പൃഥ്വി അങ്ങനെ ചെയ്യുമോ എന്ന് ഞാന്‍ വിചാരിച്ചു, പക്ഷേ അതുണ്ടായില്ല: വിപിന്‍ ദാസ്
Entertainment
പൃഥ്വി അങ്ങനെ ചെയ്യുമോ എന്ന് ഞാന്‍ വിചാരിച്ചു, പക്ഷേ അതുണ്ടായില്ല: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th May 2024, 9:58 pm

ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ വിപിന്‍ ദാസ്. രണ്ട് സംവിധായകരെ പ്രധാന വേഷങ്ങളില്‍ അഭിനയിപ്പിക്കുമ്പോള്‍ അവര്‍ ഒരിക്കലും സംവിധാനത്തില്‍ കൈ കടത്തിയിരുന്നില്ലെന്ന് വിപിന്‍ ദാസ് പറഞ്ഞു. ലൂസിഫര്‍ പോലൊരു വലിയ സിനിമ ചെയ്ത ശേഷം പൃഥ്വി ഈ സിനിമയിലേക്ക് വന്നപ്പോള്‍ സെറ്റിനെക്കുറിച്ചും ക്യാമറയുടെ പൊസിഷനെക്കുറിച്ചുമൊക്കെ ചോദിക്കുമോ എന്ന് ആലോചിച്ച് ടെന്‍ഷനടിച്ചുവെന്ന് വിപിന്‍ പറഞ്ഞു.

എന്നാല്‍ അതിനെല്ലാം വിപരീതമായാണ് പൃഥ്വി ചെയ്തതെന്നും താന്‍ അഭിനയിക്കേണ്ട ഭാഗം ഏതാണോ അതിനെക്കുറിച്ച് മാത്രമേ ചോദിക്കാറുള്ളൂവെന്നും വിപിന്‍ പറഞ്ഞു. ബേസിലിനോട് എന്തെങ്കിലും പറയുമ്പോള്‍ അവന് ഇഷ്ടമായില്ലെങ്കില്‍ അത് മുഖത്തുനോക്കി പറയാറുണ്ടായിരുന്നെന്നും എന്നാല്‍ പൃഥ്വി താന്‍ പറഞ്ഞതുപോലെ മാത്രമേ ചെയ്തുള്ളൂവെന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് വിപിന്‍ ഇക്കാര്യം പറഞ്ഞത്.

‘പൃഥ്വിയെയും ബേസിലിനെയും ഈ സിനിമയിലേക്ക് എത്തിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ ചെറിയൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. രണ്ട് പേരും വലിയ സിനിമകള്‍ ചെയ്ത സംവിധായകരാണല്ലോ എന്നായിരുന്നു ടെന്‍ഷന്‍. അതില്‍ തന്നെ രാജുവേട്ടന്‍ ആദ്യ ദിവസം സെറ്റില്‍ വന്നപ്പോള്‍ ചെറിയൊരു പേടിയുണ്ടായിരുന്നു. നമ്മള്‍ പറയുന്നത് ഇഷ്ടമാകാതെ എന്തെങ്കിലും സജഷന്‍ പറയുമോ എന്ന്.

പക്ഷേ അതെല്ലാം രാജുവേട്ടന്‍ തെറ്റിച്ചു. സെറ്റില്‍ എത്തി ഷോട്ടിന് സമയമായപ്പോഴാണ് പുള്ളി ഷൂട്ട് നടക്കുന്ന സ്‌പോട്ട് കണ്ടത്. അതിന് മുമ്പ് സ്‌പോട്ടിനെക്കുറിച്ചോ ലൈറ്റിങിനെക്കുറിച്ചോ ഒന്നും ചോദിച്ചില്ല. ഒരു ഡയറക്ടര്‍ എന്താണോ പറയുന്നത് അതിന്റെ അപ്പുറത്തേക്ക് പുള്ളി പോയിട്ടില്ല. ഏതെങ്കിലും ഒരു സീന്‍ നോക്കിയിട്ട്, ഇത് മാറ്റിപ്പിടിച്ചാലോ എന്നൊന്നും രാജുവേട്ടന്‍ പറഞ്ഞിട്ടില്ല. ബേസില്‍ അതുപോലെയല്ല, എന്തെങ്കിലും ഇഷ്ടമായില്ലെങ്കില്‍ അവന്‍ അത് അപ്പോള്‍ തന്നെ പറയുമായിരുന്നു. ഇതൊക്കെയായിരുന്നു സെറ്റിലെ അനുഭവങ്ങള്‍,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das saying that Prithviraj and Basil never involved in direction of Guruvayoor Ambalanadayil