35 റണ്‍സ് അകലെ ഇന്ത്യന്‍ സിംഹത്തെ കാത്തിരിക്കുന്നത് തകര്‍പ്പന്‍ റെക്കോഡ്; ആവേശത്തില്‍ ക്രിക്കറ്റ് ലോകം
Sports News
35 റണ്‍സ് അകലെ ഇന്ത്യന്‍ സിംഹത്തെ കാത്തിരിക്കുന്നത് തകര്‍പ്പന്‍ റെക്കോഡ്; ആവേശത്തില്‍ ക്രിക്കറ്റ് ലോകം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th September 2024, 7:51 am

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 376 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശ് 149 റണ്‍സിനും തകര്‍ന്നു.

തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 287 റണ്‍സ് നേടിയതോടെ 515 റണ്‍സ് വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മറികടക്കാനുണ്ടായിരുന്നത്. എന്നാല്‍ കടുവകള്‍ 234 റണ്‍സിന് പുറത്താവുകയായിരുന്നു. അതേസമയം ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് രണ്ടാം ടെസ്റ്റ്.

ഈ ടെസ്റ്റില്‍ വെറും 35 റണ്‍സ് നേടിയാല്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് തന്റെ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കരിയറില്‍ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കാന്‍ സാധിക്കും. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലുമായി വിരാടിന് 27,000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് മുന്നിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് ഇതുവരെ 114 മത്സരത്തിലെ 193 ഇന്നിങ്‌സില്‍ നിന്ന് 8871 റണ്‍സും ഏകദിനത്തിലെ 295 മത്സരത്തിലെ 283 ഇന്നിങ്‌സില്‍ നിന്ന് 13906 റണ്‍സും നേടിയിട്ടുണ്ട്. ടി-20 ഐയില്‍ 125 മത്സരത്തിലെ 117 ഇന്നിങ്‌സില്‍ നിന്ന് 4188 റണ്‍സും വിരാടിനുണ്ട്.

എന്നാല്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ആറ് റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 17 റണ്‍സുമാണ് വിരാടിന് നേടാന്‍ സാധിച്ചത്. പക്ഷെ വരാനിരിക്കുന്ന ടെസ്റ്റില്‍ വിരാട് വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

 

Content Highlight: Virat Kohli need 35 Runs To Complete 27000 Runs In International Record