ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം അല്‍ നസറിന്റെ പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് ബ്രസീലിന്റെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍. സ്പാനിഷ് മാഗസിനായ മാഡ്രിഡിസ്റ്റ റയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനി.
ഫുട്‌ബോളിലെ ഇതിഹാസങ്ങളുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ക്രിസ്റ്റ്യാനോക്ക് പുറമെ അദ്ദേഹം നെയ്മര്‍, സിനദിന്‍ സിദാന്‍, റൊണാള്‍ഡോ നസാരിയോ, ലൂക്ക മോഡ്രിച്ച് എന്നിവരുടെ പേരുകളും പറഞ്ഞു.
‘ഗോളടിക്കുന്ന കാര്യത്തില്‍ ക്രിസ്റ്റ്യാനോയെ കവച്ചുവെക്കാന്‍ ആരുമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ കുട്ടിക്കാലത്ത് മുറിയിലെ ചുവരുകളില്‍ നിറയെ അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ ഒട്ടിച്ചുവെക്കാറുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് എന്റെ ഐഡല്‍,’ വിനീഷ്യസ് പറഞ്ഞു.
സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലെത്തിയ ശേഷം കരിയറില്‍ 850 ഗോള്‍ നേടുന്ന ആദ്യ താരം എന്ന ഐതിഹാസിക നേട്ടം റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. സൗദി ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന റൊണാള്‍ഡോ 900 ഗോള്‍ എന്ന മാജിക്കല്‍ നമ്പറിന് തൊട്ടടുത്താണ്.
കരിയറില്‍ റയല്‍ മാഡ്രിഡിന് വേണ്ടിയാണ് റൊണാള്‍ഡോ ഏറ്റവുമധികം ഗോള്‍ നേടിയത്. ആകെ നേടിയ ഗോളുകളില്‍ പകുതിയിലധികവും ലോസ് ബ്ലാങ്കോസിന് വേണ്ടിയായിരുന്നു. 450 തവണയാണ് റൊണാള്‍ഡോ റയലിനായി എതിരാളികളുടെ വല കുലുക്കിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമുണ്ടായിരുന്ന രണ്ട് കാലഘട്ടങ്ങളിലുമായി 145 ഗോള്‍ നേടിയപ്പോള്‍ 123 ഗോളുകള്‍ പോര്‍ച്ചുഗീസ് നാഷണല്‍ ടീമിന് വേണ്ടിയായിരുന്നു സ്‌കോര്‍ ചെയ്തത്.
യുവന്റസിനായി 101 ഗോളുകള്‍ നേടിയ റൊണാള്‍ഡോ, താന്‍ കളിയടവ് പഠിച്ച ബോയ്ഹുഡ് ക്ലബ്ബായ സ്പോര്‍ട്ടിങ് ലിബ്സണിന് വേണ്ടി അഞ്ച് ഗോളാണ് സ്വന്തമാക്കിയത്.
അതേസമയം, റൊണാള്‍ഡോക്ക് പിന്നാലെ വിനീഷ്യസ് ജൂനിയറിനും സൗദിയില്‍ ചരിത്രം കുറിക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും താരം ആ വമ്പന്‍ ഓഫര്‍ നിരസിക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തേക്കായി ഒരു ബില്യണ്‍ യൂറോയുടെ കണ്ണുതള്ളുന്ന കരാറാണ് സൗദി വിനീഷ്യസിന് മുമ്പില്‍ വെച്ചത്.
എന്നാല്‍ കോടികള്‍ വെച്ചുനീട്ടിയിട്ടും ഈ ഓഫര്‍ റയല്‍ മാഡ്രിഡും വിനീഷ്യസ് ജൂനിയറും ഒരുപോലെ നിരസിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എല്‍ ചിരിംഗ്വിറ്റോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൗദി അറേബ്യയുടെ കായിക മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഒരു പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഡെലിഗേഷന്‍ ഗ്രൂപ്പ് ബ്രസീലിയന്‍ താരത്തെ സ്വന്തമാക്കാനായി നീക്കങ്ങള്‍ നടത്തിയെന്നാണ് ദി അത്‌ലറ്റിക്കിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
2034ല്‍ നടക്കുന്ന ഫിഫ ലോകകപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് സൗദി വിനീഷ്യസിനായി ഒരു ബില്യണിന്റെ ഓഫര്‍ മുമ്പോട്ട് വെച്ചിരിക്കുന്നത്. പക്ഷേ താരം ഈ ഓഫര്‍ നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
200 മില്യണ്‍ യൂറോയാണ് രണ്ടര വര്‍ഷത്തെ കരാറിനായി അല്‍ നസര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വേണ്ടി മുടക്കിയതെന്ന് അറിയുമ്പോഴാണ് വിനീഷ്യസിനായി സൗദി ഓഫര്‍ ചെയ്ത തുക എത്രത്തോളം വലുതാണെന്ന് വ്യക്തമാകുന്നത്.
Content Highlight: Vinicius Junior about Cristiano Ronaldo