ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് വിശാഖ് നായര്‍. ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത കുപ്പിയായിരുന്നു ആനന്ദത്തിലെ ഏറ്റവും വലിയ പോസിറ്റീവ്. എന്നാല്‍ ആനന്ദത്തിന് ശേഷം വിശാഖിന് ലഭിച്ച കഥാപാത്രങ്ങള്‍ക്കെല്ലാം കുപ്പിയുടെ ഷേഡുണ്ടായിരുന്നു.
ആന അലറലോടലറല്‍ എന്ന ചിത്രത്തിലെ ആന പാപ്പാന്‍ മാത്രമാണ് ഇതില്‍ വ്യത്യസ്തമെന്ന് പറയാന്‍ കഴിയുന്ന വേഷം. നടന്‍ എന്നതിലുപരി കാസ്റ്റിങ് ഡയറക്ടറായി വിശാഖ് പിന്നീട് മലയാളസിനിമയുടെ ഭാഗമായി നിന്നു. ഇടയ്ക്ക് ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്യുന്ന വിശാഖിനെയാണ് പിന്നീട് കാണാന്‍ സാധിച്ചത്.
ബോളിവുഡിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ഇതിനിടയില്‍ വിശാഖിന് സാധിച്ചു. ഇന്ത്യന്‍ ക്രിക്കറ്റര്‍ മിതാലി രാജിന്റെ ബയോപ്പിക്കായ സബാഷ് മിഥുവിലൂടെയാണ് വിശാഖ് തന്റെ ബോളിവുഡ് എന്‍ട്രി നടത്തിയത്. പിന്നീട് ബോളിവുഡിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ വിശാഖിന് സാധിച്ചു. കങ്കണ റണാവത്ത് സംവിധാനം ചെയ്ത എമര്‍ജന്‍സിയില്‍ സഞ്ജയ് ഗാന്ധിയായി വേഷമിട്ടത് വിശാഖായിരുന്നു.
ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ തന്റെ പ്രകടനം കൊണ്ട് എല്ലാവരെയും ഞെട്ടിക്കാന്‍ വിശാഖിന് സാധിച്ചു. ഇന്റര്‍വെല്ലിനോടടുക്കുമ്പോഴാണ് വിശാഖിന്റെ കഥാപാത്രം സ്‌ക്രിനീലെത്തുന്നത്. ഇതുവരെ കാണാത്ത തരത്തിലുള്ള പെര്‍ഫോമന്‍സാണ് വിശാഖ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ കാഴചവെച്ചത്.
ലഹരിക്ക് അടിമപ്പെട്ട ക്രിസ്റ്റോ സാവിയോ ഈയടുത്ത് മലയാളത്തില്‍ വന്ന മികച്ച വില്ലന്മാരില്‍ ഒരാളാണ്. സിനിമ കാണുന്ന പ്രേക്ഷകന് ആ കഥാപാത്രത്തിനിട്ട് ഒന്ന് പൊട്ടിക്കാന്‍ തോന്നുന്ന തരത്തില്‍ പെര്‍ഫോം ചെയ്യാന്‍ വിശാഖിന് സാധിച്ചു. നോട്ടത്തിലും നടത്തത്തിലും ഒരു ജങ്കീയായി വിശാഖ് ജീവിക്കുകയായിരുന്നു. ചില സീനുകളിലെ ചിരി ഡാര്‍ക്ക് നൈറ്റ് എന്ന ചിത്രത്തിലെ ജോക്കറിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു.
നായകനെക്കാള്‍ വില്ലന്‍ ശക്തനാകുമ്പോഴാണ് ഒരു സിനിമ മികച്ചതാകുന്നത്. അത്തരത്തില്‍ ഈയടുത്ത് വന്ന മികച്ച ചിത്രങ്ങളിലൊന്നാണെന്ന് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെ പറയാന്‍ സാധിക്കും. ക്ലൈമാക്‌സിന് തൊട്ടുമുമ്പ് വരെ നായകന് ഒരുതരത്തിലും കീഴ്‌പ്പെടുത്താന്‍ സാധിക്കാത്ത വില്ലന്‍ സംഘവും അവരുടെ ചെയ്തികളും സിനിമയെ കൂടുതല്‍ എന്‍ഗേജിങ്ങാക്കി മാറ്റി.
കുപ്പിയില്‍ നിന്ന് ക്രിസ്റ്റിയിലേക്ക് എത്തുമ്പോള്‍ വിശാഖ് എന്ന നടന്‍ ഒരുപാട് വളര്‍ന്നിട്ടുണ്ടെന്ന് ഉറപ്പാണ്. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ തനിക്ക് സാധിക്കുമെന്ന് വിശാഖ് ഇതിനോടകം തെളിയിച്ചു. ഇനിയും ഇതുപോലുള്ള മികച്ച കഥാപാത്രങ്ങള്‍ വിശാഖിനെ തേടിയെത്തുമെന്ന് തന്നെയാണ് വിശ്വാസം.
Content Highlight: Vishak Nair’s performance in Officer on Duty movie