കൗണ്ടി ക്രിക്കറ്റ് ഇത്രത്തോളം മനോഹരമാണെന്ന് കുറച്ച് കാലം മുമ്പ് മാത്രമായിരിക്കും പല ക്രിക്കറ്റ് ആരാധകരും അറിഞ്ഞുതുടങ്ങിയത്. കൗണ്ടിയെന്നാല്‍ ടെസ്റ്റ് മാത്രമല്ല അതില്‍ അവരുടെ തന്നെ ടി-20യുമുണ്ടെന്ന് പലര്‍ക്കും അറിയാത്ത വസ്തുതയാണ്.
ഐപി.എല്ലിന് അഞ്ച് വര്‍ഷം മുമ്പ് തന്നെ, കൃത്യമായി പറഞ്ഞാല്‍ 2003ല്‍ തന്നെ അവര്‍ ടി-20 ടൂര്‍ണമെന്റിന് രൂപം നല്‍കിയിരുന്നു. കഴിഞ്ഞ 20 വര്‍ഷക്കാലമായി ടി-20 ക്രിക്കറ്റിന്റെ വശ്യതയുള്‍ക്കൊണ്ട് അവര്‍ ഇംഗ്ലണ്ടിന്റെ കളി മൈതാനങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്.
18 ടീമുകളടങ്ങിയ വിശാലമായ ഒരു ടൂര്‍ണമെന്റ്, ഒറ്റ ദിവസം പല വേദികളിലായി തന്നെ അഞ്ചും ആറും ഏഴും മത്സരങ്ങള്‍, ടി-20 ടൂര്‍ണമെന്റിനിടക്ക് ഇതേ താരങ്ങളുള്‍പ്പെടുന്ന ടെസ്റ്റ് മത്സരങ്ങള്‍ അങ്ങനെ നീളുന്നു വൈറ്റാലിറ്റി ബ്ലാസ്റ്റിന്റെ പ്രത്യേകത.
ഒരേ സമയം തന്നെയാണ് കൗണ്ടി ചാമ്പ്യന്‍ഷിപ്പും വൈറ്റാലിറ്റി ബ്ലാസ്റ്റും നടക്കുന്നതെന്ന പ്രത്യേകതയും കൗണ്ടി ക്രിക്കറ്റിനുണ്ട്. ഇന്ന് ടി-20 മാച്ച് കളിച്ച പലരും നാളെ കളിക്കേണ്ടി വരിക ടെസ്റ്റ് മത്സരങ്ങളായിരിക്കും. യഥാര്‍ത്ഥത്തില്‍ ഇവരെയൊക്കെയാണ് ഓള്‍ ഫോര്‍മാറ്റ് പ്ലെയര്‍ എന്ന് വിളിക്കേണ്ടത്.
മാച്ച് ക്വാളിറ്റിയാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം. ഒരുപക്ഷേ ഐ.പി.എല്ലിലെ മത്സരങ്ങളേക്കാള്‍ വീറും വാശിയും നിറഞ്ഞ മത്സരങ്ങള്‍ വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ കാണാന്‍ സാധിച്ചേക്കും. കഴിഞ്ഞ ദിവസം നടന്ന ഏഴ് മത്സരങ്ങളും അതിന് ഉദാഹരണമാണ്.
ഒരിക്കല്‍പ്പോലും വണ്‍ സൈഡായി കളി മാറാറില്ല എന്നതാണ് വൈറ്റാലിറ്റി ബ്ലാസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ടി-20യുടെ വീറും വാശിയും നിറഞ്ഞ വമ്പന്‍ സ്‌കോറുകളും, ത്രില്ലിങ് ചെയ്‌സുകളും, ടി-20 റെക്കോഡുകളും, ലാസ്റ്റ് ബോള്‍ ഫിനിഷുകളുമെല്ലാം വൈറ്റാലിറ്റി ബ്ലാസ്റ്റിന്റെ ഈ സീസണില്‍ തന്നെ പലതവണ സംഭവിച്ചിട്ടുണ്ട്.