നടനായി മലയാള സിനിമാ ലോകത്തേക്കെത്തി പിന്നീട് പാട്ടുകാരനായും സംവിധായകനായും ഒരു ബഹുമുഖ പ്രതിഭയായി തിളങ്ങുന്ന താരമാണ് പൃഥ്വിരാജ്. തന്നെ സൂപ്പര്‍ സ്റ്റാറാക്കിയ പുതിയ മുഖത്തിലാണ് പൃഥ്വിരാജ് ആദ്യമായി ഒരു പാട്ട് പാടിയതെന്നതും മറ്റൊരു യാദൃശ്ചികതയാവാം.
പൃഥ്വിരാജിനെ പോലെ തന്നെ സംവിധാന രംഗത്തും, അഭിനയത്തിനും പാട്ടിലും കൈവെച്ച കലാകാരനാണ് വിനീത് ശ്രീനിവാസന്‍. നീണ്ട ഇടവേളക്ക് ശേഷം വിനീത് സംവിധാനം ചെയ്ത ഹൃദയം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
സംഗീതത്തിന് പ്രാധാന്യം നല്‍കിയ ചിത്രത്തില്‍ 15 പാട്ടുകളാണുള്ളത്. ഇതില്‍ കാമ്പസ് ജീവിതം ആവിഷ്‌കരിക്കുന്ന ‘താതക തെയ്താരെ’ എന്ന പാട്ട് പാടിയത് പൃഥ്വിരാജായിരുന്നു. പൃഥ്വിരാജ് പാട്ട് പാടാനെത്തിയതിന് പിന്നിലെ കഥ പറയുകയാണ് വിനീത് ശ്രീനിവാസന്‍. ക്ലബ് എഫ്.എമ്മിനോടായിരുന്നു വിനീതിന്റെ പ്രതികരണം.
‘പൃഥ്വി പാടുമ്പോള്‍ ഒരെടുപ്പുണ്ടാവും. ‘കാണെ.. കാണെ'(പാടുന്നു) ഒരു സാധനം വരും. ‘നിന്നെ കണ്ട കടലലകള്‍ പോലെ’
ആ ‘നീ’ക്കൊക്കെ ഒരെടുപ്പുണ്ടാവും. ആ എടുപ്പ് എല്ലാവര്‍ക്കും കിട്ടൂല്ല. ആ ആറ്റിറ്റ്യൂഡ് നമുക്ക് വേണമെന്നുണ്ടായിരുന്നു. ‘താതതക തെയ്താരേ’അത് പൃഥ്വി പാടുമ്പോള്‍ അതിനൊരു ബേസുണ്ട്.
ആ ആറ്റിറ്റ്യൂഡ് , അത് വരും. ഒരു ഈസിനെസ് ഉണ്ട്. ഒരു പ്രോപ്പര്‍ സിംഗര്‍ പാടുന്ന രിതീയിയിലല്ല രാജു പാടുക. അങ്ങനെയാണ് അപ്രോച്ച് ചെയ്തത്,’ വിനീത് പറഞ്ഞു.
‘ഫോണ്‍ ചെയ്തതൊക്കെ രസമായിരുന്നു. ഫോണ്‍ വിളിച്ചിട്ട് ‘ഞാന്‍ കഥ പറയാനൊന്നും വിളിച്ചതല്ല. ഒരു പ്ലേ ബാക്ക് സിംഗറെ ആവശ്യമുണ്ട്. ഒരു പാട്ട് പാടി തരുമോ’ എന്ന് ചോദിച്ചു. പൃഥ്വി ഒറ്റ ചിരിയാരുന്നു,’ വിനീത് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹൃദയത്തെ പറ്റി മികച്ച പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്.
പ്രണവ് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ അരുണ്‍ നീലകണ്ഠന്റെ 18 വയസ് മുതലുള്ള ജീവിതമാണ് സിനിമയുടെ കഥാപരിസരം.
കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ മാറ്റിവെച്ചപ്പോഴും സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.
വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. അജു വര്‍ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിച്ചത്. മെറിലാന്‍ഡ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം.