ഐ.സി.സി ഏകദിന വേള്‍ഡ് കപ്പ് 2023ലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗ്. ഇന്ത്യയടക്കം നാല് ടീമുകളാണ് അവസാന നാലിലെത്തുക എന്നാണ് സേവാഗ് പ്രവചിക്കുന്നത്.
ഇന്ത്യക്കൊപ്പം പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളെയാണ് സേവാഗ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനാണ് സേവാഗ് ലോകകപ്പ് ഫേവറിറ്റുകളായി വിലയിരുത്തുന്നത്.
സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പായതിനാല്‍ ഇന്ത്യക്ക് മൂന്നാം കിരീടം നേടാന്‍ സാധ്യതകളുണ്ടെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. ഐ.സി.സി വേള്‍ഡ് കപ്പിന്റെ ഷെഡ്യൂള്‍ ലോഞ്ചിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് വേണ്ടി ഇന്ത്യന്‍ ടീം എങ്ങനെയാണ് 2011 ലോകകപ്പ് നേടിയത്, അതുപോലെ വിരാട് കോഹ്‌ലിക്ക് വേണ്ടി 2023 ലോകകപ്പ് നേടാനുള്ള വികാരമായിരിക്കും രോഹിത് ശര്‍മയും സംഘത്തിനുമുണ്ടാവുകയെന്നും സേവാഗ് പറഞ്ഞു.
‘ഞങ്ങള്‍ ആ ലോകകപ്പ് (2011) ടെന്‍ഡുല്‍ക്കറിന് വേണ്ടിയാണ് കളിച്ചത്. ഞങ്ങള്‍ ആ ലോകകപ്പ് നേടിയിരുന്നുവെങ്കില്‍ സച്ചിന്‍ പാജിക്ക് അത് മികച്ച വിടവാങ്ങലാകുമായിരുന്നു. വിരാട് കോഹ്‌ലിയും ഇപ്പോള്‍ അതുപോലെയാണ്. എല്ലാവരും അവന് വേണ്ടി ലോകകപ്പ് നേടാന്‍ വേണ്ടിയാകും ശ്രമിക്കുന്നത്. അവനെപ്പോഴും അവന്റെ നൂറ് ശതമാനത്തിലധികം ടീമിന് വേണ്ടി നല്‍കുന്നവനാണ്,’ സേവാഗ് പറഞ്ഞു.
ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയും പാകിസ്ഥാനും അതീവ സമ്മര്‍ദത്തിലായിരിക്കും കളത്തിലിറങ്ങുന്നതെന്നും ആ സമ്മര്‍ദത്തെ മറികടക്കുന്നവര്‍ക്കായിരിക്കും മത്സരത്തില്‍ അപ്പര്‍ ഹാന്‍ഡ് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ അഞ്ചിനാണ് ഐ.സി.സി ഏകദിന വേള്‍ഡ് കപ്പിന് തുടക്കമാകുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് റണ്ണേഴ്‌സ് അപ്പായ ന്യൂസിലാന്‍ഡിനെ നേരിടും. കഴിഞ്ഞ ലോകകപ്പില്‍ തീര്‍ക്കാന്‍ ബാക്കിവെച്ച പല കണക്കുകള്‍ക്കും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം സാക്ഷിയാകുമെന്നുറപ്പാണ്.