ധ്യാനും ബേസിലും കീരിയും പാമ്പും പോലെയാ; നിങ്ങൾ കണ്ടതിന്റെ മൂന്നിരട്ടിയായിരുന്നു അവിടെ: വിനീത് ശ്രീനിവാസൻ
Entertainment news
ധ്യാനും ബേസിലും കീരിയും പാമ്പും പോലെയാ; നിങ്ങൾ കണ്ടതിന്റെ മൂന്നിരട്ടിയായിരുന്നു അവിടെ: വിനീത് ശ്രീനിവാസൻ
എന്‍ ആര്‍ ഐ ഡെസ്ക്
Friday, 12th April 2024, 11:19 am

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിവിൻ പോളി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ഇവർക്ക് പുറമെ കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍, ബേസിൽ ജോസഫ് എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്.

ചിത്രത്തിന്റെ പ്രൊമോഷൻ ഇന്റർവ്യൂവിലൂടെ ബേസിൽ ജോസഫ്- ധ്യാൻ ശ്രീനിവാസൻ കോമ്പോ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഇവർ രണ്ട് പേരുടെയും സെറ്റിലെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ബേസിലും ധ്യാനും ഒന്നിക്കുന്ന ഒരു സിനിമ വന്നുകഴിഞ്ഞാൽ അടിപൊളി ആയിരിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് വിനീത് പറഞ്ഞു.

ജനങ്ങൾക്ക് ഇവരുടെ കോമ്പോ ഇഷ്ടമാണെന്നും എന്നാൽ മൂന്നാറിൽ ഷൂട്ട് ചെയ്തപ്പോഴാണ് താൻ ബേസിലും ധ്യാനിന്റെയും ഇടയിലുള്ള ബന്ധത്തെക്കുറിച്ച് കാണുന്നതെന്നും രണ്ടും കീരിയും പാമ്പും പോലെയാണെന്നും വിനീത് കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാനിപ്പോൾ ധ്യാനും ബേസിലും കൂടെയുള്ള ഒരു പടത്തിൽ വന്നുകഴിഞ്ഞാൽ അടിപൊളി ആയിരിക്കും എന്ന് തോന്നുന്നുണ്ട്. ജനങ്ങൾക്ക് അവരുടെ രണ്ടുപേരുടെയും കോമ്പിനേഷൻ വലിയ ഇഷ്ടമാണ്. ഞങ്ങൾ മൂന്നാർ ഷൂട്ട് ചെയ്തപ്പോഴാണ് ഇവര് തമ്മിലുള്ള കോമ്പോ ഞാൻ കാണുന്നത്. രണ്ടെണ്ണവും കീരിയും പാമ്പും പോലെയാണ്.

ഇപ്പോൾ ഇൻറർവ്യൂസ് ഒക്കെ വരുന്നതുകൊണ്ട് ആളുകൾക്ക് മനസിലാകും. ഇതിന്റെ മൂന്ന് ഇരട്ടിയാണ് ഞങ്ങൾ കണ്ടത്. ഇന്റർവ്യൂ ചെയ്യുമ്പോൾ ഇവർ മിനിമം ആൾക്കാരെ കാണുന്നുണ്ടല്ലോ എന്ന ഒരു ഡെക്കോറം കീപ് ചെയ്യുമല്ലോ. ഞങ്ങളുടെ ഇടയിൽ ആകുമ്പോൾ ലാംഗ്വേജിന് ഒക്കെ ഒരു പരിധി ഉണ്ടാവില്ല, നമ്മൾ മാത്രമുള്ള സമയത്ത് ട്രിപ്പിൾ ആണ്,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

ഏറെ നാളുകൾക്ക് ശേഷം വിനീതിനൊപ്പം നിവിൻ പോളിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അതിഥി വേഷത്തിലാണ് താരം പടത്തിൽ എത്തുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം നിർമിക്കുന്നത് വിശാഖ് സുബ്രഹ്മണ്യമാണ്. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള സംവിധായകനാണ് വിനീത് ശ്രീനിവാസൻ. ആ പതിവ് തെറ്റിച്ചിട്ടില്ല എന്നാണ് ചിത്രത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങിയവരുടെ പ്രതികരണം സൂചിപ്പിക്കുന്നത്.

Content Highlight: Vineeth sreenivasan about basil joseph and dhyan’s combo