ക്യാച്ച് വിട്ട് നാണംകെട്ട വിരാടിന് അതേ മത്സരത്തില്‍ ക്യാച്ചിങ്ങില്‍ ഇരട്ട റെക്കോഡ്... ചിരിച്ചും കരഞ്ഞും കിങ് കോഹ്‌ലി
Asia Cup
ക്യാച്ച് വിട്ട് നാണംകെട്ട വിരാടിന് അതേ മത്സരത്തില്‍ ക്യാച്ചിങ്ങില്‍ ഇരട്ട റെക്കോഡ്... ചിരിച്ചും കരഞ്ഞും കിങ് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th September 2023, 7:20 pm

 

ഇന്ത്യന്‍ ക്രിക്കറ്റിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യയുടെ ഫീല്‍ഡര്‍മാര്‍ തിങ്കളാഴ്ച പുറത്തെടുത്തത്. ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ നടന്ന മത്സരത്തില്‍ ക്യാച്ച് വിടാന്‍ മത്സരിച്ച ഇന്ത്യന്‍ ഫീല്‍ഡര്‍മാരായിരുന്നു പ്രധാന കാഴ്ച.

ജൂനിയര്‍, സീനിയര്‍ വ്യത്യാസമില്ലാതെ താരങ്ങള്‍ ക്യാച്ചുകള്‍ നിലത്തിട്ടുകൊണ്ടേയിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ സിംപിള്‍ ക്യാച്ചുകള്‍ പോലും കൈവിട്ടുകളയുകയായിരുന്നു.

ഇതില്‍ ഏറ്റവുമധികം വിമര്‍ശനമേല്‍ക്കേണ്ടി വന്നത് സീനിയര്‍ താരമായ വിരാടിന് തന്നെയാണ്. എന്നാല്‍ ആ ഡ്രോപ് ക്യാച്ചിന് പ്രായശ്ചിത്തം ചെയ്തത് മറ്റൊരു തകര്‍പ്പന്‍ ക്യാച്ചിലൂടെയായിരുന്നു. നേപ്പാള്‍ ഇന്നിങ്‌സിലെ നെടുംതൂണായ ആസിഫ് ഷെയ്ഖിനെ പുറത്താക്കാന്‍ താരമെടുത്ത ക്യാച്ചിന് കയ്യടികളുയരുകയാണ്.

മുഹമ്മദ് സിറാജ് എറിഞ്ഞ 30ാം ഓവറിലെ അഞ്ചാം പന്തിലാണ് വിരാടിന്റെ വണ്‍ ഹാന്‍ഡ് സ്റ്റണ്ണര്‍ ക്യാച്ച് പിറന്നത്. സിറാജിന്റെ പന്ത് ബാക്ക്ഫൂട്ടിലിറങ്ങി വിപ് ചെയ്യാന്‍ ശ്രമിച്ച ഷെയ്ഖിന് പിഴച്ചു. ലീഡിങ് എഡ്ജില്‍ ഉയര്‍ന്നുപൊങ്ങിയ പന്ത് വിരാട് തകര്‍പ്പന്‍ ക്യാച്ചിലൂടെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. പുറത്താകുമ്പോള്‍ 97 പന്തില്‍ 58 റണ്‍സായിരുന്നു ഷെയ്ഖിന്റെ സമ്പാദ്യം.

ഇതോടെ പല റെക്കോഡുകളും വിരാടിനെ തേടിയെത്തിയിരിക്കുകയാണ്. ഏകദിനത്തില്‍ ഏറ്റവുമധികം ക്യാച്ച് നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാമനായി ഉയര്‍ന്നാണ് വിരാട് റെക്കോഡിട്ടത്. വിരാടിന്റെ 143ാം ക്യാച്ചാണിത്. ഇതിന് പുറമെ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും വിരാടിനായി.

ഏകദിനത്തില്‍ ഏറ്റവുമധികം ക്യാച്ച് നേടിയ താരങ്ങള്‍

(താരം – രാജ്യം – മാച്ച് – ഇന്നിങ്‌സ് – ക്യാച്ച് – ഒരു മത്സരത്തില്‍ നേടിയ ഏറ്റവുമധികം ക്യാച്ച് എന്നീ ക്രമത്തില്‍)

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 448 – 443 – 218 – 4

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 375 – 372- 160 – 3

മുഹമ്മദ് അസറുദ്ദീന്‍ – ഇന്ത്യ – 334 – 332 – 156 – 4

വിരാട് കോഹ്‌ലി – ഇന്ത്യ – 277* – 274 – 143 – 3

റോസ് ടെയ്‌ലര്‍ – ന്യൂസിലാന്‍ഡ് – 236 – 232 – 142 – 4

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 463 – 456 – 140 – 4

ഇതിന് പുറമെ മള്‍ട്ടി നാഷണല്‍ ഇവന്റില്‍ 100 ക്യാച്ച് പൂര്‍ത്തിയാക്കാനും വിരാടിനായി.

അതേസമയം, മഴമൂലം നിര്‍ത്തി വെച്ച മത്സരം വീണ്ടും പുനരാംരഭിച്ചിരിക്കുകയാണ്. നിലവില്‍ 42 ഓവര്‍ പിന്നിടുമ്പോള്‍ 194 റണ്‍സിന് ഏഴ് വിക്കറ്റ് എവന്ന നിലയിലാണ് നേപ്പാള്‍.

ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാം എന്നിരിക്കെ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇരുവരും കളത്തിലിറങ്ങിയിരിക്കുന്നത്.

 

 

Content highlight: Virat kohli scripted 2 records in catching