Entertainment news
സുകുമാരി ചേച്ചി എന്റെ കാറിന്റെ മുന്‍ സീറ്റില്‍ ഇരിക്കുന്ന പോലെ തോന്നി: വിനീത് എന്നോട് പറഞ്ഞത് ഇങ്ങനെയാണ്; മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 27, 04:13 am
Friday, 27th May 2022, 9:43 am

മലയാള സിനിമ താരങ്ങളില്‍ കഥ പറഞ്ഞ് ഫലിപ്പിക്കാന്‍ മുകേഷിനോളം കഴിവുള്ള മറ്റൊരു താരം ഉണ്ടോ എന്നത് സംശയിക്കേണ്ട കാര്യമാണ്. തന്റെ സിനിമയിലെ സുഹൃത്തുക്കളെ പറ്റിയൊക്കെയുള്ള നിരവധി കഥകള്‍ മുകേഷ് പല വേദികളിലായി പറഞ്ഞിട്ടുണ്ട്.

2021 സെപ്റ്റംബറിലാണ് ‘മുകേഷ് സ്പീക്കിങ്’ എന്ന പേരില്‍ താരം യൂട്യൂബ് ചാനല്‍ ആരംഭിച്ച് കഥകള്‍ പറയാന്‍ തുടങ്ങിയത്. വളരെ രസകരമായി മുകേഷ് പറയുന്ന കഥകള്‍ പ്രേക്ഷകര്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറ്റെടുത്തിരുന്നു.

തന്റെ ചാനലിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്ന താരങ്ങളെ പറ്റി മുകേഷ് പല വീഡിയോകളിലും പറയാറുണ്ട്. അത്തരത്തില്‍ വീഡിയോ കണ്ട് അഭിനന്ദനം അറിയിച്ച വിനീത് ശ്രീനിവാസനെ പറ്റിയാണ് ഏറ്റവും പുതിയ വീഡിയോയില്‍ മുകേഷ് പറയുന്നത്.

‘അങ്കിളെ എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്. ചാനല്‍ തുടങ്ങിയ വിവരം ഞാന്‍ അറിഞ്ഞിരുന്നു. പക്ഷെ വീഡിയോ കാണാന്‍ കഴിഞ്ഞിരുന്നില്ല, ഇപ്പോള്‍ ഞാന്‍ കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയില്‍ കുറച്ച് വീഡിയോസ് കണ്ടു. അത് കണ്ട ശേഷം എനിക്ക് വിളിക്കാതെ ഇരിക്കാന്‍ സാധിച്ചില്ല. നമുക്ക് അറിയാവുന്ന ആളുകള്‍ നമ്മുടെ കണ്മുന്നിലേക്ക് വരുകായണല്ലോ.

സുകുമാരി ചേച്ചിയെ പറ്റിയുള്ള ഓര്‍മകള്‍ കേട്ടപ്പോള്‍ ശെരിക്കും സുകുമാരി ചേച്ചി എന്റെ കാറിന്റെ മുന്‍ സീറ്റില്‍ ഇരിക്കുന്ന പോലെ തോന്നി ഇത് വലിയൊരു പുണ്യ പ്രവര്‍ത്തിയാ; ഇതാണ് വിനീത് തന്നെ വിളിച്ച് പറഞ്ഞതെന്നാണ് മുകേഷ് പറയുന്നത്.

വിനീതിനൊപ്പം ദുല്‍ഖറും തന്നെ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു എന്നും മുകേഷ് വിഡിയോയില്‍ പറയുന്നു. മണിയന്‍ പിള്ള രാജുവുമായി ചേര്‍ന്ന് കഥ പറയുന്ന വീഡിയോയാണ് മുകേഷ് ഏറ്റവും പുതുതായി പങ്കുവെച്ചിരിക്കുന്നത്.

Content Highlights : Vineeth Sreenivasan remebered Sukumari while watching mukesh speaking