Entertainment
വര്‍ഷങ്ങള്‍ക്ക് ശേഷം; അന്ന് എല്ലാവരും ചിരിച്ചതോടെ, അത്രയും മോശമാണോ എന്നാണ് ഷാന്‍ ചോദിച്ചത്: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 02, 10:30 am
Tuesday, 2nd April 2024, 4:00 pm

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തിന്റെ ടീസര്‍ പുറത്തു വന്നപ്പോള്‍ അത് ഏറെ ചര്‍ച്ചയായിരുന്നു. ടീസറില്‍ ഏറ്റവും ചര്‍ച്ചയായത് പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു.

ടീസറില്‍ താരമെത്തിയത് വ്യത്യസ്തമായ ഒരു ഗെറ്റപ്പിലായിരുന്നു. ഇതുവരെയുണ്ടായിരുന്ന പ്രണവിന്റെ ലുക്കായിരുന്നില്ല ഇതില്‍. ടീസറിന് ശേഷം വിന്റേജ് ലുക്കില്‍ വന്ന പ്രണവിനെ ആരാധകര്‍ മോഹന്‍ലാലുമായി താരതമ്യം ചെയ്തിരുന്നു.

ടീസറില്‍ ഏറെ ശ്രദ്ധേയമായ മറ്റൊരാള്‍ ഷാന്‍ റഹ്‌മാന്‍ ആയിരുന്നു. ഷാനും വ്യത്യസ്തമായ ലുക്കിലായിരുന്നു വന്നത്. അന്ന് മേക്കോവറിന്റെ ലുക്ക് ടെസ്റ്റ് കഴിഞ്ഞ് ഇറങ്ങി വന്ന ഷാന്‍ തങ്ങളോട് ചോദിച്ച ചോദ്യത്തിനെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്‍.

വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഷാനിനെ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ വളരെ വ്യത്യസ്തമായ ഒരു ലുക്കില്‍ കാണാന്‍ പറ്റുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ചിത്രത്തിനായി റോണക്സായിരുന്നു മേക്കപ്പ് ചെയ്തത്. ഷാനില്‍ റോണക്സിന്റെ വര്‍ക്ക് കഴിയുമ്പോള്‍ പുതിയ ഷാനിനെ കാണാന്‍ പറ്റുമെന്ന് എനിക്ക് അറിയാമായിരുന്നു.

പക്ഷേ ഷാനിന്റെ ഇങ്ങനെയുള്ള ലുക്ക് ഞാന്‍ പ്രതീക്ഷിച്ചില്ല. അന്ന് മേക്കോവറിന്റെ ലുക്ക് ടെസ്റ്റ് കഴിഞ്ഞ് ഷാന്‍ ഇറങ്ങി വന്നപ്പോള്‍ അവനെ കണ്ട ഉടനെ ഞങ്ങളൊക്കെ പൊട്ടിചിരിച്ചു. അത് കണ്ടിട്ട് എന്താടാ അത്രയും മോശമാണോ എന്നാണ് ഷാന്‍ ചോദിച്ചത്.

ഇല്ല, ഗംഭീരമായിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇതിനേക്കാള്‍ ഇനി നന്നാവാന്‍ ഇല്ലെന്നും ഞാന്‍ പറഞ്ഞു. സത്യത്തില്‍ ആ ലുക്ക് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.

പിന്നെ ഷാനിന്റെ കൂടെ ഞാന്‍ ഒരുപാട് സമയം ചെലവഴിച്ചിട്ടുള്ളത് കൊണ്ട് അവന് ചെയ്യാന്‍ പറ്റുന്ന കുറേ കാര്യങ്ങള്‍ എന്റെ തലയില്‍ ഉണ്ടായിരുന്നു. അത് ഈ കഥാപാത്രത്തിന് ചേരുന്നതായിരുന്നു. ആ കാര്യങ്ങള്‍ ഷാന്‍ സിനിമയില്‍ രസമായി ചെയ്തിട്ടുമുണ്ട്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Vineeth Sreenivasan Talks About Varshangalkku Shesham And Shan Rahman