Football
'ആരാധകര്‍ ക്ഷമിക്കണം, ഞങ്ങളുടെ പ്രകടനം ഇങ്ങനെയല്ല'; തോല്‍വിക്ക് പിന്നാലെ പി.എസ്.ജി സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 20, 04:02 am
Monday, 20th March 2023, 9:32 am

 

കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗ് വണ്ണില്‍ നടന്ന മത്സരത്തില്‍ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. റെന്നസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പി.എസ്.ജിയെ തോല്‍പിച്ചത്. കാള്‍ ടോകോ എകാമ്പിയും ബെഞ്ചമിന്‍ ബൗറിഗീഡുമാണ് റെന്നെസിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.

തോല്‍വിക്ക് പിന്നാലെ ആരാധകര്‍ക്കുള്ള സന്ദേശവുമായി എത്തിയിരിക്കുകയാണ് പി.എസ്.ജി താരം വിറ്റിന്‍ഹ. മത്സരത്തില്‍ 90 മിനിട്ട് കളിച്ചിട്ടും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ആരാധര്‍ ക്ഷമിക്കണമെന്നും പി.എസ്.ജിയുടെ യഥാര്‍ത്ഥ പ്രകടനം ഇങ്ങനെയല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഫ്രഞ്ച് ഫുട്‌ബോള്‍ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ആരാധകര്‍ ക്ഷമിക്കണം, നിങ്ങളാണ് എപ്പോഴും ഞങ്ങള്‍ക്കൊപ്പമുള്ളത്. സാധാരണ ഞങ്ങള്‍ കളിക്കാറുള്ളത് പോലുള്ള പ്രകടനമായിരുന്നില്ല ഇത്. ഞങ്ങള്‍ വളരെയധികം നിരാശരാണ്,’ വിറ്റിന്‍ഹ പറഞ്ഞു.

മത്സരത്തില്‍ മെസിയും എംബാപ്പെയും ഉണ്ടായിരുന്നിട്ടും ഇരുവര്‍ക്കും കാര്യമായിട്ടൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഇരുവരെയും തേടിയെത്തിയത്.

അതേസമയം,  28 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി.

Content Highlights: Vitinha’s apology to the fans after the loss against Rennes in Ligue 1