ലാല്‍ സാറിനെ കളിയാക്കാന്‍ അച്ഛന്‍ മനഃപൂര്‍വം ഉണ്ടാക്കിയ സിനിമയാണ് അതെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു: വിഷ്ണു വിനയ്
Entertainment
ലാല്‍ സാറിനെ കളിയാക്കാന്‍ അച്ഛന്‍ മനഃപൂര്‍വം ഉണ്ടാക്കിയ സിനിമയാണ് അതെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു: വിഷ്ണു വിനയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th November 2024, 5:53 pm

മലയാളസിനിമയില്‍ ഒരുപാട് പരീക്ഷണസിനിമകള്‍ ചെയ്ത സംവിധായകനാണ് വിനയന്‍. ആകാശഗംഗ, അത്ഭുതദ്വീപ്, വെള്ളിനക്ഷത്രം തുടങ്ങിയ ചിത്രങ്ങള്‍ വിനയന്റെ ധീരമായ പരീക്ഷണങ്ങളായിരുന്നു. വിനയന്റെ മകന്‍ വിഷ്ണു വിനയ്‌യും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. വിഷ്ണുവിന്റെ ഏറ്റവും പുതിയ ചിത്രമായ ആനന്ദ് ശ്രീബാല തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്.

വിനയനും മോഹന്‍ലാലും തമ്മില്‍ അടുത്തിടെ കണ്ട് സംസാരിച്ചിരുന്നെന്നും അവര്‍ രണ്ടുപേരും ഒന്നിക്കുന്ന ഒരു സിനിമ അധികം വൈകാതെ ഉണ്ടാകുമെന്നും വിഷ്ണു പറഞ്ഞു. എന്നാല്‍ ഇത്രയും കാലമായിട്ടും ഇരുവരും തമ്മില്‍ സിനിമയുണ്ടാകാത്തതിന്റെ കാരണം വിനയന്റെ ആദ്യ ചിത്രമായിരുന്നെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്റെ രൂപസാദൃശ്യമുള്ള മദന്‍ലാലിനെ നായകനാക്കി സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം സംവിധാന ചെയ്തുകൊണ്ടാണ് വിനയന്‍ സിനിമയിലേക്ക് കടന്നുവന്നത്.

എന്നാല്‍ ആ ചിത്രം മോഹന്‍ലാലിനെ മനഃപൂര്‍വം കളിയാക്കാന്‍ വേണ്ടി ചെയ്ത സിനിമയാണെന്ന് പലരും തെറ്റിദ്ധരിച്ചെന്നും അത് കാരണമാണ് വിനയനും മോഹന്‍ലാലും ഇത്രകാലം ഒന്നിക്കാത്തതെന്നും വിഷ്ണു പറഞ്ഞു. ഒരു സൂപ്പര്‍സ്റ്റാറിന്റെ രൂപസാദൃശ്യമുള്ള സാധാരണക്കാരന്‍ എന്ന ചിന്തയില്‍ നിന്നാണ് ആ സിനിമ ഉണ്ടായതെന്നും വേറെ ദുരുദ്ദേശമുണ്ടായിരുന്നില്ലെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.

മുകേഷിനെ വെച്ചാണ് ആ സിനിമ ഉദ്ദേശിച്ചതെന്നും എന്നാല്‍ അന്ന് അതിന് സാധിച്ചില്ലെന്നും വിഷ്ണു പറഞ്ഞു. അന്ന് വിനയന്റെ നാടകട്രൂപ്പില്‍ നിന്നാണ് ആ സിനിമയിലെ നായകനായ മദന്‍ലാലിനെ കണ്ടെത്തിതെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. അന്നത്തെ ആ സിനിമയെ ചുറ്റിപ്പറ്റി ഉണ്ടായ പ്രശ്‌നങ്ങള്‍ ഈയടുത്ത കാലത്ത് വരെ ഉണ്ടായിരുന്നെന്നും വിഷ്ണു പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു വിഷ്ണു വിനയ്.

‘ആ സിനിമ ലാല്‍ സാറിനെ ഉദ്ദേശിച്ച് ചെയ്തതല്ല. അച്ഛന്റെ മനസില്‍ പണ്ടേ അങ്ങനെയൊരു ചിന്തയുണ്ടായിരുന്നു. അതായത്, ഒരു സൂപ്പര്‍സ്റ്റാറിന്റെ രൂപസാദൃശ്യമുള്ള സാധരണക്കാരന്റെ കഥ എന്നതായിരുന്നു അച്ഛന്‍ ചിന്തിച്ചത്. അന്ന് മുകേഷിനെ വെച്ച് ചെയ്യാന്‍ ആലോചിക്കുകയും എന്നാല്‍ പിന്നീട് അത് നടക്കാതെ പോവുകയും ചെയ്തു.

അങ്ങനെയിരിക്കുമ്പോഴാണ് അച്ഛന്റെ നാടകട്രൂപ്പില്‍ നിന്ന് ആ സിനിമയില്‍ അഭിനയിച്ച നടനെ കിട്ടുന്നത്. ലാല്‍ സാറിനെ മനഃപൂര്‍വം കളിയാക്കാന്‍ വേണ്ടി അച്ഛന്‍ ചെയ്ത സിനിമയാണ് അതെന്ന് പലരും അന്ന് തെറ്റിദ്ധരിച്ചു. പക്ഷേ ഇപ്പോള്‍ അതൊക്കെ മാറി. ഈയടുത്ത് അമ്മ സംഘടനയുടെ ഓഫീസില്‍ അച്ഛനും ലാലേട്ടനും കണ്ട് സംസാരിച്ചിരുന്നു. അവര്‍ തമ്മില്‍ ഒരു പ്രൊജക്ട് മിക്കവാറും സംഭവിക്കും,’ വിഷ്ണു വിനയ് പറയുന്നു.

Content Highlight: Vishnu Vinay explains the misunderstanding happened between Vinayan and Mohanlal