ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. ഡിസംബര്‍ 14 മുതല്‍ 18 വരെ ഗാബയിലാണ് മത്സരം അരങ്ങേറുന്നത്. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും.
അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ പ്രതീക്ഷകള്‍ക്ക് വിപരിതമായി മോശം പ്രകടനമായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി കാഴ്ചവെച്ചത്. രണ്ട് ഇന്നിങ്‌സില്‍ 29 പന്തില്‍ രണ്ട് ഫോര്‍ അടക്കം 18 റണ്‍സാണ് താരം നേടിയത്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരുന്നു.
ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ബൗണ്ടറി സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് വിരാടിനെ തേടിയെത്തിയത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ ഇതിഹാസ താരങ്ങളായ വിരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷമണ്‍ എന്നിവരേയാണ് വിരാട് മറികടന്നത്. ഒന്നാം സ്ഥാനത്ത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡ് ലിസ്റ്റിലെ അധിപന്‍.
പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് റണ്‍സിന് പുറത്തായ വിരാട് രണ്ടാം ഇന്നിങ്‌സില്‍ 143 പന്തില്‍ നിന്ന് 100 റണ്‍സ് നേടി പുറത്താകാതെ മികച്ച തിരിച്ചുവരവാണ് നടത്തിയത്. അഡ്‌ലെയ്ഡില്‍ മങ്ങിയെങ്കിലും മൂന്നാം ടെസ്റ്റില്‍ വിരാട് കോഹ്‌ലി മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Virat Kohli In Great Record Achievement In Australian Test