ്മള്‍ പിടിച്ചുനില്‍ക്കൂ, എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്.
നമ്മുടെ രാജ്യത്തെ മുഴുവന്‍ പിടിച്ചടക്കാന്‍ ഈ ദിവസം മതിയായിരിക്കും എന്നായിരുന്നു അവര്‍ ചിന്തിച്ചത്.
എന്നാല്‍ ഇതിനോടകം യുദ്ധം 36 ദിവസം പിന്നിട്ടു. ഉക്രൈന്‍ ഇപ്പോഴും പിടിച്ചുനില്‍ക്കുകയാണ്. നമ്മള്‍ പോരാട്ടം തുടരും,” വെള്ളിയാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സെലന്‍സ്‌കി പറഞ്ഞു.
”എന്തുതന്നെ സംഭവിച്ചാലും നമുക്ക് ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. യുദ്ധത്തിന് ശേഷം ഉക്രൈന്‍ എങ്ങനെയായിരിക്കും, ജനങ്ങള്‍ എങ്ങനെയായിരിക്കും എന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. കാരണം ഇത് നമ്മുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണ്,” ഉക്രൈന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു റഷ്യ ഉക്രൈന് മേലുള്ള ആക്രമണവും അധിനിവേശവും ആരംഭിച്ചത്.
യുദ്ധം ആരംഭിച്ച് ഇതിനോടകം 10 മില്യണിലധികം ഉക്രൈനികള്‍ രാജ്യം വിട്ട് പലായനം ചെയ്‌തെന്നും 1000ലധികം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നുമാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.