നാദിര്‍ഷയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഇരുവരും തിരക്കഥാകൃത്തുക്കളായുള്ള ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ചിത്രം തിയേറ്ററുകളില്‍ വന്‍വിജയമായിരുന്നു.
അമര്‍ അക്ബര്‍ അന്തോണി എഴുതിയത് തനിക്കും ബിബിന്‍ ജോര്‍ജിനും നായകനായി അഭിനയിക്കാന്‍ വേണ്ടിയായിരുന്നെന്ന് പറയുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. എന്നാല്‍ സ്റ്റാര്‍ വാല്യുവും സാറ്റലൈറ്റ് വാല്യുവും ഇല്ലാതിരുന്നതിനാല്‍ പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനെയും ജയസൂര്യയെയും വെച്ച് സിനിമ എടുക്കുകയായിരുന്നെന്നും ഫ്ളവേഴ്സ് ഒരു കോടിയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.
‘ബി.സി നൗഫല്‍ എന്ന് പറഞ്ഞ ഒരാളുണ്ട്. അദ്ദേഹമാണ് ഞങ്ങളോട് പറഞ്ഞത്, ഒരു സ്‌ക്രിപ്റ്റ് എഴുത് അങ്ങനെയാണെങ്കില്‍ നിങ്ങളെ വെച്ച് ഞാന്‍ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്ന്. ഞങ്ങളെ അഭിനയിപ്പിക്കും എന്ന് പറഞ്ഞപ്പോഴാണ് എഴുതാമെന്ന് തീരുമാനിക്കുന്നത് തന്നെ. അങ്ങനെ ഞങ്ങള്‍ ഒരു സ്‌ക്രിപ്‌റ്റൊക്കെ എഴുതി. അതാണ് അമര്‍ അക്ബര്‍ അന്തോണി.
പിന്നെ നമുക്ക് സാറ്റലൈറ്റ് വാല്യു ഇല്ലെന്ന് പറഞ്ഞ് അത് നടന്നില്ല. സിനിമാനടന്‍ ഷാജോണ്‍ ചേട്ടനെ ഞങ്ങള്‍ സ്‌ക്രിപ്റ്റ് വായിച്ച് കേള്‍പ്പിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹമാണ് നാദിര്‍ഷയോട് ഞങ്ങളെ കുറിച്ച് പറയുന്നത്. ഇവന്മാരുടെ കയ്യില്‍ നല്ലൊരു സ്‌ക്രിപ്റ്റ് ഉണ്ടെന്ന് പറഞ്ഞു. നാദിര്‍ഷിക്ക കഥ കേട്ടുകഴിഞ്ഞപ്പോള്‍ എന്റെ ആദ്യത്തെ സിനിമ ഇതാണെന്ന് പറഞ്ഞു ഷേക്ക് ഹാന്‍ഡൊക്കെ തന്നു.
ആരെയാണ് നായകരാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഞങ്ങളെ തന്നെയാണെന്ന് പറഞ്ഞു. അപ്പോള്‍ നാദിര്‍ഷിക്ക, നമ്മുടെ വീട്ടുകാര്‍ മാത്രം സിനിമ കണ്ടാല്‍ പോരല്ലോ അതുകൊണ്ട് നമുക്ക് കുറച്ചുകൂടെ സ്റ്റാര്‍ വാല്യു ഉള്ളവരെ വെച്ചു ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയുമെല്ലാം അമര്‍ അക്ബര്‍ അന്തോണിയിലേക്ക് വരുന്നത്,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.
Content Highlight: Vishnu Unnikrishnan about his first film script and Amar Akbar Anthony movie